November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയുടെ വികസനത്തിനായി എളിയ സംഭാവനകള്‍ നല്‍കാനുള്ള പ്രതിബദ്ധത അചഞ്ചലമായി തുടരും: ഗൗതം അദാനി

1 min read

അദാനി ഗ്രൂപ്പ് നേരിട്ട സമാനതകളില്ലാത്ത ആക്രമണത്തെ കുറിച്ചു ഗ്രൂപ്പ് ചെയര്‍മാൻ ഗൗതം അദാനി എഴുതുന്നു:

“കൃത്യം ഒരു വര്‍ഷം മുന്‍പ് 2023 ജനുവരി 25-ന് പ്രഭാത ഭക്ഷണ വേളയിലാണ് ന്യൂയോര്‍ക്കിലെ ഒരു ഷോര്‍ട്ട് സെല്ലര്‍ അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങളുടെ ഒരു സമാഹാരം തന്നെ ഓണ്‍ലൈനായി കൊണ്ടു വന്നത്. എന്റെ എതിരാളികള്‍ മാധ്യമങ്ങളിലെ അവരുടെ കൂട്ടാളികളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്ന ജീവനില്ലാത്ത അതേ ആരോപണങ്ങള്‍ തന്നെയായിരുന്നു ഗവേഷണ റിപോര്‍ട്ട് എന്ന് സ്വയം അവകാശപ്പെട്ടിരുന്ന അതിലും ഉണ്ടായിരുന്നത്. വെളിപ്പെടുത്തിയിട്ടുള്ളതും പൊതു സമുഹത്തില്‍ ലഭ്യമായിട്ടുള്ളതുമായ വിവരങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത ചില അര്‍ധ സത്യങ്ങള്‍ കൗശലപൂര്‍വ്വം മെനഞ്ഞെടുത്തതായിരുന്നു അതെന്നു മൊത്തത്തില്‍ പറയാം.

ഞങ്ങള്‍ക്കെതിരെ കള്ളങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടാകുന്നത് പുതിയ സംഭവമല്ല. അതു കൊണ്ടു തന്നെ സമഗ്രമായ ഒരു പ്രതികരണം നല്‍കിയതിനു ശേഷം ഞാന്‍ അതിനെ കുറിച്ചു കൂടുതലൊന്നും ചിന്തിച്ചില്ല. എന്തായാലും സത്യം ചെരിപ്പിന്റെ വാറു കെട്ടുമ്പോഴേക്ക് നുണ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങി വന്നിരുന്നു. സത്യത്തിന്റെ പാതയിലൂടെ ഉയര്‍ന്നു വന്ന എനിക്കിത് കള്ളങ്ങളുടെ ശക്തിയെ കുറിച്ചുള്ള ഒരു പാഠമായിരുന്നു.

ഷോര്‍ട്ട് സെല്ലിങ് ആക്രമണങ്ങളുടെ പ്രതിഫലനം സാധാരണ സാമ്പത്തിക വിപണികളില്‍ മാത്രമായി ഒതുങ്ങും. എന്നാല്‍ ഇത് രണ്ടു തലങ്ങളിലായുള്ള സവിശേഷമായൊരു ആക്രമണമായിരുന്നു. സാമ്പത്തിക രംഗത്തുള്ളതും രാഷ്ട്രീയ തലത്തിലുള്ളതും പരസ്പരം സഹായിച്ചു കൊണ്ടുള്ളതും ആയിരുന്നു അത്. വിപണികള്‍ സ്വതവേ വൈകാരിക പ്രവണത പ്രകടിപ്പിക്കുന്നവയാണ് എന്നതിനാല്‍ മാധ്യമങ്ങളിലുള്ള ചിലരുടെ സഹായത്തോടെയുള്ള ഈ നുണകള്‍ തങ്ങളുടെ വിപണി മൂല്യം കുറക്കുന്നതിന് വഴിവെക്കുകയുമുണ്ടായി. ആയിരക്കണക്കിനു ചെറുകിട നിക്ഷേപകരുടെ സമ്പാദ്യം നഷ്ടപ്പെട്ടതാണ് എന്നെ കൂടുതല്‍ വേദനിപ്പിച്ചത്. എതിരാളികളുടെ ഈ കുതന്ത്രം പൂര്‍ണമായി വിജയിച്ചിരുന്നു എങ്കില്‍ തുറമുഖങ്ങളും വിമാനത്താവളങ്ങളും വൈദ്യുത ശൃംഖലകളും അടക്കം നിര്‍ണായകമായ അടിസ്ഥാന സൗകര്യ ആസ്തികളെ ബാധിക്കുകയും നമ്മുടെ രാജ്യത്തെ വിനാശകരമായൊരു സ്ഥിതിയിലേക്കു കൊണ്ടു പോകുകയും ചെയ്‌തേനെ. പക്ഷേ, ഞങ്ങളുടെ ശക്തമായ ആസ്തികള്‍, പ്രവര്‍ത്തനങ്ങളിലുള്ള പുതുമയും ഉന്നത നിലവാരത്തിലുള്ള വെളിപ്പെടുത്തലുകളും എല്ലാം മൂലം വായ്പാ ദാതാക്കളും റേറ്റിങ് ഏജന്‍സികളും അടക്കമുള്ള കൂടുതല്‍ അറിവുള്ള സാമ്പത്തിക സമൂഹം ഇതനുസരിച്ച് ആടിയുലയുവാന്‍ തയ്യാറാകാതെ ഞങ്ങളോടൊപ്പം ശക്തമായി നിലകൊണ്ടു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഇത്തരത്തിലൊരു സാഹചര്യം നേരിട്ടുളള അനുഭവം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ആത്യന്തികമായ ഞങ്ങളുടെ ബിസിനസിന്റെ അടിസ്ഥാന ശക്തിയിലുള്ള വിശ്വാസം എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി. ഞങ്ങളുടെ നിക്ഷേപകരെ സംരക്ഷിക്കുക എന്നതായിരുന്നു ഏറ്റവും ആദ്യ ലക്ഷ്യം. 20,000 കോടി രൂപയുടെ എഫ്പിഒ പൂര്‍ത്തിയാക്കിയ ശേഷം അതിലൂടെ സമാഹരിച്ചത് തിരികെ നല്‍കാന്‍ തീരുമാനിച്ചു. കോര്‍പറേറ്റ് ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഈ നീക്കം നിക്ഷേപകരുടെ ക്ഷേമത്തിനായും ധാര്‍മിക ബിസിനസ് രീതികളിലും ഉള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് എടുത്തു കാട്ടിയത്.

ആവശ്യത്തിനുള്ള ലിക്വിഡിറ്റി ആയിരുന്നു ഈ യുദ്ധത്തിലെ ഞങ്ങളുടെ ഏറ്റവും വലിയ ആയുധം. ഞങ്ങളുടെ ശക്തമായ 30,000 കോടി രൂപയുടെ കാഷ് റിസര്‍വിനൊപ്പം അടുത്ത രണ്ടു വര്‍ഷത്തെ കടം തിരിച്ചടക്കലിനു സമാനമായ 40,000 കോടി രൂപ കൂടി ലഭ്യമാക്കി സാമ്പത്തിക സ്ഥിതി ശക്തമാക്കി. ജിക്യുജി പാര്‍ട്ട്‌ണേഴ്‌സ്, ക്യുഐഎ പോലുള്ളവര്‍ക്ക് ഞങ്ങളുടെ ഗ്രൂപ് കമ്പനികളുടെ അവകാശങ്ങള്‍ വില്‍പന നടത്തിയായിരുന്നു ഇത്. വിപണിയുടെ വിശ്വാസം വീണ്ടെടുക്കുന്നതിനും ഇന്ത്യയില്‍ ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആസ്തികള്‍ നിര്‍മിക്കാനുമുള്ള വിപുലമായ കാഷ് റിസര്‍വ് എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇതു സഹായിച്ചു.

17,500 കോടി രൂപയുടെ മാര്‍ജിന്‍ ലിങ്ക്ഡ് വായ്പകള്‍ മുന്‍കൂറായി തിരിച്ചടച്ചതിലൂടെ ഞങ്ങളുടെ നിക്ഷേപത്തെ വിപണി ചാഞ്ചാട്ടങ്ങളില്‍ നിന്നു സംരക്ഷിക്കാനും സാധിച്ചു. നേതൃനിരയിലുള്ളവരോട് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഞാന്‍ ആവശ്യപ്പെട്ടു. 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ 47 ശതമാനമെന്ന നിലയില്‍ നികുതിക്കു മുന്‍പുള്ള ലാഭ വര്‍ധനയുടെ കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഇതു സഹായകമായി. അദാനി നിക്ഷേപങ്ങള്‍ 2024 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തില്‍ ഏറ്റവും ഉയര്‍ന്ന ത്രൈമാസ നേട്ടവും കൈവശമാക്കി.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ഞങ്ങളുടെ സാമ്പത്തിക, സാമ്പത്തികേതര അഭ്യുദയകാംക്ഷികള്‍ക്കായി വിപുലമായ പദ്ധതികളാണ് തയ്യാറാക്കിയത്. ഫിനാന്‍സ് ടീം മാത്രം ആദ്യ 150 ദിവസങ്ങളില്‍ ആഗോള വ്യാപകമായി മുന്നൂറോളം യോഗങ്ങളാണു നടത്തിയത്. ബാങ്കുകള്‍, സ്ഥിര നിക്ഷേപകര്‍, സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍, ഇക്വിറ്റി നിക്ഷേപകര്‍, സംയുക്ത സംരംഭ പങ്കാളികള്‍, റേറ്റിങ് ഏജന്‍സികള്‍ തുടങ്ങിയവര്‍ എന്നും തങ്ങളുടെ പങ്കാളികളായിരുന്നു. അവര്‍ നടത്തിയ പരിശേധനകളും വിലയിരുത്തലുകളും ഞങ്ങളുടെ സമഗ്രവും സുതാര്യവും വെളിപ്പെടുത്തലുകള്‍ ഉള്ളതുമായ രീതികള്‍ എടുത്തു കാട്ടി.

സത്യം സുതാര്യമായി അവതരിപ്പിച്ചും ഈ കഥയുടെ മറുവശം വെളിപ്പെടുത്തിയും ആക്രമിച്ചവരുടെ ലക്ഷ്യങ്ങള്‍ പുറത്തു കാട്ടിയും മുന്നോട്ടു പോകുന്നതിലാണ് തങ്ങള്‍ ശ്രദ്ധിച്ചത്. നെഗറ്റീവ് പ്രചാരണങ്ങളുടെ മൂര്‍ച്ച കുറക്കാന്‍ ഇതു സഹായകമായി. ഞങ്ങളുടെ ഓഹരി അടിത്തറയിലുണ്ടായ ഗണ്യമായ വളര്‍ച്ച പൊതുജനങ്ങളുടെ അഭിപ്രായത്തെ ചൂണ്ടിക്കാട്ടുന്നതാണ്. വെല്ലുവിളികളുടെ വര്‍ഷത്തില്‍ ഞങ്ങളുടെ ഓഹരി ഉടമകളുടെ അടിത്തറ 43 ശതമാനം വര്‍ധിച്ച് 70 ലക്ഷത്തിനടുത്തെത്തി.

ഇതിനു പുറമെ ഞങ്ങളുടെ വളര്‍ച്ചാ നീക്കങ്ങള്‍ നിലനിര്‍ത്താനും ഞങ്ങള്‍ പ്രതിബദ്ധരായിരുന്നു. ആസ്തി അടിസ്ഥാനം 4.5 ലക്ഷം കോടിയിലേക്ക് വളര്‍ന്നതിലൂടെ നിക്ഷേപങ്ങളില്‍ ഗ്രൂപ്പിനുളള പ്രതിബദ്ധത ദൃശ്യമായി. നിരവധി നിര്‍ണായക പദ്ധതികളുടെ തുടക്കം ഇക്കാലത്തു കാണാനായി. ഖാവ്ദയിലെ ലോകത്തെ ഏറ്റവും വലിയ പുനരുപയോഗിക്കാവുന്ന വൈദ്യതു ഉല്‍പാദനശാല, പുതിയ കോപ്പര്‍ സ്‌മെല്‍റ്റര്‍, ഹരിത ഹൈഡ്രജന്‍ സംവിധാനം, ധാരാവിയെ ഏറെ കാത്തിരുന്ന പുനര്‍ വികസനം എന്നിവ ഇതിലുള്‍പ്പെടുന്നു.

ഞങ്ങളുടെ അടിസ്ഥാനപരമായൊരു ദൗര്‍ബല്യം മനസിലാക്കാന്‍ ഈ പ്രതിസന്ധി സഹായിച്ചു. ബോധവല്‍ക്കരണ സംവിധാനങ്ങളില്‍ ഞങ്ങള്‍ ആവശ്യമായ ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. അദാനി ഗ്രൂപ്പ് എന്തു ചെയ്യുന്നു എന്നോ അതിന്റെ ഗുണനിലവാരമെന്തെന്നോ എത്ര വിപുലമാണെന്നോ സാമ്പത്തിക അടിസ്ഥാന സൗകര്യ രംഗത്തിനു പുറത്തുള്ളവര്‍ക്ക് അധികമായ അറിവുണ്ടായിരുന്നില്ല. സാമ്പത്തികേതര രംഗത്തുളളവരും തങ്ങളെ കുറിച്ച് അറിവുള്ളവരായിരിക്കുമെന്നും അവര്‍ക്ക് സത്യം അറിയാമായിരിക്കും എന്നും ഞങ്ങള്‍ കരുതി. ഇന്ത്യയുടെ നിര്‍ണായകമായ അടിസ്ഥാന സൗകര്യ മേഖല നിര്‍മിക്കുന്നതില്‍ ഞങ്ങള്‍ വഹിക്കുന്ന സുപ്രധാന പങ്ക്, ഞങ്ങളുടെ പുതുമയുള്ള സാമ്പത്തിക രീതികള്‍, ഭരണ രീതികള്‍ എന്നിവയെല്ലാം അവര്‍ക്ക് അറിയാമെന്നു കരുതി.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

സാമ്പത്തികേതര മേഖലകളിലുള്ളവരുമായും സ്ഥിരമായി ബന്ധപ്പെട്ടു കൊണ്ടിരിക്കേണ്ടതിന്റെ ആവശ്യകത ഈ അനുഭവം ബോധ്യപ്പെടുത്തി. ഞങ്ങളുടെ കട നിലയെ കുറിച്ചും രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചുമെല്ലാം കെട്ടിപ്പടുത്ത ആാേപണങ്ങളെ മികച്ച രീതിയില്‍ നേരിടുന്നതില്‍ ഞങ്ങള്‍ക്കു വിജയിക്കാനായില്ല. തെറ്റിദ്ധാരണകള്‍ പരക്കാന്‍ ഇതു വഴി വെച്ചു. നികുതിക്കു മുന്‍പുള്ള ഏറ്റവും കുറഞ്ഞ ലാഭവും വായ്പകളും തമ്മില്‍ ഏറ്റവും കുറഞ്ഞ അനുപാതമുള്ളവയാണ് ഞങ്ങളുടെ ഗതാഗത, പബ്ലിക് യൂട്ടിലിറ്റി കമ്പനികള്‍. 2023 സെപ്റ്റംബറില്‍ അവസാനിച്ച അര്‍ധ വര്‍ഷത്തില്‍ ഇത് 2.5 മടങ്ങായിരുന്നു. ഇതിനു പുറമെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന 23 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ളതാണ് തങ്ങളുടെ അടിസ്ഥാന സൗകര്യ ബിസിനസ്. ത ഞങ്ങള്‍ രാഷ്ട്രീയ രംഗത്തുള്ളവരുമല്ല.

കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് വിലപ്പെട്ട പാഠങ്ങള്‍ നല്‍കുകയും ഞങ്ങളെ കൂടുതല്‍ ശക്തരാക്കുകയും ചെയ്തു. ഇന്ത്യന്‍ സ്ഥാപനങ്ങളിലുള്ള ഞങ്ങളുടെ വിശ്വാസം കൂടുതല്‍ മികച്ചതാക്കുകയും ചെയ്തു. സത്യസന്ധതയില്ലാതെ ഞങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണവും ഞങ്ങളുടെ പ്രതിപ്രവര്‍ത്തനങ്ങളും പഠനത്തിന് അര്‍ഹമായ ഒന്നാണ്. ഇന്നിത് ഞങ്ങള്‍ക്കു നേരെയാണ്. നാളെ അതു മറ്റു ചിലര്‍ക്കു നേരെയായിരിക്കും. അതിനാലാണ് എന്റെ പാഠങ്ങള്‍ പങ്കുവെക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായത്. ഇത്തരം ആക്രമണങ്ങള്‍ അവസാനിച്ചു എന്നു ഞാന്‍ കരുതുന്നില്ല. ഈ അനുഭവത്തിലൂടെ ഞങ്ങള്‍ കൂടുതല്‍ ശക്തരായതായി ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയുടെ വികസനത്തിനായി എളിയ സംഭാവനകള്‍ നല്‍കാനുള്ള പ്രതിബദ്ധത അചഞ്ചലമായി തുടരുകയും ചെയ്യും.”

Maintained By : Studio3