കരസേനാമേധാവി അരുണാചലില്‍; തയ്യാറെടുപ്പുകള്‍ വിലയിരുത്തി
1 min readന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശ് മേഖലയിലെ ചൈനയുമായുള്ള അതിര്‍ത്തിയില്‍ ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെ അവലോകനം ചെയ്തു. വടക്കുകിഴക്കന്‍ മേഖലയിലേക്കുള്ള രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം അരുണാചലിലെത്തിയത്. കിഴക്കന്‍ ലഡാക്കിലെ ചില പ്രദേശങ്ങളില്‍ ഇന്ത്യാ-ചൈനാ സേനകള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് കരസേനാമേധാവിയുടെ അരുണാചല്‍ സന്ദര്‍ശനം. സംസ്ഥാനത്തിന്‍റെ വടക്കന്‍ അതിര്‍ത്തികളിലെ തയ്യാറെടുപ്പുകളും വടക്കുകിഴക്കന്‍ മേഖലയിലെ ഉള്‍പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങളും അവലോകനം ചെയ്യുന്നതിനുമായാണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശനം. ഇതിന്‍റെ ഭാഗമായി കരസേനാമേധാവി വ്യാഴാഴ്ച നാഗാലാന്‍ഡിലെ ദിമാപൂരിലെത്തിയിരുന്നു.
ദിമാപൂരിലെ കോര്‍പ്സ് ആസ്ഥാനത്തെത്തിയപ്പോള്‍ കരസേനാ മേധാവി സ്പിയര്‍ കോര്‍പ്സിന്‍റെ ജനറല്‍ ഓഫീസര്‍ ലഫ്റ്റനന്‍റ് ജനറല്‍ ജോണ്‍സണ്‍ മാത്യുവും ഡിവിഷന്‍ കമാന്‍ഡര്‍മാരും വടക്കന്‍ അതിര്‍ത്തികളില്‍ നിലവിലുള്ള സാഹചര്യങ്ങളെയും സേനയുടെ തയ്യാറെടുപ്പുകളെയും കുറിച്ച് വിശദീകരിച്ചു. മികച്ച ജാഗ്രത പാലിച്ചതിന് എല്ലാവരെയും കരസേനാ മേധാവി അഭിനന്ദിച്ചു. കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും അദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചു. ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള മുഴുവന്‍ വടക്കുഭാഗത്തും സൈന്യം കൂടുതല്‍ ജാഗ്രത നിലനിര്‍ത്തുമെന്ന് ബുധനാഴ്ച ജനറല്‍ നരവനെ പറഞ്ഞിരുന്നു.
കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷഭരിതമായ അതിര്‍ത്തി കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം സിക്കിം, അരുണാചല്‍ മേഖലകള്‍ ഉള്‍പ്പെടെ 3,500 കിലോമീറ്റര്‍ നീളമുള്ള എല്‍എസിയിലെ എല്ലാ സെന്‍സിറ്റീവ് പ്രദേശങ്ങളിലും സെന്യത്തെ വിന്യസിക്കുന്നത് കരസേന ഗണ്യമായി വര്‍ദ്ധിപ്പിച്ചിരുന്നു. അരുണാചല്‍ മേഖലയിലെ എല്‍എസിയില്‍ വ്യോമാതിര്‍ത്തിയെ പരിപാലിക്കുന്ന പ്രധാന താവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ യുദ്ധവിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും വിന്യസിസിച്ചിട്ടുണ്ട്.
ഇന്ത്യയും ചൈനയും കഴിഞ്ഞവര്‍ഷം മെയ് ആദ്യം മുതല്‍ കിഴക്കന്‍ ലഡാക്കില്‍ നേര്‍ക്കുനേര്‍സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട് നടന്ന സൈനിക, നയതന്ത്ര ചര്‍ച്ചകളെ തുടര്‍ന്ന് ഫെബ്രുവരിയില്‍ പാങ്കോംഗ് തടാകത്തിന്‍റെ വടക്ക്, തെക്ക് കരകളില്‍ നിന്ന് സൈന്യം പിന്‍വാങ്ങി. എന്നാല്‍ കിഴക്കന്‍ ലഡാക്ക് പൂര്‍ണമായും സംഘര്‍ഷ മുക്തമായിട്ടില്ല. ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഇരുരാജ്യങ്ങളുടെയും ചര്‍ച്ചകള്‍ തുടരുന്നുണ്ട്. നിരവധി പോയിന്‍റുകളില്‍ ഇരു രാജ്യങ്ങളുടെയും സേനകള്‍ നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്‍പതിന് ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന 11ാം റൗണ്ട് ചര്‍ച്ചയില്‍ ചൈനീസ് സേന വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായില്ല. അതിനാല്‍ നിലവിലുള്ള പ്രതിസന്ധി ലഡാക്കില്‍ തുടരുന്നുണ്ട്.