November 20, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എഐ അധിഷ്ഠിത ‘മെമ്മോ’ പ്‌ളാറ്റ്‌ഫോമുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്

1 min read

കൊച്ചി: ആഗോള സംരംഭങ്ങള്‍ക്ക് കരുത്തേകാന്‍ എഐ അധിഷ്ഠിത ‘മെമ്മോ’ പ്‌ളാറ്റ്‌ഫോം പുറത്തിറക്കി കൊച്ചിയിലെ തദ്ദേശീയ സോഫ്ട്‌വെയര്‍ ടീമായ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്. എഐ അധിഷ്ഠിത ഇന്റലിജന്റ് ഓട്ടോമേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ മുന്‍നിര 60 പ്രൊഫഷണല്‍ സര്‍വീസ് ടീമുകളില്‍ ഒന്നെന്ന ബഹുമതി സ്വന്തമാക്കി മുന്നേറുകയാണ് ഇതിനു പിന്നിലുള്ള 15 ഓട്ടോമേഷന്‍ എഞ്ചിനീയര്‍മാരടങ്ങുന്ന സംഘം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമേരിക്കയിലും യൂറോപ്പിലുമായി 300 ലധികം എന്റര്‍പ്രൈസ് ഓട്ടോമേഷന്‍ സൊല്യൂഷനുകളും ആഗോളതലത്തില്‍ 250-ലേറെ ക്ലയന്റുകള്‍ക്ക് സേവനങ്ങളും ഈ ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങള്‍ക്ക് എഐയുടെ കരുത്ത് ഉപയോഗിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഈ ചെറുസംഘം നിര്‍ണായക പങ്ക് വഹിക്കുന്നു. ഇതിലൂടെ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ് മള്‍ട്ടി-ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മറ്റുള്ള കമ്പനികളെ പിന്തള്ളി മേഖലയിലെ മികച്ച 60 പ്രൊഫഷണല്‍ സര്‍വീസ് പാര്‍ട്ണര്‍മാരില്‍ ഒരാളെന്ന ബഹുമതി കരസ്ഥമാക്കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ ഓഫീസുള്ള കമ്പനി, വിപുലീകരണത്തിന്റെ ഭാഗമായി നാസ്ഡാക് (എന്‍ എ എസ് ഡി എ ക്യു) ഗ്രോത്ത് മാര്‍ക്കറ്റുകളില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള കൊച്ചി ആസ്ഥാനമായ ആദ്യ എഐ ഉത്പന്ന കമ്പനിയാകാന്‍ ലക്ഷ്യമിടുന്നു. വളര്‍ച്ചാ മൂലധനം ഉറപ്പാക്കുന്നതിനായി മറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റുകളെയും പരിഗണിക്കുന്നതായും 2025 അവസാനത്തോടെ ഒരു മില്യണ്‍ ഡോളറിലധികം ആനുവല്‍ റിക്കറിങ് റവന്യൂ സ്വന്തമാക്കുന്നതിന് വേണ്ടിയുള്ള ഉപഭോക്തൃ സമാഹരണം യൂറോപ്യന്‍ യൂണിയന്‍, യുഎസ് വിപണികളില്‍ കൂടി ശക്തമാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും സിഇഒ ആരോമല്‍ ജയരാജ് ഷിക്കി പറഞ്ഞു. കമ്പനി ഇപ്പോള്‍ ലഘുവായതും കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുന്നതുമായ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) എന്ന ഫ്രെയിംവര്‍ക്ക് അവതരിപ്പിക്കുന്നു. ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് എഐ സഹായത്തോടെ മനുഷ്യസാന്നിധ്യം ഇല്ലാതെ തന്നെ ചെലവ് കുറഞ്ഞ ബിപിഒ കള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. എഐ അധിഷ്ഠിത ഡിജിറ്റല്‍ സേവനങ്ങള്‍ സുഗമമാക്കുന്നതിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇതുവഴി സാധിക്കുമെന്നതാണ് വിപ്ലവകരമായ നേട്ടം. ഇത് പൂര്‍ണ്ണമായും സൗജന്യമാണന്നതാണ് മറ്റൊരു പ്രത്യേകത.  ഉയര്‍ന്ന സാമ്പത്തിക നിക്ഷേപം ആവശ്യമുള്ള പരമ്പരാഗത എഐ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ് തങ്ങളുടെ സാങ്കേതികവിദ്യ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വരെ സൗജന്യമായി ലഭ്യമാക്കുന്നു. ചെലവേറിയതും സങ്കീര്‍ണ്ണവുമായ എഐ സൊല്യൂഷനുകള്‍ നിറഞ്ഞ വ്യവസായത്തില്‍ ഓട്ടോമേഷനിലൂടെ പരിവര്‍ത്തനം സൃഷ്ടിക്കുക എന്ന വ്യക്തമായ കാഴ്ചപ്പാടോടു കൂടിയാണ് കമ്പനി യാത്ര തുടങ്ങിയതെന്ന് സിഇഒ പറഞ്ഞു. എല്ലാ സ്ഥാപനങ്ങള്‍ക്കും എഐ അധിഷ്ഠിത ഡിജിറ്റല്‍ മാറ്റത്തിന്റെ ഗുണം ലഭിക്കണം എന്നതാണ് കമ്പനിയുടെ ലക്ഷ്യം. വലിയ ചെലവില്ലാതെ തന്നെ ഇന്റലിജന്റ് ഓട്ടോമേഷന്‍ ഉപയോഗിക്കാനാകണം. സഹായം ആവശ്യമുള്ളപ്പോള്‍ സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലുള്ള സപ്പോര്‍ട്ട് മോഡല്‍ നല്‍കാനാണ് ശ്രമം. ഇതുവഴി കമ്പനികള്‍ക്ക് വിദഗ്ധരുടെ പിന്തുണ ലഭിക്കും. വന്‍കിട കോര്‍പ്പറേറ്റുകളുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്ത് എഐ നവീകരണം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന കാഴ്ചപ്പാടാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ചട്ടക്കൂടിന്റെ സഹായത്തോടെ സ്ഥാപനങ്ങള്‍ക്ക് എഐ അധിഷ്ഠിത കോ-വര്‍ക്കേഴ്‌സിനെ വിന്യസിക്കുന്നതിനും ടെസ്റ്റ് ചെയ്യുന്നതിനും സാധിക്കുന്നു. സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യുന്നതിനും ആവര്‍ത്തന ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനും പുറമേ, ഉപഭോക്തൃ സേവനം, ലോജിസ്റ്റിക്‌സ്, ഇന്റേണല്‍ ഓപ്പറേഷന്‍സ് എന്നിവ കാര്യക്ഷമമാക്കാനും സാധിക്കും. സൗജന്യമായി ഉപയോഗിക്കാവുന്ന എജിഐ ഫ്രെയിംവര്‍ക്കും സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലുള്ള വരുമാന മാതൃകയും ചേര്‍ന്ന് ലോകമെമ്പാടുമുള്ള സംരംഭങ്ങള്‍ക്ക് വേഗത്തില്‍ സ്വീകരിക്കുന്ന ഒരു സാങ്കേതിക പരിഹാരമായി മാറുമെന്നാണ് പ്രതീക്ഷ. എല്ലാവര്‍ക്കും വിജയം സാധ്യമാക്കാന്‍ കഴിയുമ്പോഴാണ് എഐ വാണിജ്യവത്കരണത്തിന് പുതിയ തുടക്കം കുറിക്കാനാകുന്നത്. ചെറിയ സംഘമായി തുടങ്ങി ആഗോള തലത്തില്‍ തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഈ ടീമിന്റെ വിജയം സാങ്കേതിക മികവിനും ദൃഢനിശ്ചയത്തിനും ധീരമായ കാഴ്ചപ്പാടിനുമുള്ള അംഗീകാരം കൂടിയാണ്.

  വലിയ സമ്പത്തിനായി 'ചെറിയ' മാതൃക
Maintained By : Studio3