സൗദി അറേബ്യയിലെ റെഡ് സീ ടൂറിസം പ്രോജക്ടിന് 3.7 ബില്യണ്‍ ഡോളറിന്റെ ഹരിത വായ്പ
ബാങ്ക് സൗദി ഫ്രാന്‍സി, റിയാദ് ബാങ്ക്, സൗദി ബ്രിട്ടീഷ് ബാങ്ക്, സൗദി നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളാണ് പദ്ധതിക്ക് ഹരിത വായ്പ ലഭ്യമാക്കിയത്
റിയാദ്: പ്രാദേശിക തലത്തില്‍ നടത്തിയ ഗ്രീന്‍ ഫിനാന്‍സിംഗ് വായ്പ സംവിധാനത്തിലൂടെ സൗദി അറേബ്യയിലെ റെഡ് സീ ഡെവലപ്‌മെന്റ് കമ്പനി (ടിആര്‍എസ്ഡിസി) 14.12 ബില്യണ്‍ സൗദി റിയാലിന്റെ (3.76 ബില്യണ്‍ ഡോളര്‍) വായ്പ സ്വന്തമാക്കി. സൗദി അറേബ്യയിലെ നാല് ബാങ്കുകളില്‍ നിന്നും വായ്പയിലൂടെയും റിവോള്‍വിംഗ് ക്രെഡിറ്റ് സംവിധാനത്തിലൂടെയുമാണ് റെഡ് സീ പദ്ധതിക്ക് വേണ്ട ധന സമാഹരണം നടത്തിയത്.
പടിഞ്ഞാറന്‍ തീരത്ത് നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ ടൂറിസം പദ്ധതിയായ റെഡ് സീ പദ്ധതി നിലവിലെ നിര്‍മാണ പ്രവൃത്തികള്‍ ലക്ഷ്യമിട്ടാണ് ധനസമാഹരണം നടത്തിയത്. ബാങ്ക് സൗദി ഫ്രാന്‍സി, റിയാദ് ബാങ്ക്, സൗദി ബ്രിട്ടീഷ് ബാങ്ക്, സൗദി നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളാണ് ധന സമാഹരണത്തില്‍ പങ്കെടുത്തത്.
റെഡ് സീ പദ്ധതിയെയും വിഷന്‍ 2030യെയും സംബന്ധിച്ചെടുത്തോളം മറ്റൊരു നാഴികക്കല്ലാണ് ഈ ഫണ്ടിംഗ് എന്ന് ടിആര്‍എസ്ഡിസിയിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ജെ റോസന്‍ പറഞ്ഞു. ബാങ്കുകളില്‍ നിന്നുള്ള ഈ പിന്തുണ നിക്ഷേപകര്‍ക്ക് പ്രോജക്ടിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കും. സുരക്ഷിതമായ മൂലധന ഘടനയോടെ പ്രോജക്ട് നിക്ഷേപകര്‍ക്ക് കൂടുതല്‍ സ്വീകാര്യമായി മാറുമെന്നും റോസന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്റെര്‍നാഷണല്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ് അസോസിയേഷന്റെയും ലോണ്‍ മാര്‍ക്കറ്റ് അസോസിയേഷന്റെയും ഹരിത വായ്പ നയങ്ങളും ഗ്രീന്‍ ബോണ്ട് നയങ്ങളും അനുസരിക്കുന്ന പ്രോജക്ടുകളാണ് ഗ്രീന്‍ ഫിനാന്‍സിംഗിന് അര്‍ഹത നേടുക. റെഡ് സീ പദ്ധതിക്കുള്ള ഹരിത വായ്പ ഇടപാടിന് മധ്യസ്ഥത വഹിച്ചത് എച്ച്എസ്ബിസിയാണ്. ഹരിത വായ്പ ചട്ടക്കൂടിലൂടെ ടിആര്‍എസ്ഡിസിക്ക് കൂടുതല്‍ ഹരിത വായ്പകള്‍ക്കും മറ്റ് വായ്പ സൗകര്യങ്ങള്‍ക്കും അവസരം ലഭിക്കും. വായ്പകള്‍ ലഭ്യമാക്കുന്ന ബാങ്കുകളുടെ പാരിസ്ഥിതിക, സാമൂഹിക, ഭരണ യോഗ്യതകള്‍ ശക്തിപ്പെടുത്താനും ഈ ഇടപാട് നേട്ടമാകുമെന്ന് കമ്പനി അറിയിച്ചു.
എണ്ണയിലുള്ള ആശ്രിതത്വം കുറച്ച് സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കുന്നതിനായി റെഡ് സീ പ്രോജക്ടിന് സമാനമായ നിരവധി പരിസ്ഥിതി കേന്ദ്രീകൃത മെഗാ പദ്ധതികള്‍ കഴിഞ്ഞിടെ സൗദി അറേബ്യ അവതരിപ്പിച്ചിരുന്നു. രാജ്യമെമ്പാടുമുള്ള വിനോദ സഞ്ചാര, ഉല്ലാസ പ്രോജക്ടുകളില്‍ വന്‍തോതില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ് സൗദിയുടെ ലക്ഷ്യം. രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന വിഷന്‍ 2030യുടെ പ്രധാന അജണ്ടയും വിദേശ നിക്ഷേപം ആകര്‍ഷിക്കുകയെന്നതാണ്.
90 ദ്വീപുകളിലായി 28,000 ചതുരശ്ര കിലോമീറ്റര്‍ പദ്ധതി മേഖലയില്‍ വിഭാവനം ചെയ്യുന്ന റെഡ് സീ പദ്ധതി 2030 ഓടെ പൂര്‍ത്തിയാകുമെന്നാണ് ടിആര്‍എസ്ഡിസി കരുതുന്നത്. 8,000 മുറികളുള്ള 50 ഹോട്ടലുകളും ആഡംബര ബീച്ചും വിനോദ, ഉല്ലാസ കേന്ദ്രങ്ങളുമാണ് ഇവിടെ ഉണ്ടായിരിക്കുക. സൗദി അറേബ്യയുടെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള ടിആര്‍എസ്ഡിസി 3,000 മുറികളുള്ള 16 ഹോട്ടലുകളും അഞ്ച് ദ്വീപുകളും ആണ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്നത്. 2023ഓടെ ആദ്യ ഘട്ടം പൂര്‍ത്തിയാകും. 29 ബില്യണ്‍ റിയാലാണ് ആദ്യ ഘട്ട നിര്‍മാണത്തിനുള്ള ചിലവായി പ്രതീക്ഷിക്കുന്നത്.
15 ബില്യണ്‍ റിയാലിന്റെ 500 കരാറുകള്‍ അടക്കം നിരവധി നിര്‍മാണ നാഴികക്കല്ലുകള്‍ ഇതിനോടകം റെഡ് സീ പ്രോജക്ട്് നേടിയിട്ടുണ്ട്. ജനുവരിയില്‍ പ്രോജക്ടിന്റെ ഭാഗമായ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പിനായി ഡബ്ലിന്‍ ആസ്ഥാനമായ ഡിഎഎ ഇന്റെര്‍നാഷണലിനെ ടിആര്‍എസ്ഡിസി തെരഞ്ഞെടുത്തിരുന്നു. സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെര്‍മിനലിന്റെ നടത്തിപ്പ് ചുമതലയും ഡിഎഎക്കാണ്. വിമാനത്താവളം അടക്കം റെഡ് സീ പ്രോജക്ടിന്റെ ഭാഗമായ മുഴുവന്‍ ഗതാഗത ശൃംഖലയും പുനരുപയോഗ ഊര്‍ജത്തിലാകും പ്രവര്‍ത്തിക്കുക. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ആദ്യ ഘട്ടത്തിന് ആവശ്യമായ 100 ശതമാനം പുനരുപയോഗ ഊര്‍ജവും അക്വ പവറിലൂടെയാണ്