ശക്തമായ രണ്ടാംതരംഗത്തിന് കാരണം പകര്‍ച്ചവ്യാധി അവസാനിച്ചെന്ന അബദ്ധ ധാരണ
1 min readലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതോടെ ജനങ്ങളുടെ ജാഗ്രത കുറഞ്ഞു
ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരാനുള്ള പ്രധാനകാരണം ആര്‍ജ്ജിത പ്രതിരോധശേഷിയല്ല മറിച്ച് ജാഗ്രതക്കുറവാണെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയതും പകര്‍ച്ചവ്യാധി ക്ഷീണം (പാന്‍ഡമിക് ഫാറ്റീഗ്) മൂലം രോഗത്തിനെതിരായ ആളുകളുടെ ജാഗ്രതയില്‍ കുറവുണ്ടായതുമാണ് ശക്തമായ രണ്ടാംതംരംഗത്തിനും മരണങ്ങള്‍ക്കും കാരണമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിച്ചു.
ആദ്യ തരംഗത്തില്‍ രോഗബാധ ഉണ്ടാകാതിരിക്കാന്‍ സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിക്കുകയും വീട്ടില്‍ തന്നെ കഴിയുകയും സന്ദര്‍ശകരെ ഒഴിവാക്കുകയും ഓണ്‍ലൈനായി സാധാനങ്ങള്‍ വാങ്ങുകയും ചെയ്തവര്‍ ക്രമേണ ഇത്തരം ശീലങ്ങള്‍ ഉപേക്ഷിച്ചു. ഇനിയും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ രോഗികളുടെ എണ്ണം ഇനിയും ഉയരും. പകര്‍ച്ചവ്യാധി അവസാനിച്ചെന്ന അബദ്ധ ധാരണ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നയിക്കുമെന്നും ഇനിയും തരംഗങ്ങള്‍ വന്നേക്കാമെന്നും പ്രൊസീഡിംഗ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ച പേപ്പറില്‍ ഗവേഷകര്‍ നിരീക്ഷിച്ചു.
അതേസമയം ആര്‍ജ്ജിത പ്രതിരോധ ശേഷിയിലൂടെ കോവിഡ്-19നെ നേരിടാനാകില്ലെന്നാണ് അമേരിക്കന്‍ ഊര്‍ജ വകുപ്പില്‍ നിന്നും ബ്രൂക്ക്ഹവെന്‍ നാഷണല്‍ ലബോറട്ടറിയില്‍ നിന്നും യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസില്‍ നിന്നുമുള്ള ശാസ്ത്രജ്ഞര്‍ പറയുന്നത്. ലോക്ക്ഡൗണും ഇളവുകളും കാരണം ജനങ്ങളുടെ പുറത്തിറങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൂടിയും കുറഞ്ഞുമിരിക്കുകയാണ്. ഒരു വിഭാഗത്തെയൊന്നാകെ രോഗം പിടികൂടുമ്പോള്‍ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കപ്പെടുകയും സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുറയുകയും ഒരു തരംഗം പതുക്കെ ഇല്ലാതാകുകയും ചെയ്യും. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതോടെ ആളുകളുടെ സാമൂഹിക ഇടപെടലുകള്‍ പുതുക്കപ്പെടുകയും മറ്റൊരു തരംഗത്തിന് തുടക്കമാകുകയും ചെയ്യും. ഇന്ത്യയിലും കോവിഡ് പ്രതിസന്ധി രൂക്ഷമായ മറ്റ് രാജ്യങ്ങളിലും ഇതാണ് നാം കണ്ടത്. ഇതിലും മോശമായ സാഹചര്യമാണ് അതിന് പിന്നാലെ വരാനിരിക്കുന്നതെന്ന് ഇല്ലിനോയിസ് സര്‍വ്വകലാശാലയിലെ പ്രഫസറായ നിജല്‍ ഗോള്‍ഡന്‍ഫീല്‍ഡ് പറഞ്ഞു.
ജനങ്ങളുടെ സാമൂഹിക ഇടപെടലുകളില്‍ മാറ്റമുണ്ടാകുന്നതിനാല്‍ താത്കാലികമായി ഉണ്ടാകുന്ന രോഗപ്രതിരോധം നിലനില്‍ക്കാതെ വരുന്നു. കോവിഡ്-19 പോലുള്ള പകര്‍ച്ചവ്യാധികള്‍ പകരന്ന രീതി പ്രവചിക്കുന്നതിനായി ഒരു മാതൃകയും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധി അവസാനിക്കുന്നതിനായി നിശ്ചിത വിഭാഗം ജനങ്ങള്‍ കൈവരിക്കേണ്ട പ്രതിരോധ ശേഷിയെയാണ് ആര്‍ജിത പ്രതിരോധ ശേഷി എന്ന് വിളിക്കുന്നത്. ആര്‍ജിത പ്രതിരോധ ശേഷി ഇന്നും തര്‍ക്ക വിഷയമാണ്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ തുടക്കകാലത്ത് പെട്ടന്ന് ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. അങ്ങനെ വൈറസ് വ്യാപനം തടുക്കാമെന്നായിരുന്നു ഒരു വിഭാഗം ആളുകളുടെ അഭിപ്രായം. എന്നാല്‍ കോവിഡ്-19ന്റെ കാര്യത്തില്‍ ആര്‍ജിത പ്രതിരോധ ശേഷി ഫലപ്രദമാകില്ലെന്നാണ് തങ്ങളുടെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.