മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന പ്രവചനം അടിസ്ഥാന രഹിതമെന്ന് ശിശുരോഗ വിദഗ്ധര്‍
1 min readകുട്ടികള്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും 90 ശതമാനം കേസുകളും നേരിയ തോതിലുള്ള ലക്ഷണങ്ങള്‍ ഉള്ളതോ അല്ലെങ്കില്‍ യാതൊരു ലക്ഷണവും ഇല്ലാത്തതോ ആയിരിക്കുമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്
കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പുതിയ തരംഗം കുട്ടികളെ പ്രധാനമായി അല്ലെങ്കില്‍ ഗുരുതരമായി ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്(ഐഎപി). സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ വിശ്വസിക്കാതെ ഡോക്ടര്‍മാര്‍ പറയുന്നതിന് ചെവി കൊടുക്കണമെന്നും സംഘടന മാതാപിതാക്കളോട് ആവശ്യപ്പെട്ടു. രാജ്യത്തെ 32,000ത്തില്‍ പരം ശിശുരോഗ വിദഗ്ധരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഐഎപി.
മുതിര്‍ന്നവരെയും പ്രായമായവരെയും പോലെ കുട്ടികളിലും രോഗബാധയ്ക്കുള്ള സാധ്യതയുണ്ടെങ്കിലും കുട്ടികളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന 90 ശതമാനം കേസുകളും നേരിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമുള്ളതോ അല്ലെങ്കില്‍ യാതൊരുവിധ ലക്ഷണങ്ങളും ഇല്ലാത്തതോ ആയിരിക്കുമെന്ന് ഐഎപി പറഞ്ഞു. ഒന്നാം തരംഗത്തേക്കാളും രണ്ടാം തരംഗത്തേക്കാളും മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന തരത്തിലുള്ള യാതൊരുവിധ ശാസ്ത്രീയാടിത്തറയും ഇല്ലാത്ത പ്രചരണങ്ങള്‍ വ്യാപിക്കുന്നതിനിടെയാണ് ശിശുരോഗ വിദഗ്ധകുടെ സംഘടന ഇത്തരം പ്രചരണങ്ങളെ തള്ളിപ്പറഞ്ഞിരിക്കുന്നത്.
സമൂഹത്തില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന തെറ്റായ സന്ദേശങ്ങളും തെറ്റിദ്ധാരണകളും ഖണ്ഡിക്കാനാണ് തങ്ങളുടെ ശ്രമമെന്നും ആഗോളതലത്തിലുള്ള ശാസ്ത്രീയമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള അഡ്വൈസറിയാണ് സംഘടന പുറത്തിറക്കിയിരിക്കുന്നതെന്നും ഐഎപിയുടെ മുന്‍ പ്രസിഡന്റും മുംബൈയിലെ പ്രമുഖ ശിശുരോഗ വിദഗ്ധനുമായ ഡോ. ബകുള്‍ ജയന്ത് പരേഖ് പറഞ്ഞു. ഒന്നാം തരംഗത്തില്‍ പ്രായമായവരിലും ഗുരുതരമായ അസുഖങ്ങള്‍ ഉള്ളവരിലുമാണ് രോഗം കൂടുതലായി കാണപ്പെട്ടത്. നിലവിലെ രണ്ടാം തരംഗത്തില്‍ മുപ്പതിനും നാല്‍പ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള നിരവധി പേര്‍ക്ക് രോഗം പിടിപെട്ടു. ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും ശേഖരിച്ച ക്ലിനിക്കല്‍ ഡാറ്റ വ്യക്തമാക്കുന്നത് കുട്ടികളിലെ കോവിഡ്-19 രോഗബാധയ്ക്ക് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കേണ്ട ആവശ്യം വരുന്നില്ലെന്നാണ്. മൂന്നാം തരംഗത്തില്‍ കോവിഡ്-19 ബാധിച്ച ഭൂരിഭാഗം കുട്ടികളിലും രോഗം ഗുരുതരമാകുമെന്നതിന് യാതൊരിവിധ തെളിവുകളും ഇല്ലെന്ന് ഐഎപി പറഞ്ഞു.
രണ്ടാം തരംഗ കാലത്ത് കണ്ടെത്തിയ B.1.617 പോലുള്ള രോഗവ്യാപന ശേഷി കൂടിയ പുതിയ കൊറോണ വൈറസ് വകഭേദങ്ങളുടെ ആവിര്‍ഭാവമാണ് ഇത്തരത്തില്‍ കുപ്രചരണങ്ങള്‍ സാമൂഹത്തിലുണ്ടാകാന്‍ കാരണമെന്നാണ് ശിശുരോഗ വിദഗ്ധരും പൊതുജനാരോഗ്യ വിദഗ്ധരും കരുതുന്നത്. എന്നാല്‍ പുതിയ വകഭേദങ്ങളാണ് രോഗം ഗുരുതരമാകാന്‍ കാരണമെന്ന് ഒരു പഠനവും സൂചിപ്പിക്കുന്നില്ലെന്ന് ആരോഗ്യ ഗവേഷകര്‍ പറയുന്നു. പക്ഷേ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുമൂലം മാതാപിതാക്കള്‍ പേടിച്ചിരിക്കുകയാണെന്ന് ഐഎപിയിലെ കോവിഡ്-19 കമ്മിറ്റിയംഗവും ശിശുരോഗ വിദഗ്ധയുമായ ധന്യ ദാമോദരന്‍ പറഞ്ഞു. രണ്ടാം തരംഗ കാലത്ത് നിരവധി കുട്ടികള്‍ക്ക് രോഗം വന്നിട്ടുണ്ട്. മൊത്തത്തില്‍ രോഗബാധ കൂടുതലുള്ളത് കൊണ്ടാവാം അത്. മൊത്തത്തില്‍ രോഗികളുടെ എണ്ണം ഉയരുമ്പോള്‍ രോഗബാധിതരായ കുട്ടികളുടെ എണ്ണവും കൂടുന്നത് സ്വാഭാവികമാണെന്ന് അവര്‍ വിശദീകരിച്ചു.
കോവിഡ്-19 ബാധിതരായ കുട്ടികളില്‍ വളരെ ചെറിയൊരു ശതമാനം കേസുകളില്‍ മാത്രമേ രോഗം ഗുരുതരമാകാനുള്ള സാധ്യതയുള്ളു. രോഗബാധിതരുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള വര്‍ധന ഉണ്ടായാല്‍ മിതമായ അല്ലെങ്കില്‍ ഗുരുതരമായ രോഗബാധയുള്ള കുട്ടികളുടെ എണ്ണവും കൂടുതലായിരിക്കുമെന്ന് ഐഎപി അഭിപ്രായപ്പെട്ടു. കുട്ടികളിലെ രോഗബാധയെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നതിനൊപ്പം അവര്‍ക്കിടയിലെ മാനസികാരോഗ്യ പ്രശ്നങ്ങളിലും മാതാപിതാക്കള്‍ ശ്രദ്ധ ചെലുത്തണമെന്ന് ഐഎപി ആവശ്യപ്പെട്ടു. കുട്ടികളിലെ പീഡനം, ഫോണ്‍, ടിവി, കംപ്യൂട്ടര്‍ എന്നിവയുടെ അമിതോപയോഗം തുടങ്ങിയ കാര്യങ്ങളിലും മാതാപിതാക്കള്‍ അതീവ ജാഗ്രതയുള്ളവരായിരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ പകുതിയോടെ കോവിഡിന്റെ ആദ്യ തരംഗത്തിന് ശമനമുണ്ടായതിന് ശേഷം ഫ്രെബുവരി, മാര്‍ച്ച് മാസങ്ങളില്‍ ആരംഭിച്ച രണ്ടാംതരംഗം വര്‍ഷാവസാനത്തോടെ മൂന്നാം തരംഗമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ഇപ്പോഴും കോവിഡ്-19 വാക്സിന്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് മൂന്നാം തരംഗം സംബന്ധിച്ച ആശങ്ക സമൂഹത്തില്‍ പടരുന്നത്. മൂന്നാം തരംഗം ഉണ്ടാകുമോ അഥവാ ഉണ്ടായാല്‍ തന്നെ രണ്ടാം തരംഗത്തേക്കാള്‍ മാരകമായിരിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതേ അഭിപ്രായമാണ് ഐഎപിയും പങ്കുവെച്ചത്. മൂന്നാം തരംഗത്തിന് സാധ്യതയുണ്ട്. എന്നാല്‍ എപ്പോഴാണ് അതുണ്ടാകുകയെന്നോ എത്രത്തോളം ഗുരുതരമായിരിക്കുമെന്നോ പ്രവചിക്കുക ബുദ്ധിമുട്ടാണെന്ന് അഡ്വെസറിയില്‍ സംഘടന വ്യക്തമാക്കി.