ബിറ്റ്‌കോയിന്‍ ഫണ്ട് നാസ്ദക് ദുബായില്‍ ലിസ്റ്റ് ചെയ്‌തേക്കും
1 min read15 മില്യണ്‍ ഡോളറിന്റെ ആസ്തികളുമായി കഴിഞ്ഞ വര്‍ഷം ടൊറന്റോ ഓഹരി വിപണിയിലാണ് ഫണ്ട് ആദ്യമായി ലിസ്റ്റ് ചെയ്തത്
ദുബായ് : ദുബായ് ഓഹരി വിപണിയായ നാസ്ദക് ദുബായില്‍ വ്യാപാരം നടത്താന്‍ ബിറ്റ്‌കോയിന്‍ ഫണ്ടിന് ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് അതോറിട്ടിയുടെ അനുമതി. നാസ്ദക് ദുബായിലെ ബിറ്റ്‌കോയിന്‍ ഫണ്ടിന്റെ ഇരട്ട ലിസ്റ്റിംഗിന് വേണ്ട അനുമതികള്‍ ലഭിച്ചതായി കാനഡ ആസ്ഥാനമായ ഡിജിറ്റല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ 3iQ അറിയിച്ചു. ഇതോടെ പശ്ചിമേഷ്യയില്‍ ഓഹരിവിപണിയില്‍ വ്യാപാരം നടത്തുന്ന ആദ്യ ക്രിപ്‌റ്റോ കറന്‍സി ഫണ്ടായി ബിറ്റ്‌കോയിന്‍ ഫണ്ട് മാറും. മേയ് മൂന്നാം വാരത്തോടെ ലിസ്റ്റിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി അവസാന വാരത്തോടെ നാസ്ദക് ദുബായില്‍ ഓഹരികളുടെ വ്യാപാരം ആരംഭിക്കാനാകുമെന്നാണ് ബിറ്റ്‌കോയിന്‍ ഫണ്ട് കരുതുന്നത്.
15 മില്യണ്‍ ഡോളറിന്റെ ആസ്തികളുമായി കഴിഞ്ഞ വര്‍ഷം ടൊറന്റോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ബിറ്റ്‌കോയിന്‍ ഫണ്ടിന്് കീഴില്‍ നിലവില്‍ ഏകദേശം 1.5 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ ഉണ്ട്. ബിറ്റ്‌കോയിന്‍ മൂല്യത്തിലുണ്ടായ അസാധാരണ വളര്‍ച്ചയാണ് ഇതിന് പിന്നില്‍. ഫണ്ട് പ്രവര്‍ത്തനം തുടങ്ങി 12 മാസത്തിനുള്ളില്‍ ബിറ്റ്‌കോയിന്റെ മൂല്യം 7,300 ഡോളറില്‍ നിന്നും 57,000 ഡോളറായി മാറിയിരുന്നു. കഴിഞ്ഞ ആഴ്ച ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍ബേസില്‍ ഓഹരികളുടെ ലിസ്റ്റിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ബിറ്റ്‌കോയിന്റെ മൂല്യം 63,000ത്തില്‍ എത്തിയിരുന്നു. എന്നാല്‍ ക്രിപ്‌റ്റോകറന്‍സികളുടെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയിലുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ബിറ്റ്‌കോയിന്‍ മൂല്യം 54,806ല്‍ എത്തി. നിലവില്‍ 1 ട്രില്യണിലധികം വിപണി മൂലധനമാണ് ബിറ്റ്‌കോയിനുള്ളത്.
അടുത്ത വര്‍ഷത്തോടെ ആസ്തി മൂല്യം ഇരട്ടിയാക്കാനാണ് ഫണ്ടിന്റെ പദ്ധതിയെന്ന് 3iQ ചെയര്‍മാനും സിഇഒയുമായ ഫെഡറിക് പീ പറഞ്ഞു. മേയ് സിംഗപ്പൂര്‍, തായ്‌വാന്‍, സ്വീഡന്‍, യുഎസ്, എന്നീ വിപണികളിലും ബിറ്റ്‌കോയിന്‍ ഫണ്ടിനെ ലിസ്റ്റ് ചെയ്യുന്നതിനായി അവിടങ്ങളിലെ ഓഹരി വിപണികളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഫെഡറിക് പീ അറിയിച്ചു. ഇത്തരത്തില്‍ ബിറ്റ്‌കോയിന്റെ 24 മണിക്കൂര്‍ വ്യാപാരമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ദുബായ് ആസ്ഥാനമായ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ദല്‍മ കാപ്പിറ്റലാണ് പശ്ചിമേഷ്യയില്‍ ബിറ്റ്‌കോയിന്‍ ഫണ്ടിന്റെ വികസന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായ കോര്‍പ്പറേറ്റ് ഫിനാന്‍സ് ഉപദേഷ്ടാവായ 01 കാപ്പിറ്റലും ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ റസ്‌ലിന്‍ കാപ്പിറ്റലും ബിറ്റ്‌കോയിന്‍ ഫണ്ടിന് ദുബായ് ലിസ്റ്റിംഗിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കിയിരുന്നു. പിന്‍സെന്റ് മേസണ്‍സ് ആണ് ലിസ്റ്റിംഗിന്റെ നിയമപരമായ നടപടിക്രമങ്ങള്‍ നടത്തിയത്. അതുല്യമായ ഈ നിക്ഷേപ അവസരം പശ്ചിമേഷ്യയിലേക്ക്് കൂടി വ്യാപിപ്പിക്കു്ന്നതിനുള്ള അനുയോജ്യമായ അവസരമായാണ് ഈ ലിസ്റ്റിംഗിനെ കരുതുന്നതെന്ന് പീ പറഞ്ഞു. സോവറീന്‍ വെല്‍ത്ത് ഫണ്ടുകള്‍ അടക്കമുള്ള വ്യവസ്ഥാപിത നിക്ഷേപകര്‍ ബിറ്റ്‌കോയിന്‍ ഫണ്ടിന്റെ ലിസ്റ്റിംഗില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി ദല്‍മ കാപ്പിറ്റല് മാനേജ്‌മെന്റ് സിഇഒ സക്കരി കെഫറാട്ടി പറഞ്ഞു. പ്രാദേശിക ബാങ്കുകള്‍ മുഖേന ബിറ്റ്‌കോയിനില്‍ നിക്ഷേപം നടത്താനാണ് മുമ്പ് നിക്ഷേപകര്‍ ശ്രമിച്ചിരുന്നത്. പക്ഷേ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളിലേക്കാണ് പണം പോകു്ന്നതെന്ന് മനസിലാക്കുമ്പോള്‍ ബാങ്കുകള്‍ എക്കൗണ്ട് ക്ലോസ് ചെയ്യുന്ന അവസ്ഥയുണ്ടായിരുന്നു. ബിറ്റ്‌കോയിന്‍ ഫണ്ട് നാസ്ദക് ദുബായില്‍ ലിസ്റ്റ് ചെയ്യുന്നതോടെ ഇതില്‍ വലിയ മാറ്റമുണ്ടാകുമെന്ന് കെഫറാട്ടി പറഞ്ഞു.
ദുബായ് ഇന്റെര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ദല്‍മ കാപ്പിറ്റല്‍ വരുംദിവസങ്ങളില്‍ ബിറ്റ്‌കോയിന്‍ ഫണ്ടിന്റെ പ്രചാരണാര്‍ത്ഥം റോഡ്‌ഷോ സംഘടിപ്പിക്കും. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ, മാര്‍ക്കറ്റിംഗ് പരിപാടികള്‍ക്കൊപ്പം ക്രിപ്‌റ്റോകറന്‍സി തല്‍പ്പരരായ വിന്‍കെല്‍വോസ് ട്്്വിന്‍സിന്റെ പ്രസന്റേഷനും നടക്കും. ഇതിന് ശേഷം മൂന്നാഴ്ച ബിറ്റ്‌കോയിന്‍ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള ബുക്ക് ബില്‍ഡിംഗ് നടപടിക്രമങ്ങള്‍ ആരംഭിക്കും.
തുടക്കത്തില്‍ നിക്ഷേപകരില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് ബിറ്റ്‌കോയിന്‍ ഫണ്ടിന്റെ വ്യാപാരം സംബന്ധിച്ച് ലഭിച്ച് കൊണ്ടിരിക്കുന്നത്. നിയമ പ്രശ്‌നങ്ങള്‍ കാരണം ബിറ്റ്‌കോയിനില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ സാധിക്കാത്ത ഇടപാടുകാരുള്ള ബാങ്കുകളും അസറ്റ് മാനേജര്‍മാരുമാണ് കൂടുതലായി അന്വേഷണങ്ങള്‍ നടത്തുന്നത്. ബിറ്റ്‌കോയിന്‍ മൂല്യത്തിലുള്ള വളര്‍ച്ച നേട്ടമാക്കാന്‍ പറ്റാതെ പോയെന്ന നിരാശയാണ് മിക്ക നിക്ഷേപകര്‍ക്കുമുള്ളത്. പതിനൊന്ന് വര്‍ഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്‌കോയിന്‍. പശ്ചിമേഷ്യയില്‍ ഇവ ലഭ്യമാകുന്നതിലുള്ള നിയമ തടസങ്ങള്‍ മൂലം പലര്‍ക്കും ബിറ്റ്‌കോയിനില്‍ നിക്ഷേപം നടത്താനായിട്ടില്ല. ബിറ്റ്‌കോയിന്‍ നിക്ഷേപത്തിന് സമയം വൈകിപ്പോയോ എന്ന സംശയവും പലര്‍ക്കുമുണ്ട്. എന്നാല്‍ സമയമൊട്ടും വൈകിയിട്ടില്ലെന്ന് കെഫറാട്ടി പറഞ്ഞു.
ലോകമെമ്പാടുമുള്ള നിരവധി റെഗുലേറ്റര്‍മാര്‍ ബിറ്റ്‌കോയിനിലും ക്രിപ്‌റ്റോകറന്‍സികളുടെ പ്രചാരണാര്‍ത്ഥമുള്ള ലൈസന്‍സ് ഇല്ലാത്ത ഫണ്ടുകളിലും ഇപ്പോഴും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. യുകെയിലെ ഫിനാന്‍്ഷ്യല്‍ കണ്ടക്ട് അതോറിട്ടി ക്രിപ്‌റ്റോകറന്‍സി ഉല്‍പ്പന്നങ്ങളുടെ വ്യാപാരം നിരോധിച്ചിട്ടുണ്ട്. സമാനമായി തുര്‍ക്കി കഴിഞ്ഞ ആഴ്ച ക്രിപ്‌റ്റോകറന്‍സി ഉപയോഗം പൂര്‍ണമായും നിരോധിച്ചു. ഇന്ത്യയും ക്രിപ്‌റ്റോ കറന്‍സിക്കെതിരെ നിയമം കൊണ്ടുവരാനുള്ള പദ്ധതിയിലാണ്