അബുദാബി നിരത്തുകളില്‍ ഇനി എല്‍ടിഒ ഇലക്ട്രിക് ബസുകളും
1 min readഇരുപത് മിനിട്ട് കൊണ്ട് ചാര്‍ജാകുന്ന ലിതിയം ബാറ്ററികളാണ് ബസിലുള്ളത്
അബുദാബി: പരിസ്ഥിതി സൗഹൃദമായ ലിതിയം ടൈറ്റാനേറ്റ് ഓക്‌സൈഡ് (എല്‍ടിഒ) ഇലക്ട്രിക് ബസുകള്‍ അബുദാബിയില്‍ അവതരിപ്പിച്ചു. കേവലം ഇരുപത് മിനിട്ട് കൊണ്ട് ചാര്‍ജാകുന്ന ലിതിയം ബാറ്ററിയില്‍ ഓടുന്ന എല്‍ടിഒ ഇലക്ട്രിക് ബസുകള്‍ എമിറേറ്റ്‌സ് ഗ്ലോബല്‍ മോട്ടര്‍ ഇലക്ട്രിക്, അല്‍ ഫാഹിം ഗ്രൂപ്പ്, യിന്‍ലോങ് എനര്‍ജി എന്നീ കമ്പനികള്‍ ചേര്‍ന്നാണ് അവതരിപ്പിച്ചത്.
അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാമെന്നത് കൊണ്ടുതന്നെ പൊതു, സ്വകാര്യ മേഖലകളില്‍ ബഹുജന ഗതാഗതത്തിന് ഇവ അനുയോജ്യമായിരിക്കുമെന്നാണ് വിലയിരുത്തല്‍. 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള താപനിലയില്‍ ചൂട് ശമിപ്പിക്കുന്ന ടി3 റേറ്റിംഗുള്ള എയര്‍ കണ്ടീഷനറുകളാണ് ബസിലുള്ളത്. ബാറ്ററിയുടെ പ്രകടനവും അതിവേഗ ചാര്‍ജിംഗും പരിശോധിക്കുന്നതിനായി കഴിഞ്ഞ വേനല്‍ക്കാലത്ത് എല്‍ടിഒ ബസുകള്‍ അബുദാബിയില്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. യുഎഇക്ക് പിന്നാലെ മറ്റ് ജിസിസി രാജ്യങ്ങളിലും ഉടന്‍ തന്നെ എല്‍ടിഒ ഇലക്ട്രിക് ബസുകള്‍ പുറത്തിറങ്ങുമെന്നാണ് സൂചന.
ലോകത്തിലേക്കും ഏറ്റവും സുരക്ഷിതമായവയാണ് ലിതിയം അയേണ്‍ ബാറ്ററികള്‍. ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ കൂടുതലാണ് ഇവയുടെ കാലാവധിയെന്നതിനാല്‍ നിലവില്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ചതും ആധുനികവുമായ ബാറ്ററിയാണിവ.
പരിസ്ഥിതി സൗഹൃദമായ ഈ ബസുകള്‍ വന്‍തോതില്‍ ഊര്‍ജം ലാഭിക്കാനും കാര്‍ബണ്‍ ഫൂട്പ്രിന്റ് കുറയ്ക്കാനും യുഎഇയെ സഹായിക്കും. ഒരു ഡീസല്‍ ബസിന് പകരം ഒരു ഇലക്ട്രിക് ബസ് അവതരിപ്പിച്ചാല്‍ 27 കാറുകള്‍ ഒരു വര്‍ഷം കൊണ്ട് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ഹാനികരമായ വാതകങ്ങള്‍ക്ക് തുല്യമായ അളവ് കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാം. പത്ത് വര്‍ഷത്തേക്ക് ഡീസല്‍ ചെലവില്‍ 12,175 ഗാലണ്‍ ഇന്ധനമാണ് ഇതിലൂടെ ലാഭിക്കാനാകുക.