ഒമാന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മൂല്യവര്‍ധിത നികുതി നേട്ടമാകുമോ?
യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം വാറ്റ് നടപ്പിലാക്കുന്ന നാലാമത്തെ ജിസിസി രാജ്യമാണ് ഒമാന്‍
മസ്‌കറ്റ്: കഴിഞ്ഞ മാസമാണ് ഒമാനില്‍ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി അഥവാ വാറ്റ് നിലവില്‍ വന്നത്. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം വാറ്റ് നടപ്പിലാക്കുന്ന നാലാമത്തെ ജിസിസി രാജ്യമാണ് ഒമാന്‍. മേല്‍പ്പറഞ്ഞ എല്ലാ രാജ്യങ്ങളിലെയും വാറ്റ് വ്യവസ്ഥ ജിസിസിയുടെ പൊതുവായ മൂല്യവര്‍ധിത നികുതി വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും നാല് രാജ്യങ്ങളിലെയും വാറ്റ് വ്യവസ്ഥകള്‍ തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്.
ചില മേഖലകളെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കാനുള്ള വിവേചനാധികാരം ജിസിസി രാജ്യങ്ങള്‍ക്കുണ്ട്. ഒമാന്‍ ഈ അധികാരം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന രീതിയിലാണ് ഒമാന്‍ വാറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അതായത് 1,000,000 ഒമാന്‍ റിയാലിലും കൂടുതല്‍ വിറ്റുവരവുള്ള ബിസിനസുകള്‍ ആണ് ഇതിനോടകം വാറ്റിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂലൈ ഒന്നിന് 1,000,000റിയാലിനും 500,000 റിയാലിനും ഇടയില്‍ വിറ്റുവരവുള്ള ബിസിനസുകളും ഒക്ടോബര്‍ ഒന്നിന് 250,000 റിയാലിനും 499,999 റിലായിനും ഇടയില്‍ വിറ്റുവരവുള്ള ബിസിനസുകളും 2022 ഏപ്രില്‍ ഒന്നിന് 38,500 റിയാലിനും 249,999 റിയാലിനും ഇടയില്‍ വിറ്റുവരവുള്ള ബിസിനസുകളും വാറ്റിനായി രജിസ്റ്റര്‍ ചെയ്യണം.
ജിസിസിയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്, വാറ്റ് ഇളവുകള്‍ക്ക് വലിയ സാധ്യതയുള്ളതാണ് ഒമാനിലെ വാറ്റ് നിയമം. ഇനി വാറ്റ് ഒമാനിലെ ഉപഭോക്താക്കളെയും ബിസിനസുകളെയും ഒമാന്‍ സമ്പദ് വ്യവസ്ഥയെയും എത്തരത്തില്‍ ബാധിക്കുമെന്ന് നോക്കാം.
ഉപഭോക്താക്കള്‍
അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തുന്നത് തീര്‍ച്ചയായും സാധനങ്ങളുടെ വില ഉയരാനും പണപ്പെരുപ്പത്തിനും കാരണമാകും. ഇത് ഉപഭോക്താക്കളുടെ സാധങ്ങള്‍ വാങ്ങാനുള്ള കഴിവിനെയും ബാധിക്കും. പക്ഷേ ഭാഗ്യവശാല്‍, ചില ഭക്ഷണ സാധനങ്ങള്‍, മരുന്നുകള്‍, പാര്‍പ്പിട വാടക, ആരോഗ്യമേഖല, വിദ്യാഭ്യാസം, പൊതു ഗതാഗതം തുടങ്ങി അവശ്യ മേഖലകള്‍ക്ക് ഒമാന്‍ വാറ്റില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത് ഉപഭോക്താക്കളില്‍ വാറ്റിന്റെ ആഘാതം കുറയ്ക്കും. പ്രത്യേകിച്ച്, വരുമാനം കുറഞ്ഞ മേഖലകളില്‍.
ബിസിനസുകള്‍
ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള നികുതിയാണ് വാറ്റ് എങ്കിലും വാറ്റ് പിരിക്കാനും ടാക്‌സ് അതോറിട്ടികള്‍ക്ക് അത് സമര്‍പ്പിക്കാനുമുള്ള ഉത്തരവാദിത്വം ബിസിനസുകാര്‍ക്കുണ്ട്. ബിസിനസുകളാണ് ഇവിടെ അധികാരികളുടെ നികുതി പിരുവുകാരായി പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വാറ്റ് രേഖപ്പെടുത്തിയ ബില്ലുകള്‍ നല്‍കുക, ഇതിനാവശ്യമായ ബുക്കുകളും രേഖകളും സൂക്ഷിക്കുക, എല്ലാ മാസമോ അല്ലെങ്കില്‍ മൂന്ന് മാസം കൂടുമ്പോഴോ അധികാരികള്‍ക്ക് മുമ്പാകെ വാറ്റ് സമര്‍പ്പിക്കുക തുടങ്ങിയ അധിക ഉത്തരവാദിത്വങ്ങള്‍ ഇതിലൂടെ ബിസിനസുകള്‍ക്ക് മേല്‍ വന്നുചേരുന്നു. ഇതുവരെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയ ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും വാറ്റില്‍ എത്ര വീഴ്ച വന്നു തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തേണ്ടതും ബിസിനസുകളുടെ ഉത്തരവാദിത്വമാണ്. വാറ്റ് കണക്കുകള്‍ കൃത്യമല്ലെങ്കില്‍ ബിസിനസ് സ്ഥാപനങ്ങള്‍ പിഴ നല്‍കേണ്ടി വരും. സങ്കീര്‍ണമായ ഇടപാടുകളിലോ ഉല്‍പ്പന്നങ്ങളിലോ ബിസിനസുകള്‍ക്ക് വിദഗ്ധരുടെ ഉപദേശം തേടാം. എന്നാല്‍ ഇത് പണച്ചിലവുള്ള കാര്യമാണ്. മാത്രമല്ല ചിലപ്പോഴൊക്കെ വാറ്റ് കാര്യങ്ങള്‍ക്ക് മാത്രമായി ജീവനക്കാരെ നിയമിക്കേണ്ടതായും വരും.
ഒമാന്‍ സമ്പദ് വ്യവസ്ഥ
ഹ്രസ്വകാലത്തേക്ക്, വാറ്റ് നടപ്പിലാക്കിയത് മൂലം സാമ്പത്തിക ക്രയവിക്രയങ്ങളില്‍ കുറവുണ്ടായെന്ന് വരാം. അഞ്ച് ശതമാനം വാറ്റ് ഒഴിവാക്കി കൊണ്ടുള്ള ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ പ്രാമുഖ്യം നല്‍കുമെന്നത് കൊണ്ടാണിത്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍, വാറ്റ് നടപ്പിലാക്കിയതിലൂടെ പുതിയ വരുമാന മാര്‍ഗമാണ് ഒമാന്‍ സര്‍ക്കാരിന് മുമ്പില്‍ തുറക്കപ്പെടുന്നത്. എണ്ണ വരുമാനത്തിലുള്ള ആശ്രിതത്വം കുറയ്ക്കാമെന്നത് മറ്റൊരു നേട്ടമാണ്. ധനക്കമ്മി കുറയ്ക്കാനും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി കൂടുതല്‍ വരുമാനം ഉപയോഗപ്പെടുത്താനുമെല്ലാം വാറ്റ് ഏര്‍പ്പെടുത്തിയതിലൂടെ സര്‍ക്കാരിന് സാധിക്കും.