November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മലമ്പനി മുക്ത രാജ്യങ്ങള്‍ക്ക് അഭിനന്ദനവുമായി ഐക്യരാഷ്ട്രസഭ മേധാവി

1 min read

ഇത്തരത്തിലുള്ള നേട്ടങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതാണെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇപ്പോഴും ലക്ഷണക്കണക്കിന് രോഗികള്‍ ഈ മാരക രോഗത്തിന് അടിമകളാകുന്നുണ്ടെന്നും മരണം വരിക്കുന്നുണ്ടെന്നും നാം മറക്കരുതെന്ന് അന്റോണിയോ ഗുട്ടറെസ് 

മലമ്പനി അഥവാ മലേറിയക്കെതിരെ പൂര്‍ണമായും വിജയം നേടിയ രാജ്യങ്ങളെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. മലമ്പനി ഇല്ലാതാക്കുകയെന്ന ലക്ഷ്യം നേടിയ എല്ലാ രാജ്യങ്ങളെയും അഭിനന്ദിക്കുന്നതായും മലേറിയ മുക്ത ഭാവി സാധ്യമാണെന്നാണ് ഈ രാജ്യങ്ങള്‍ തെളിയിക്കുന്നതെന്നും ലോക മലമ്പനി ദിന സന്ദേശത്തില്‍ ഗുട്ടറെസ് പറഞ്ഞു. എല്ലാ വര്‍ഷവും ഏപ്രില്‍ 25 ആണ് ലോക മലമ്പനി ദിനമായി ആചരിക്കുന്നത്.

2000ത്തിനും 2019നും ഇടയില്‍ നൂറില്‍ കുറവ് മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ എണ്ണം ആറില്‍ നിന്നും ഇരുപത്തിയേഴായി വര്‍ധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ഉദ്ധരിച്ച്് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. മലമ്പനി ഭൂമുഖത്ത് നിന്നും പൂര്‍ണമായും തുടച്ചുനീക്കുകയെന്നത് നമുക്ക് സാധ്യമായ കാര്യമാണെന്നതിന്റെ ശക്തമായ സൂചനയാണ് അതെന്നും സംഘടന അഭിപ്രായപ്പെട്ടു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

കോവിഡ്-19 പകര്‍ച്ചവ്യാധിക്കിടയിലും അതുമൂലമുണ്ടായ പലവിധ പ്രതിസന്ധികള്‍ക്കിടയിലും മലമ്പനിയെ തുരത്തുന്നതില്‍ നിരവധി രാജ്യങ്ങള്‍ വലിയ രീതിയിലുള്ള പുരോഗതി കൈവരിച്ചതായി ഐക്യരാഷ്ട്ര സഭ മേധാവി പറഞ്ഞു. ഒരു മലമ്പനി കേസും പോലും റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങള്‍ രോഗം വരാന്‍ സാധ്യതയുള്ളവര്‍ക്ക് അവരുടെ പൗരത്വമോ സാമ്പത്തിക സ്ഥിതിയോ നോക്കാതെ രോഗം വരാതിരിക്കാനും രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമുള്ള അവശ്യ സേവനങ്ങള്‍ നല്‍കിവരുന്നു. ഇതിന് വേണ്ട കൃത്യമായ ഫണ്ടിംഗും പരിശോധന സംവിധാനങ്ങളും സാമൂഹിക ഇടപെടലുകളുമാണ് ഒരു മലമ്പനി കേസും പോലും വരാന്‍ ഇട വരുത്താതെ ഇരിക്കുകയെന്ന ലക്ഷ്യത്തില്‍ വിജയം നേടാന്‍ ഈ രാജ്യങ്ങളെ സഹായിച്ചത്.

ഇത്തരത്തിലുള്ള നേട്ടങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതാണെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇപ്പോഴും ലക്ഷണക്കണക്കിന് രോഗികള്‍ ഈ മാരക രോഗത്തിന് അടിമകളാകുന്നുണ്ടെന്നും മരണം വരിക്കുന്നുണ്ടെന്നും നാം മറക്കരുതെന്ന് ഗുട്ടറെസ് പറഞ്ഞു. ഓരോ വര്‍ഷവും 400,000ത്തിലധികം ആളുകളുടെ ജീവനാണ് മലമ്പനി അപഹരിക്കുന്നത്. പ്രധാനമായും ആഫ്രിക്കയിലെ ചെറിയ കുട്ടികളാണ് മലമ്പനിയുടെ ക്രൂരതയ്ക്കിരയാകുന്നത്. ഓരോ വര്‍ഷവും 200 ദശലക്ഷത്തിലധികം പുതിയ മലമ്പനി കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫലപ്രദമായ രാഷ്ട്രീയ പ്രതിബദ്ധതയിലൂടെയും മതിയായ നിക്ഷേപങ്ങളിലൂടെയും ശരിയായ നയങ്ങളിലൂടെയും മലമ്പനിക്കെതിരെ വിജയം നേടാമെന്ന് ഗുട്ടെറസ് പറഞ്ഞു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിവരം അനുസരിച്ച് 2019ല്‍ ലോകത്ത് രജിസ്റ്റര്‍ ചെയ്ത 94 ശതമാനം മലമ്പനി കേസുകളും മരണങ്ങളും ആഫ്രിക്കയിലായിരുന്നു. ലോകത്തിലെ മൊത്തം മലമ്പനി കേസുകളില്‍ പകുതിയും നൈജീരിയ (27 ശതമാനം), കോങ്കോ (12 ശതമാനം), ഉഗാണ്ട (5 ശതമാനം), നൈജര്‍ (5 ശതമാനം) മൊസമ്പിക് (4 ശതമാനം) എന്നീ അഞ്ച് രാജ്യങ്ങളിലാണ്. ഇതേ വര്‍ഷം, തെക്ക്കിഴക്കന്‍ ഏഷ്യ മേഖലയില്‍ മൂന്ന് ശതമാനം കേസുകളും കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ രണ്ട് ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക, പടിഞ്ഞാറന്‍ പസഫിക് മേഖല എന്നിവിടങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെ കേസുകള്‍ മാത്രമാണ് 2019ല്‍ റിപ്പോര്‍ട്ട് ചെയ്തത്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ലോകാരോഗ്യ സംഘടനയുടെ മലമ്പനി മുക്ത സാക്ഷ്യപത്രം ഒരു രാജ്യത്തിന്റെ മലമ്പനി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. കുറഞ്ഞത് അവസാന മൂന്ന് വര്‍ഷമെങ്കിലും ദേശവ്യാപകമായി മലമ്പനിയുടെ പ്രാദേശിക വ്യാപനം തടയാനായി എന്ന് നിസ്സംശയം തെളിയിക്കാന്‍ കഴിഞ്ഞെങ്കിലേ ഈ അംഗീകാരം ലഭിക്കുകയുള്ളു. മലമ്പനി ഇല്ലാതാക്കുന്നതിനായി സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്ത് നിന്നുള്ള അമ്പത് വര്‍ഷത്തെ കഠിന പരിശ്രമങ്ങള്‍ക്ക് ശേഷം ഫെബ്രുവരിയില്‍ ഈ അംഗീകാരം നേടുന്ന മധ്യ അമേരിക്കയിലെ ആദ്യ രാജ്യമായി  എല്‍ സാല്‍വദോര്‍ മാറിയിരുന്നു. അതേസമയം 2016ല്‍ ഒരു മലമ്പനി കേസും പോലും റിപ്പോര്‍ട്ട് ചെയ്യാത്ത,  ഇതുവരെ മലമ്പനിയില്ലാ രാജ്യമായി തുടരുന്ന ചൈന ലോകാരോഗ്യ സംഘടനയുടെ മലേറിയ മുക്ത സാക്ഷ്യപത്രത്തിനായി അപേക്ഷിച്ചിട്ടുണ്ട്.

ആഗോളതലത്തിലുള്ള മലേറിയ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരമായാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 25 മലേറിയ ദിനമായി ആചരിക്കുന്നത്. 2007 മേയില്‍ ലോകാരോഗ്യ സംഘടനയുടെ അറുപതാമത് സമ്മേളനത്തിലാണ് ലോക മലേറിയ ദിനാചരണത്തിനായുള്ള തീരുമാനം കൈക്കൊണ്ടത്.

Maintained By : Studio3