ഫരീദാബാദില്‍ അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: ഫരീദാബാദില്‍ അത്യാധുനിക അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹര്‍ ലാല്‍, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, കേന്ദ്രമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജാര്‍, മാതാ അമൃതാനന്ദമയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്യം അമൃതകാലത്തിലേക്കു പ്രവേശിക്കുന്ന ഈ വേളയിൽ കൂട്ടായ അഭിലാഷങ്ങളും ദൃഢനിശ്ചയങ്ങളും രൂപപ്പെടുമ്പോള്‍, രാജ്യത്തിനു മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹം ലഭിക്കുന്നതു ഭാഗ്യമാണെന്നു ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. ആധുനികതയുടെയും ആത്മീയതയുടെയും സമന്വയമാണ് ഈ ആശുപത്രിയെന്നും നിര്‍ധനരായ രോഗികള്‍ക്ക് താങ്ങാനാകുന്ന ചികിത്സ ഇവിടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”അമ്മ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂര്‍ത്തീഭാവമാണ്. അവർ ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന്റെ വാഹകയാണ്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സേവനത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും മഹത്തായ പാരമ്പര്യത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു, ഇവിടെ ആരോഗ്യവും ആത്മീയതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നമുക്ക് വൈദ്യശാസ്ത്രം ഒരു വേദമാണ്. നമ്മുടെ വൈദ്യശാസ്ത്രത്തിന് ആയുര്‍വേദമെന്ന പേരും നാം നല്‍കിയിട്ടുണ്ട്. നൂറ്റാണ്ടുകളായിയുള്ള അടിമത്തത്തിന്റെ ദുഷ്‌കരമായ കാലഘട്ടത്തിലും ആത്മീയവും സേവനപരവുമായ പൈതൃകം വിസ്മൃതിയിലാണ്ടുപോകാന്‍ ഇന്ത്യ അനുവദിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി സദസിനെ ഓര്‍മ്മിപ്പിച്ചു.
മാതാ അമൃതാനന്ദമയിയെപ്പോലുള്ള സന്ന്യാസിമാരുടെ രൂപത്തിലുള്ള ആത്മീയ ഊർജം രാജ്യത്തിന്റെ എല്ലാ കോണുകളിലും എപ്പോഴും വ്യാപിച്ചുകിടക്കുന്നത് രാജ്യത്തിന്റെ ഭാഗ്യമായി അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ മത-സാമൂഹിക സ്ഥാപനങ്ങള്‍ വിദ്യാഭ്യാസം, വൈദ്യം എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്ന ഈ സംവിധാനം ഒരു തരത്തില്‍ പഴയ കാലത്തെ പിപിപി മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. “ഇതു പൊതു-സ്വകാര്യ പങ്കാളിത്തം എന്നാണ് അറിയപ്പെടുന്നത്. പക്ഷേ ഞാന്‍ അതിനെ ‘പരസ്പര സഹകരണം’ എന്നാണു നോക്കിക്കാണുന്നത്”- പ്രധാനമന്ത്രി പറഞ്ഞു. മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനെക്കുറിച്ച് മുമ്പ് ചിലര്‍ അഴിച്ചുവിട്ട പ്രചാരണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. സമൂഹത്തില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ സമൂഹത്തിലെ മതനേതാക്കളും ആത്മീയ ആചാര്യന്മാരും ഒത്തുചേര്‍ന്ന് കിംവദന്തികള്‍ക്ക് ചെവികൊടുക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ ഫലം ഉടനടി ഉണ്ടായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മറ്റ് രാജ്യങ്ങളില്‍ കാണുന്ന തരത്തിലുള്ള വാക്‌സിന്‍വിമുഖത ഇന്ത്യ നേരിട്ടിട്ടില്ല.
നേരത്തെ, ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽ നിന്നു രാജ്യത്തെ അഭിസംബോധന ചെയ്ത കാര്യങ്ങളെ അനുസ്മരിച്ച പ്രധാനമന്ത്രി, അമൃതകാലത്തിലെ അഞ്ച് പ്രതിജ്ഞകളുടെ കാര്യവും വിവരിച്ചു.ഈ അഞ്ച് ശപഥങ്ങളില്‍ ഒന്ന് (പ്രാൺ) അടിമത്തമനോഭാവത്തിന്റെ സമ്പൂര്‍ണ ത്യാഗമാണെന്ന് ചൂണ്ടിക്കാട്ടി. ഈ സമയത്ത് രാജ്യത്ത് ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ചിന്താഗതി ഉപേക്ഷിക്കുമ്പോള്‍, നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ദിശയും മാറുന്നു- പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പരമ്പരാഗത അറിവില്‍ വിശ്വാസം വളരുന്നതിനാല്‍ ഈ മാറ്റം രാജ്യത്തിന്റെ ആരോഗ്യ പരിപാലന സംവിധാനത്തില്‍ ദൃശ്യമാണെന്നും അദ്ദേഹം തുടര്‍ന്നു. യോഗയ്ക്ക് ഇന്ന് ആഗോള സ്വീകാര്യതയുണ്ട്. ലോകം അടുത്ത വര്‍ഷം അന്താരാഷ്ട്ര തിന വര്‍ഷം ആഘോഷിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് എല്ലാ വീടുകളിലും കുടിവെള്ളപൈപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യത്തെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാനയെന്നു പറഞ്ഞാണു പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. ബേഠി ബച്ചാവോ, ബേഠി പഠാവോ ക്യാമ്പെയ്നിലെ മികച്ച സംഭാവനകള്‍ക്ക് ഹരിയാനയിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കായികക്ഷമത, കായികരംഗം തുടങ്ങിയ വിഷയങ്ങള്‍ ഹരിയാനയുടെ സംസ്കാരത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) ആധുനിക മെഡിക്കല്‍ അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യതയ്ക്ക് ഉത്തേജനം ലഭിക്കും. മാതാ അമൃതാനന്ദമയി മഠം നിയന്ത്രിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 2600 കിടക്കകളുണ്ട്. 6000 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആശുപത്രി ഫരീദാബാദിലെയും എന്‍സിആര്‍ മേഖലയിലെയും ജനങ്ങള്‍ക്ക് അത്യാധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ നൽകും.