കൊറോണ വൈറസ് ആന്റിബോഡികള്‍ ശരീരത്തില്‍ എത്രകാലം നിലനില്‍ക്കും?
1 min readകോവിഡ്-19 വന്നുപോയവരില്‍ കൊറോണ വൈറസ് ആന്റിബോഡികള്‍ പോസിറ്റീവ് ആയി എട്ട് മാസങ്ങള്‍ വരെ നിലനില്‍ക്കും
കൊറോണ വൈറസില്‍ നിന്നും രക്ഷ നേടാനുള്ള പരക്കം പാച്ചിലിലാണ് ഇന്ന് ലോകം. മാസ്‌ക് ധരിക്കലും ശാരീരിക അകലം പാലിക്കലും ശുചിത്വം അനുവര്‍ത്തിക്കലുമടക്കം രോഗം വരാതിരിക്കാനുള്ള സ്വയം പ്രതിരോധങ്ങള്‍ക്ക് പുറമേ രോഗത്തിനെതിരെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ സജ്ജമാക്കാനും ഒരു ഭാഗത്ത് ശ്രമങ്ങള്‍ നടക്കുന്നു. വാക്‌സിന്‍ കുത്തിവെപ്പിലൂടെയും ഒരിക്കല്‍ രോഗം വന്നുപോയതിലൂടെയും ശരീരത്തില്‍ വൈറസിനെതിരെ രൂപപ്പെടുന്ന ആന്റിബോഡികള്‍ രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു. എന്നാല്‍ ഈ ആന്റിബോഡികള്‍ ശരീരത്തില്‍ എത്രകാലം നിലനില്‍ക്കുമെന്നത് സംബന്ധിച്ച ആശങ്ക ഇപ്പോള്‍ പലര്‍ക്കുമുണ്ട്.
കോവിഡ്-19 വന്നുപോയവരില്‍ കൊറോണ വൈറസ് ആന്റിബോഡികള്‍ പോസിറ്റീവ് ആയി എട്ട് മാസങ്ങള്‍ വരെ നിലനില്‍ക്കുമെന്നാണ് ഇറ്റാലിയന്‍ ഗവേഷകര്‍ പറയുന്നത്. രോഗത്തിന്റെ തീവ്രത, പ്രായം എന്നിവയൊന്നും ആന്റിബോഡികളുടെ നിലനില്‍പ്പിനെ ബാധിക്കുന്നില്ലെന്നും മിലനിലെ സാന്‍ റാഫേല്‍ ആശുപത്രി വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇറ്റലിയിലുണ്ടായ ആദ്യ തരംഗത്തില്‍ ഏതാണ്ട് 162 ഓളം ലക്ഷണങ്ങളോട് കൂടിയ കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തിലൂടെയാണ് ആന്റിബോഡികളുടെ നിലനില്‍പ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മനസിലായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, എപ്രില്‍ മാസങ്ങളിലും പിന്നീട് നവംബറിലും ഇവരില്‍ നിന്നും രക്ത സാമ്പിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.
കാലക്രമേണ ആന്റിബോഡികളുടെ അളവില്‍ കുറവുണ്ടായെങ്കിലും മാസങ്ങളോളം അവ രക്തത്തില്‍ നിലനില്‍ക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. രോഗം വന്നുപോയവരില്‍ ആന്റിബോഡികള്‍ക്കുള്ള പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഇവര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് സൈന്റിഫിക് ജേണലില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ കോവിഡ് പോസിറ്റീവ് ആയി രണ്ടാഴ്ചയ്ക്കുള്ളില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കാത്തവരില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. പ്രമേഹം പോലുള്ള രോഗങ്ങള്‍ ഉള്ളവരില്‍ ആന്റിബോഡികള്‍ ശരിയായി പ്രവര്‍ത്തിക്കില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.