ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു
1 min readടെല്‍ അവീവ്: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു.ഇതുവരെ 28 പാസ്തീനികളും മൂന്ന് ഇസ്രയേലികളും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടന്നാണ് കണക്ക്. സ്ഥിതിഗതി കൂടുതല്‍ രൂക്ഷമാകുന്നതിനനുസരിച്ച് മരണസംഖ്യ ഉയരാമെന്ന് ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കി. ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്മെന്‍റിന്‍റെ (ഹമാസ്) സായുധ വിഭാഗവും പലസ്തീന്‍ ഇസ്ലാമിക് ജിഹാദും (പിഐജെ) ഉള്‍പ്പെടെ പാലസ്തീന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ഇസ്രയേല്‍ പട്ടണങ്ങളിലേക്ക് നൂറുകണക്കിന് റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിനെതുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെയാണ് തീവ്രവാദികള്‍ക്ക് മറുപടി നല്‍കിയത്.
ഹമാസിന്‍റെയും ഇസ്ലാമിക് ജിഹാദ് തീവ്രവാദികളുടെയും താവളങ്ങളിലും കാവല്‍പ്പുരകളിലും വിമാനങ്ങളുംഡ്രോണുകളും ഉപയോഗിച്ച് സേന തിരിച്ചടിച്ചു. ഗാസാമുനമ്പില്‍ രണ്ട് ഗ്രൂപ്പുകളില്‍ നിന്നുള്ള തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള അപ്പാര്‍ട്ടുമെന്‍റുകളും ബഹുനില കെട്ടിടങ്ങളും യുദ്ധവിമാനങ്ങള്‍ നശിപ്പിച്ചു.
ജറുസലേമിലെ പഴയ നഗരത്തിലുള്ള അല്‍-അക്സാ പള്ളിയില്‍ പാലസ്തീന്‍ ആരാധകരും ഇസ്രായേല്‍ പോലീസ് സേനയും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലാണ് വ്യാപക സംഘട്ടനങ്ങളിലേക്ക് വഴിതെളിച്ചത്. റമദാന്‍ കാലത്ത് പ്രാര്‍ത്ഥനക്കായി ഒത്തുകൂടാനുള്ള പാലസ്തീനികളുടെ ശ്രമം ഇസ്രയേല്‍ തടഞ്ഞിരുന്നു. കോവിഡ് കാലത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകാതിരിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു ഇത്. എന്നാല്‍ ഈ സംഭവം ഹമാസുള്‍പ്പെടെയുള്ള ഭീകര സംഘടകള്‍ വൈകാരികമായി എടുത്ത് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിനുമറുപടിയായാണ് തീവ്രവാദികള്‍ ജറുസലേമിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയത്. 2014 ല്‍ പാലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ വലിയ തോതിലുള്ള ആക്രമണമാണ് ഇതിനുമുമ്പ് നടന്നിട്ടുള്ളത്. അന്ന് സംഘര്‍ഷം 50 ദിവസം നീണ്ടുനിന്നു.
ഇസ്രായേല്‍ ആക്രമിച്ചാല്‍ അത്ിശക്തമായി തിരച്ചടിക്കുമെന്ന് ഗാസയിലെ ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പത്രക്കുറിപ്പില്‍ പറഞ്ഞു. അതിനിടെ പടിഞ്ഞാറന്‍ ഗാസ നഗരത്തിലെ 14 നിലകളുള്ള ഒരു കെട്ടിടം ഇസ്രയേല്‍ തകര്‍ത്തു. ഇസ്രയേല്‍ സൈന്യം അവിടെതാമസിക്കുന്നവരോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിനുശേഷമായിരുന്നു ആക്രമണം. എന്നിരുന്നാലും, ജനവാസമുള്ള വീടുകളും കെട്ടിടങ്ങളും ലക്ഷ്യമിടുന്നതിനെതിരെ ഹമാസ് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി. കെട്ടിടം തകര്‍ത്തതിനുശേഷം, ഹമാസിന്‍റെ സായുധ വിഭാഗമായ അല്‍-കസം ബ്രിഗേഡ്സ് ടെല്‍ അവീവിലെയും മധ്യ ഇസ്രായേലിലെ മറ്റ് നഗരങ്ങളിലെയും റോക്കറ്റാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 130 റോക്കറ്റുകളാണ് ഹമാസ് തൊടുത്തത്.ഗാസ മുനമ്പിലെ ബഹുനില കെട്ടിടവും മറ്റ് നിരവധി അപ്പാര്‍ട്ടുമെന്‍റുകളും ഇസ്രയേല്‍ ലക്ഷ്യമിട്ടതിന് മറുപടിയായാണ് റോക്കറ്റാക്രമണമെന്ന് ഹമാസ് പറയുന്നു.
അതേസമയം ഹമാസിന്‍റെ കണക്കുകള്‍ ഇസ്രയേല്‍ സേന തള്ളി. ഗാസ മുനമ്പില്‍ നിന്ന് 1,050 റോക്കറ്റുകളും മോര്‍ട്ടാര്‍ ഷെല്ലുകളും പ്രയോഗിച്ചതായി സേന വ്യക്തമാക്കുന്നു. അയണ്‍ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിന് 85 മുതല്‍ 90 ശതമാനം വരെ റോക്കറ്റുകള്‍ ജനസംഖ്യയുള്ള പ്രദേശങ്ങളിലേക്ക് പോകുന്നത് തടയാനായിട്ടുണ്ടെന്ന് ഐഡിഎഫ് വക്താവ് ഹിഡായ് സില്‍ബര്‍മാന്‍ പറഞ്ഞു.
ഇസ്രായേല്‍ വ്യോമസേന ബുധനാഴ്ച പുലര്‍ച്ചെയും ഗാസ മുനമ്പില്‍ നിരവധി വ്യോമാക്രമണങ്ങള്‍ നടത്തി. ഡസന്‍ കണക്കിന് സുരക്ഷാ സംവിധാനങ്ങളും നശിപ്പിച്ചു. അന്തരീക്ഷമാകെ ഇരുണ്ട ചാരനിറത്തിലുള്ള പുകയാണ്. സമീപകാലത്ത് ഇസ്രയേല്‍ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണിതെന്ന് നിരീക്ഷകര്‍ പറയുന്നു. പ്രതിഷേധം ഇസ്രയേലിനുള്ളിലെ മറ്റ് അറബ് പ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. സമ്മിശ്ര ജൂത-അറബ് നഗരമായ ലോഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അറബ് പ്രതിഷേധക്കാര്‍ വഴിയാത്രക്കാര്‍ക്കും പോലീസിനും നേരെ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.മെയ് 7മുതല്‍10വരെ തീയതികളില്‍ ഇസ്രയേല്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 1,100 ലധികം പാലസ്തീനികള്‍ക്ക് പരിക്കേറ്റതായി ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ (ഒഎച്ച്സിഎച്ച്ആര്‍) ഓഫീസ് അറിയിച്ചു. പൊതു സുരക്ഷാ മന്ത്രി അമീര്‍ ഒഹാന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ലോഡ് നഗരത്തിലും മറ്റ് നിരവധി സ്ഥലങ്ങളിലും പോലീസ് സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ പോലീസ് കമ്മീഷണര്‍ കോബി ഷബ്തായ് ഉത്തരവിട്ടിട്ടുണ്ട്.