ആരോഗ്യ പ്രവര്‍ത്തകരുടെ രാജി സ്വീകരിക്കേണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം
1 min readരാജ്യത്തെ കോവിഡ്-19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം
മസ്‌കറ്റ്: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആരോഗ്യപ്രവര്‍ത്തകരുടെ രാജി സ്വീകരിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രാദേശിക മാധ്യമമായ ഒമാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സൈദി അയച്ച സര്‍ക്കുലര്‍ ഉദ്ധരിച്ച് ഒമാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ നിലവിലെ അവസ്ഥയും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതും കണക്കിലെടുത്ത്് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ 12ാം വകുപ്പ് അനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ രാജി അപേക്ഷകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി തീരുമാനിച്ചുവെന്നാണ് സര്‍ക്കുലറിന്റെ ഉള്ളടക്കം. രാജ്യത്തെ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തിക്കൊണ്ട് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ പൊട്ടിപ്പുറപ്പെട്ടാല്‍ പകര്‍ച്ചവ്യാധി വ്യാപനത്തില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നതിനായി ആരോഗ്യമന്ത്രിക്ക് പ്രത്യേക അധികാരമുണ്ടെന്നാണ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ 12ാം വകുപ്പ് പറയുന്നത്.
പകര്‍ച്ചവ്യാധിക്കെതിരായ നടപടികളുടെ ഫലപ്രാപ്തി കാത്തുസൂക്ഷിക്കുന്നതിനും മികവാര്‍ന്ന ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും പകര്‍ച്ചവ്യാധിയുടെ ആഘാതങ്ങളെ എതിരിടാന്‍ എല്ലാ മേഖലകളെയും പര്യാപ്തമാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഒത്തുകൂടലിന് സമ്പൂര്‍ണ വിലക്ക് അടക്കം ഈദുല്‍ ഫിത്തര്‍ അവധി ദിനങ്ങളില്‍ പുതിയ നിയന്ത്രണങ്ങള്‍ ഒമാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.