കുറഞ്ഞ ഓഹരികളും ചടുല നീക്കങ്ങളും; ഫോക്കസ്ഡ് ഫണ്ടുകള്‍ ശ്രദ്ധേയം

- ജയ്പ്രകാശ് തോഷ്‌നിവാള്‍
ഫണ്ട് മാനേജര്‍, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എഎംസി
വ്യക്തിഗത ലക്ഷ്യങ്ങളും റിസ്‌ക് നേരിടാനുള്ള കെല്‍പ്പുമനുസരിച്ച് അവസരങ്ങളുടെ ശരിയായ ചേരുവ കണ്ടെത്തുന്നതോടെയാണ് ഓരോ നിക്ഷേപകന്റേയും സമ്പാദ്യ യാത്ര ആരംഭിക്കുന്നത്. ചിലര്‍ സ്ഥിര നിക്ഷേപത്തിന്റെ വരുമാന സാധ്യതകള്‍ തെരഞ്ഞെടുക്കുമ്പോള്‍ മറ്റുള്ളവര്‍ ഓഹരികളുടെ വളര്‍ച്ചാ സാധ്യതയില്‍ ആകൃഷ്ടരാകുന്നു. വിപണിയുമായി ബന്ധപ്പെട്ടാണെങ്കിലും ഓഹരി നിക്ഷേപങ്ങള്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ ആകര്‍ഷകമാണ്. ഇങ്ങനെയുള്ള നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ഓഹരി അടിസ്ഥാനമാക്കിയുള്ള തന്ത്രങ്ങള്‍ കാലം ചെല്ലുമ്പോള്‍ സമ്പത്ത് സൃഷ്ടിക്കാനുള്ള ഏറ്റവും നല്ല വഴിയായിത്തീരുന്നു. ശക്തമായ ലാഭ സാധ്യതയുള്ള ഓഹരികളാണ് നിക്ഷേപകര്‍ക്ക് കൂടുതല്‍ ഇഷ്ടം. നേരിട്ട് ഓഹരികളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ മ്യൂച്വല്‍ ഫണ്ടുകളിലൂടെ നടത്തുന്ന നിക്ഷേപങ്ങളാണ് റിസ്‌കുകളെ മറി കടക്കാന്‍ ഏറ്റവും നല്ലത്. പല ഓഹരികളുടെ സങ്കരം നല്‍കുന്ന സാധ്യതകളും വിപണിയിലെ വളര്‍ച്ചാ സാധ്യതയും, സ്ഥായിയായ സമ്പത്തും ഭാവി സാധ്യതകളും ലക്ഷ്യം വെക്കുന്ന നിക്ഷേപകരെ സംബന്ധിച്ചേടത്തോളം കൂടുതല്‍ ഗുണകരമാണ്. കേന്ദ്രീകൃത ഫണ്ടുകള്‍ക്ക് (ഫോക്കസ്ഡ് ഫണ്ടുകള്‍) ഈ ലക്ഷ്യം കൈവരിയ്ക്കാന്‍ കൂടുതല്‍ സാധ്യതകളുണ്ട്. ഗുണ നിലവാരവും വളര്‍ച്ചാ സാധ്യതയുമുള്ള, പ്രത്യേകം തെരഞ്ഞെടുത്ത ഓഹരികളിലാണ് ഫോക്കസ്ഡ് ഫണ്ടുകള്‍ നിക്ഷേപിക്കുക. എണ്ണത്തേക്കാള്‍, ഗുണ നിലവാരത്തിന് ഊന്നല്‍ കൊടുത്താണ് നിക്ഷേപം. പല മേഖലകളില്‍, പല തീമുകളില്‍ വിപണിയുടെ ഗുണം പരമാവധി പ്രയോജനപ്പെടുത്തിയാവും ഇത്. ശക്തമായ അടിസ്ഥാന വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഓഹരികള്‍ തെരഞ്ഞെടുക്കുക. തീവ്രമായ ഗവേഷണത്തിനും വിശദമായ അപഗ്രഥനത്തിനും ശേഷമാകും ഫണ്ട് മാനേജര്‍മാര്‍ ഇത് നിര്‍വഹിക്കുക. ഇക്കാരണത്താല്‍ കറ തീര്‍ന്ന ഭദ്രതയുള്ള ഓഹരികള്‍ പോര്‍ട്‌ഫോളിയോയില്‍ ഇടം പിടിക്കും. . ഇത് ഓഹരികളുടെ പ്രകടനത്തിന് ശക്തമായ അടിത്തറ സൃഷ്ടിക്കും. അച്ചടക്കത്തില്‍ ഊന്നിയ, ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഫണ്ടുകളാണ് വര്‍ഷങ്ങളിലൂടെ സുസ്ഥിര ലാഭം ഉറപ്പു വരുത്താനുള്ള അവയുടെ കഴിവില്‍ നിക്ഷേപകര്‍ക്ക് വിശ്വാസം പകരുന്നത്. വിപണിയിലെ വ്യത്യസ്ത ഓഹരികളുടേയും വിവിധ മേഖലകളുടേയും ആനകൂല്യം ലഭിക്കുന്ന പോര്‍ട്‌ഫോളിയോ നിക്ഷേപകന് ഉപയോഗപ്പെടുത്താന്‍ ഈ തന്ത്രം വഴി വെക്കുന്നു. വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ കൈകാര്യം ചെയ്യാനും ഇത് സഹായകമാണ്. തെരഞ്ഞെടുക്കപ്പെട്ട ഓഹരികള്‍ മാത്രം കയ്യിലുള്ളപ്പോള്‍ , അവയില്‍ ഏറ്റവും മികച്ചത് തെരഞ്ഞെടുക്കാനുള്ള ഫണ്ട് മാനേജര്‍മാരുടെ വൈദഗ്ധ്യം ഇതില്‍ പ്രധാനമാണ്. ഫണ്ടിന്റെ നിക്ഷേപ ലക്ഷ്യത്തിനനുസരിച്ചായിരിക്കും ഇക്വിറ്റി ഫണ്ടുകളില്‍ ഓഹരികളുണ്ടാവുക. സെബിയുടെ നിര്‍ദ്ദേശമനുസരിച്ച് ഫോക്കസ്ഡ് ഫണ്ടുകളില്‍ പരമാവധി 30 ഓഹരികളേ ഉണ്ടാവൂ. ദീര്‍ഘ കാല സമ്പത്തുല്‍പാദനമാണ് ഇവയുടെ വ്യക്തമായ ലക്ഷ്യം. ഫോക്‌സ്ഡ് ഫണ്ടുകള്‍ ഇക്വിറ്റി ഫണ്ടുകള്‍ ആയതുകൊണ്ട് ആവശ്യമായ ഫലം സൃഷ്ടിക്കുന്നതിന് അവയ്ക്ക് കൂടുതല്‍ സമയം ആവശ്യമാണ്. കൂടുതല്‍ കാലത്തേക്ക് നിക്ഷേപം നില നിര്‍ത്താന്‍ സാധിക്കുന്നവര്‍ക്കാണ് ഈ ഫണ്ടുകള്‍ ഗുണകരമാവുക. കുറഞ്ഞത് 5 വര്‍ഷമെങ്കിലും നിക്ഷേപം നില നിര്‍ത്താന്‍ കഴിയുന്നവര്‍ക്കേ ഇതിന്റെ പ്രയോജനം ലഭിക്കൂ. ചില ഓഹരികളും മേഖലകളും കൂടുതല്‍ ലാഭം തരുന്ന വിപരീത സ്വഭാവം പ്രകടിപ്പിക്കുന്ന വിപണിയില്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഏറ്റവും കഴിയുക ഫോക്കസ്ഡ് ഫണ്ടുകള്‍ക്കാണ്. ചില പ്രത്യേക ഓഹരികള്‍ വിപണിയെ ചലിപ്പിക്കുന്ന സ്ഥിതി വിശേഷമാണിത്. ഫണ്ടില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഓഹരികള്‍ വിപണിയിലെ കുതിപ്പിന്റെ ഭാഗമാണെങ്കില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ ലാഭം കൊയ്യാന്‍ സാധിക്കും. കൂടിയ റിസ്‌ക് കൈകാര്യം ചെയ്യാന്‍ കെല്‍പുള്ള നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമാണ് ഫോക്കസ്ഡ് ഫണ്ടുകള്‍. തെരഞ്ഞെടുക്കപ്പെട്ട ഏതാനും ഓഹരികള്‍ മാത്രം പോര്‍ട്‌ഫോളിയോയില്‍ കൈകാര്യം ചെയ്യുന്നതാണ് റിസ്‌കിനു കാരണം. ഫണ്ട് മാനേജറുടെ അരിവും പരിചയസമ്പത്തുമാണ് വിജയത്തിന്റെ പ്രധാന ഘടകം. നിക്ഷേപത്തുക മുഴുവന്‍ 30 ഫണ്ടുകളില്‍ മാത്രമായി ഇടുന്നതിനാല്‍ ഓരോ ഓഹരിയിലും എത്ര നിക്ഷേപിക്കുന്നു എന്നതും നിര്‍ണ്ണായകമാണ്. ഒരു ഓഹരിയുടെ പ്രകടനം മോശമായാല്‍ പോലും അത് പരമാവധി നേട്ടം നല്‍കാനുള്ള ഫണ്ടിന്റെ കഴിവിനെ ബാധിക്കും. വളര്‍ച്ചോന്മുഖമായ ഓഹരികള്‍ തെരഞ്ഞെടുക്കുന്നതിലാണ് ഫോക്കസ്ഡ് ഫണ്ടുകളുടെ മര്‍മ്മം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ കൂടുതല്‍ കേന്ദ്രീകൃതമായ ഒരു സമീപനമാണ് ഫോക്കസ്ഡ് ഫണ്ടുകള്‍ നിക്ഷേപകരില്‍ നിന്നു പ്രതീക്ഷിക്കുന്നത്.
ഫോക്കസ്ഡ് ഫണ്ടുകള്‍
ശക്തമായ വളര്‍ച്ചാ സാധ്യതയും ഗുണ നിലവാരവുമുള്ള പരിമിതമായ ഒരു പറ്റം ഓഹരികള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഇക്വിറ്റി നിക്ഷേപത്തില്‍ കേന്ദ്രീകൃത സമീപനം സ്വീകരിക്കുന്നവയാണ് ഫോക്കസ്ഡ് ഫണ്ടുകള്‍. അനുകൂലമായ വിപണി സാഹചര്യങ്ങളില്‍ ഇത് മികച്ച ലാഭം നല്‍കുമെങ്കിലും, ഓഹരികള്‍ കേന്ദ്രീകതമാകുന്നതിന്റെ അപകടവും ഉണ്ട്. അതിനാല്‍ കൂടുതല്‍ റിസ്‌കെടുക്കാനുള്ള കെല്‍പും ദീര്‍ഘമായ നിക്ഷേപ കാലാവധിയുമുള്ളവര്‍ക്കാണ് ഏറ്റവും അനുയോജ്യം. ഏതു മ്യൂച്വല്‍ ഫണ്ടു നിക്ഷേപത്തിലും എന്നതു പോലെ, വ്യക്തികള്‍ നിക്ഷേപത്തിനു മുമ്പ് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളും, റിസ്്‌കെടുക്കാനുള്ള കെല്‍പ്പും വിലയിരുത്തി ഒരു ധനകാര്യ ഉപദേഷ്ടാവിന്റെ സേവനം തേടേണ്ടതാണ്. ബുദ്ധി പൂര്‍വം തെരഞ്ഞെടുത്താല്‍ ഫോക്കസ്ഡ് ഫണ്ടുകള്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സ്വരൂപിക്കാന്‍ ലക്ഷ്യമിടുന്ന വൈവിധ്യവല്‍ക്കരിക്കപ്പെട്ട പോര്‍ട്‌ഫോളിയോയിലെ ഒരു മൂല്യമേറിയ ഘടകമായിരിക്കും.
(മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കു വിധേയമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേകകളും സശ്രദ്ധം വായിക്കുക)