പെട്ടന്നുള്ള ക്ഷീണവും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതും കോവിഡ് ലക്ഷണമാകാം
1 min readവൈറസ് മൂലമുള്ള രോഗങ്ങള്‍ പിടിപെടുമ്പോള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ തോത് കുറയാറുണ്ട്.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുത്തനെ താഴേക്ക് പോകുന്നത് മൂലമുണ്ടാകുന്ന കടുത്ത ക്ഷീണം കോവിഡ്-19 ആരംഭത്തിന്റെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍. ഈ ലക്ഷണം അവഗണിച്ചാല്‍ രോഗം ഗുരുതരമാകാനിടയുണ്ട്. പനിയും ശ്വാസതടസവും രോഗം മൂര്‍ച്ഛിക്കുമ്പോഴാണ് അനുഭവപ്പെടുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വൈറസ് മൂലമുള്ള രോഗങ്ങള്‍ പിടിപെടുമ്പോള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ തോത് കുറയാറുണ്ട്. അതിനാല്‍ ക്ഷീണവും അസ്വസ്ഥതകളും അനുഭവപ്പെട്ടാല്‍ അവഗണിക്കരുതെന്നും നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കോവിഡ്-19 പരിശോധന നടത്തണമെന്നും കെജിഎംയുവിലെ ശ്വാസകോശ രോഗ വിദഗ്ധനായ പ്രഫ.സന്തോഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ മറ്റ് പൊതുവായ ലക്ഷണങ്ങളും കോവിഡ്-19 കാണിക്കുമെങ്കിലും അതിസാരം, കണ്ണുകളിലെ ചുവപ്പ്, ചര്‍മ്മത്തില്‍ തടിപ്പ്, ക്ഷീണം എന്നിവയും പുതിയ രോഗലക്ഷണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
കടുത്ത ക്ഷീണവും അസ്വസ്ഥതകളും വൈറല്‍ പനിയുടെ ലക്ഷണമാണ്. കോവിഡും ഒരു വൈറസ് രോഗമായതിനാല്‍ രോഗിക്ക് ഈ രണ്ട് ലക്ഷണങ്ങളും അനുഭവപ്പെടാനിടയുണ്ട്. സാധാരണ മനുഷ്യരില്‍ ഒരു ലിറ്റര്‍ രക്തത്തില്‍ 1.5 ലക്ഷം മുതല്‍ 4.5 ലക്ഷം വരെ പ്ലേറ്റ്‌ലെറ്റുകള്‍ കാണാറുണ്ട്. എന്നാല്‍ ചില കേസുകളില്‍ ഇത് 75,000 മുതല്‍ 85,000 വരെ ആയും കാണപ്പെടാറുണ്ട്. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുമ്പോള്‍ പലപ്പോഴും ആളുകള്‍ ഡെങ്കിപ്പനി പോലുള്ള മറ്റ് രോഗങ്ങളാണ് സംശയിക്കാറ്. ഒരു വ്യക്തിക്ക് കടുത്ത ക്ഷീണവും അസ്വസ്ഥതകളും അനുഭവപ്പെടുകയാണെങ്കില്‍ കോവിഡ്-19 പരിശോധന നടത്തണമെന്നാണ് തങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതെന്ന് രാം മനോഹര്‍ ലോഹിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അധ്യാപകനായ ഡോ.വിക്രം സിംഗ് പറഞ്ഞു.
കടുത്ത ക്ഷീണം തോന്നാറുണ്ടെങ്കിലും സാധാരണ സംഭവമായി കണ്ട് ആളുകള്‍ ഡോക്ടറെ കണ്ട് ചികിത്സ നടത്തുകയോ കോവിഡ് പരിശോധന നടത്തുകയോ ചെയ്യാത്ത സാഹചര്യം ഉത്തര്‍പ്രദേശില്‍ ഉണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അവരുടെ അവസ്ഥ മോശമാകുമ്പോള്‍, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുത്തനെ താഴേക്ക് പോയതായി അവരുടെ രക്തപരിശോധനയിലൂടെ അറിയാനാകാും. ഇവര്‍ക്ക് പിന്നീട് ശ്വാസതടസ്സമുണ്ടാകാനും ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെടാനുമുള്ള സാഹചര്യമുണ്ട്.