എടിഎം സംവിധാനത്തില്‍ വന്‍ മാറ്റങ്ങള്‍ വരുന്നു
കൊച്ചി: രാജ്യത്തെ എടിഎം സംവിധാനത്തില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്ന പദ്ധതികള്‍ക്ക് മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി റാബി ശങ്കര്‍ തുടക്കം കുറിച്ചു. യുപിഐ ഇന്‍റര്‍ഓപ്പറബിള്‍ ക്യാഷ് ഡെപ്പോസിറ്റ് (യുപിഐ-ഐസിഡി), ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റ്സ് (ഡിബിയുഎസ്) എന്നിവ അടക്കമുള്ള പദ്ധതികളാണ് നാഷണല്‍ പെയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് തുടക്കം കുറിച്ചത്. യുപിഐ ഐസിഡി വഴി ഉപഭോക്താക്കള്‍ക്ക് ബാങ്കുകളുടേയും വൈറ്റ് ലേബല്‍ ഓപറേറ്റര്‍മാരുടേയും എടിഎമ്മുകളിലൂടെ കാര്‍ഡ് ഇല്ലാതെ തന്നെ തങ്ങളുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്കോ മറ്റ് ഏതെങ്കിലും ബാങ്ക് അക്കൗണ്ടുകളിലേക്കോ പണം നിക്ഷേപിക്കാനാവും. യുപിഐയുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍, വെര്‍ച്വല്‍ പെയ്മെന്‍റ് അഡ്രെസ്റ്റ് (വിപിഎ), അക്കൗണ്ട് ഐഎഫ്എസ്സി തുടങ്ങിയവയുടെ സഹായത്തോടെയാണ് പണം നിക്ഷേപിക്കാനാവുന്നതും പ്രക്രിയകള്‍ ലളിതമാക്കുന്നതും.