പാംഗോങില്‍ സൈനിക പിന്മാറ്റത്തിന് ധാരണ
1 min readന്യൂഡെല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ നിര്‍ണായക വഴിത്തിരിവ്. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന്‍റെ വടക്ക്, തെക്ക് തീരങ്ങളില്‍നിന്നുള്ള സൈനികപിന്‍മാറ്റം സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
ചൈനീസ് സൈനികര്‍ ഫിംഗര്‍ 8 ലേക്ക് മടങ്ങും, ഇന്ത്യന്‍ സൈനികര്‍ പാംഗോങ് സോയുടെ വടക്കന്‍ കരയിലെ ഫിംഗര്‍ 2 നും 3 നും ഇടയിലുള്ള ധന്‍ സിംഗ് താപ്പ പോസ്റ്റിലേക്ക് തിരിച്ചുപോകും. പരമ്പരാഗത പ്രദേശങ്ങളിലേക്ക് പട്രോളിംഗ് ഉള്‍പ്പെടെയുള്ള സൈനിക പ്രവര്‍ത്തനങ്ങളില്‍ താല്‍ക്കാലിക മൊറട്ടോറിയം ഏര്‍പ്പെടുത്തുമെന്നും സിംഗ് രാജ്യസഭയില്‍ പറഞ്ഞു. ധാരണയനുസരിച്ച് ഏപ്രിലിനുശേഷമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇരു രാജ്യങ്ങളും നീക്കും. സൈന്യത്തെ ഘട്ടംഘട്ടമായാകും പിന്‍വലിക്കുകയെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
ധാരണയനുസരിച്ച് ഫിംഗര്‍ മൂന്നിനും എട്ടിനും ഇടയിലുള്ള പ്രദേശം പെട്രോളിംഗ് രഹിത മേഖലയായിരിക്കും. നയതന്ത്ര, സൈനിക ചര്‍ച്ചകളില്‍ തീരുമാനമാകുന്നതനുസരിച്ചാകും ഇവിടെ പെട്രോളിംഗ് പുനരാരംഭിക്കുന്നത്. ഫിംഗര്‍ 8 ന് കിഴക്ക് നോര്‍ത്ത് ബാങ്ക് പ്രദേശത്ത് ചൈനീസ് സൈന്യം തങ്ങളുടെ സൈനിക സാന്നിധ്യം നിലനിര്‍ത്തുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സൈനികര്‍ ഫിംഗര്‍ 3 ന് സമീപമുള്ള ധന്‍ സിംഗ് താപ്പ പോസ്റ്റിലെ സ്ഥിര താവളത്തിലുമുണ്ടാകും. ഈ തകരാറിന്‍റ നടപ്പാക്കല്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.
കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ മറ്റ് ചില സ്ഥലങ്ങളിലെ വിന്യസിക്കല്‍, പട്രോളിംഗ് എന്നിവയുമായി ബന്ധപ്പെട്ട് ഇനിയും ചില പ്രശ്നങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് ഭാഗവുമായി കൂടുതല്‍ ചര്‍ച്ചകള്‍ ഇതിനായി വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇപ്പോള്‍, ചൈനീസ് ഭാഗവും നമ്മുടെ തീരുമാനത്തെക്കുറിച്ച് പൂര്‍ണമായി ബോധവാന്മാരാണ്. അതിനാല്‍ അവശേഷിക്കുന്ന ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബെയ്ജിംഗ് നമ്മോടൊപ്പം ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ,’ അദ്ദേഹം പറഞ്ഞു.