അദാനി ഗ്രൂപ്പിനായി 62 ടൺ ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ ടഗ് വെസ്സൽ നിർമ്മിച്ചു നൽകി ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ്
കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉഡുപ്പി-കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, അദാനി ഗ്രൂപ്പ് കമ്പനിയായ ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡിനായി ഇന്ത്യയിലെ ആദ്യത്തെ 62 ടൺ ബൊള്ളാർഡ് പുൾ ശേഷിയുള്ള ടഗ് നിർമ്മിച്ചു നൽകി. ഏതാണ്ട് 100ലധികം ടഗ്ഗുകൾ സ്വന്തമായുള്ള അദാനി ഹാർബർ സർവീസസ് ലിമിറ്റഡും, ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ടഗ്ഗ് സ്വന്തമായുള്ള ടഗ് സെർവിസെസ് ഉടമകളാണ്.
ഇന്ത്യയിൽ കപ്പൽ നിർമ്മാണ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും, ഇന്ത്യൻ തുറമുഖങ്ങളിലുള്ള ടഗ്ഗുകൾ സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിനും വേണ്ടി ഇൻഡ്യൻ തുറമുഖ, ഷിപ്പിംഗ് മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള അംഗീകൃത സ്റ്റാൻഡേർഡ് ടഗ് ഡിസൈൻ ആൻഡ് സ്പെസിഫിക്കേഷൻസ് (ASTDS) അനുസരിച്ചു് ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ ടഗ്ഗാണിത്. ഭാരത സർക്കാരിന്റെ ‘ആത്മ നിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗം കൂടിയാണ് ഇത്. ഇന്ത്യ ഗവൺമെന്റിന്റെ ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഗ്രീൻ ടഗ്ഗുകൾ വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രവും അദാനി ഗ്രൂപ്പും, കൊച്ചിൻ ഷിപ്പ്‌യാർഡും തമ്മിൽ ഒപ്പു വച്ചിട്ടുണ്ട്.
കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായരുടെ സാന്നിധ്യത്തിൽ ദി അദാനി ഹാർബർ സർവീസസ് ലിമിറ്റഡ് & ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സഞ്ജയ് കുമാർ കേവൽരമണി, ഉഡുപ്പി-കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഹരികുമാർ എ. എന്നിവർ ചേർന്ന് ടഗ് ഡെലിവറി ആൻഡ് അക്‌സെപ്റ്റൻസ് പ്രോട്ടോക്കോൾ ഒപ്പിട്ടു.
കൊച്ചിൻ ഷിപ്പ്‌യാർഡ്, ടെബ്മ ഷിപ്പ്‌യാർഡ്‌സ് ലിമിറ്റഡിനെ നാഷണൽ കമ്പനി ലോ ട്രിബൂണൽ വഴിഏറ്റെടുത്തതിന് ശേഷമാണ് ഉഡുപ്പി-കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് എന്നപേരിൽ പ്രവർത്തനം തുടങ്ങിയത്. കൊച്ചിൻ ഷിപ്പ്‌യാർഡ് ഏറ്റെടുത്തതിനുശേഷം അതിവേഗതയിലായിരുന്നു ഉഡുപ്പി-കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ വളർച്ച. നിലവിൽ ഉഡുപ്പി-കൊച്ചിൻ ഷിപ്പ്‌യാർഡിന്, പോൾസ്റ്റാർ മാരിടൈം ലിമിറ്റഡിനുവേണ്ടി 70 ടൺ ശേഷിയുള്ള രണ്ട് ടഗ് വെസ്സൽ നിർമ്മിച്ചു നൽകുന്നതിനും, വിൽസൺ എഎസ്എ, നോർവേക്കുവേണ്ടി ആറു ‘3800 TDW ഫ്യൂച്ചർ പ്രൂഫ്’ ഡ്രൈ കാർഗോ വെസലുകളും നിർമ്മിച്ചു നൽകുന്നതിനുള്ള കരാറുകൾ ഉണ്ട്. ‘പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയ്ക്കായി’ ആഴക്കടൽ മത്സ്യബന്ധനത്തിന് വേണ്ടിയുള്ള ഫിഷിംഗ് ബോട്ടുകളുടെ നിർമ്മാണവും ഇവിടെ നടക്കുന്നുണ്ട്.