ഒഡീഷ ട്രെയിൻ അപകടം ദുരിതാശ്വാസ സഹായവുമായി റിലയൻസ് ഫൗണ്ടേഷൻ
മുംബൈ: പരിക്കേറ്റവർക്ക് സൗജന്യ മരുന്നുകൾ, അപകടത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് ചികിത്സ, ആംബുലൻസുകൾക്ക് ജിയോ-ബിപി നെറ്റ്‌വർക്ക് വഴി സൗജന്യ ഇന്ധനം, ദുരന്ത ബാധിത കുടുംബങ്ങൾക്ക് അടുത്ത ആറ് മാസത്തേക്ക് സൗജന്യ റേഷൻ, കൗൺസിലിംഗ് സേവനങ്ങൾ, മരണപ്പെട്ടയാളുടെ ഒരു കുടുംബാംഗത്തിന് ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവയിൽ തൊഴിലവസരങ്ങൾ, വികലാംഗർക്ക് വീൽചെയറുകൾ, കൃത്രിമ കൈകാലുകൾ എന്നിവയുൾപ്പെടെയുള്ള സഹായം, പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് വിദഗ്ധ നൈപുണ്യ പരിശീലനം, വരുമാനമുള്ള ഏക കുടുംബാംഗത്തെ നഷ്ടപ്പെട്ട സ്ത്രീകൾക്ക് മൈക്രോഫിനാൻസും പരിശീലന അവസരങ്ങളും, അപകടത്തിൽപ്പെട്ട ഗ്രാമീണ കുടുംബങ്ങൾക്ക് ഉപജീവന സഹായമായി കന്നുകാലികളെ നൽകുക, ഉപജീവനമാർഗം പുനർനിർമ്മിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിന് ഒരു വർഷത്തേക്ക് ഒരു കുടുംബാംഗത്തിന് സൗജന്യ മൊബൈൽ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടുന്ന സഹായങ്ങളാണ് റിലയൻസ് ഫൗണ്ടേഷൻ നൽകുക.
” ഒഡീഷ ട്രെയിൻ അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് റിലയൻസ് ഫൗണ്ടേഷന്റെ പേരിൽ അനുശോചനം അറിയിക്കുന്നു” എന്ന് റിലയൻസ് ഫൗണ്ടേഷൻ ഫൗണ്ടർ ആൻഡ് ചെയർപേഴ്‌സൺ നിത അംബാനി പറഞ്ഞു. “അപകടത്തെക്കുറിച്ച് അറിഞ്ഞയുടൻ രക്ഷാപ്രവർത്തനം സുഗമമാക്കാൻ ഞങ്ങളുടെ ദുരന്ത നിവാരണ സംഘത്തെ ഉടൻ വിന്യസിച്ചിരുന്നു. ദുരന്തം മൂലമുണ്ടായ ദുരിതങ്ങൾ നമുക്ക് പഴയപടിയാക്കാൻ കഴിയില്ലെങ്കിലും, അവരെ സഹായിക്കാനും കുടുംബങ്ങളുടെ പുനരധിവാസത്തിനും വേണ്ടി ഞങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യും”, നിത അംബാനി കൂട്ടിച്ചേർത്തു.