ബയോടെക് ഗവേഷണത്തിനായി ആര്‍ജിസിബിയും അമൃത വിശ്വവിദ്യാപീഠവും ഒരുമിക്കുന്നു
തിരുവനന്തപുരം: ബയോടെക്നോളജിയിലെയും അനുബന്ധ മേഖലകളിലെയും ഗവേഷണം, വിദ്യാഭ്യാസ സംരംഭങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായി ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സില്‍-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) അമൃത വിശ്വവിദ്യാപീഠത്തിന്‍റെ സ്കൂള്‍ ഓഫ് ബയോടെക്നോളജി, സ്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് എന്നിവയുമായി പങ്കാളിത്തത്തില്‍. കാന്‍സര്‍, പകര്‍ച്ചവ്യാധികള്‍, ന്യൂറോബയോളജി തുടങ്ങിയ പ്രധാന മേഖലകളില്‍ ഇരുസ്ഥാപനങ്ങളും സംയുക്ത ഗവേഷണങ്ങളില്‍ ഏര്‍പ്പെടും. അഞ്ചുവര്‍ഷത്തേക്കാണ് പങ്കാളിത്തം. ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണയും അമൃത വിശ്വവിദ്യാപീഠത്തിലെ സ്കൂള്‍ ഓഫ് ബയോടെക്നോളജി ഡീന്‍ പ്രൊഫ.ബിപിന്‍ നായരും ആര്‍ജിസിബി കാമ്പസില്‍ വച്ച് ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഫാക്കല്‍റ്റി എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍, കോ-ഓപ്പറേറ്റീവ് സെമിനാറുകള്‍, ഗവേഷണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ധാരണാപത്രത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ശാസ്ത്ര പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിനായി ചലനാത്മകമായ അക്കാദമിക് അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതാണ് ഈ പങ്കാളിത്തം.