തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുത്തു
ചെന്നൈ: കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി ശ്രീപെരുമ്പുത്തൂരില്‍ നിന്നും ജയിച്ചുവന്ന സെല്‍വപെരുന്താഗയിയെ തെരഞ്ഞെടുത്തതായി തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ.എസ്. അളഗിരി അറിയിച്ചു.രാജേഷ് കുമാര്‍ കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറായിരിക്കും. കോണ്‍ഗ്രസിന്‍റെ ഇടക്കാല ദേശീയ അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഈ നിയമനങ്ങള്‍ നടത്തുന്നതെന്ന് പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഡിഎംകെസഖ്യത്തിനൊപ്പമാണ് മത്സരിച്ചത്. ഡിഎംകെ അനുവദിച്ച 25 സീറ്റുകളില്‍ 18 മണ്ഡലങ്ങളില്‍ പാര്‍ട്ടി വിജയം കണ്ടു.സിഎല്‍പി നേതാവ് സ്ഥാനത്തേക്ക് നാല് എംഎല്‍എമാരാണ് മത്സരരംഗത്തുണ്ടായിരുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേന്ദ്ര നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വി. വൈതലിംഗം എന്നിവര്‍ 18 എംഎല്‍എമാരെയും വെവ്വേറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണ് തീരുമാനമുണ്ടായത്.
“ഇത് ഒരു വലിയ അംഗീകാരമാണ്, പാര്‍ട്ടി എന്നിലര്‍പ്പിച്ച വിശ്വാസത്തിന് അനുസൃതമായി ഞാന്‍ പ്രവര്‍ത്തിക്കും’പുതുതായി നിയമിതനായ കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാവ് സെല്‍വപെരുന്താഗയ് ടെലിഫോണിലൂടെ ഐഎഎന്‍എസിനോട് സംസാരിക്കവെ പറഞ്ഞു.”എന്‍റെ നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു എന്‍റെ വിജയത്തിനായി അശ്രാന്തമായി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരും എന്നെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിന് അഖിലേന്ത്യാ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധിക്കും ടിഎന്‍സിസി പ്രസിഡന്‍റ് കെ എസ് അളഗിരിയ്ക്കും നന്ദി പറയുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.