ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഉപയോഗം തീരുമാനം രണ്ട് ദിവസത്തിനകം
1 min readജെ ആന്‍ഡ് ജെ വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെക്കുന്ന കാര്യത്തില്‍ യോഗം ചേര്‍ന്ന് ഏപ്രില്‍ 23നകം തീരുമാനമെടുക്കുമെന്ന് അമേരിക്കയിലെ സാംക്രമിക രോഗ വിദഗ്ധനായ ഡോ. ആന്തോണി ഫൗസി
കോവിഡ്-19നെതിരായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ യോഗം ചേര്‍ന്ന് ഏപ്രില്‍ 23നകം തീരുമാനമെടുക്കുമെന്ന് അമേരിക്കയിലെ മുതിര്‍ന്ന സാംക്രമിക രോഗ വിദഗ്ധനും പ്രസിഡന്റിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ ഡോ. അന്തോണി ഫൗസി. വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ അപൂര്‍വ്വമായി രക്തം കട്ട പിടിക്കുന്നത് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ജെ ആന്‍ഡ് ജെ വാക്‌സിന്‍ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചത്.
വെള്ളിയാഴ്ചയോടെ ഏതെങ്കിലും രീതിയില്‍ വാക്‌സിന്‍ നല്‍കുന്നത് തുടര്‍ന്നില്ലെങ്കില്‍ അത് വളരെ അതിശയകരമായിരിക്കുമെന്ന് ഫൗസി പറഞ്ഞു. ചില നിയന്ത്രണങ്ങളോടെ വാക്‌സിന്‍ നല്‍കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ വാക്‌സിന്‍ നല്‍കുകയോ ആണ് വാക്‌സിനേഷന്‍ തുടരുന്നതിന് മുമ്പിലുള്ള മാര്‍ഗങ്ങളെന്ന് ഫൗസി പറഞ്ഞു. നിലവില്‍ അക്കാര്യത്തില്‍ ഒന്നും പറയാനാകില്ലെന്നും യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെ ആന്‍ഡ് ജെ വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം നിരവധി പേരില്‍ അസാധാരണമായി രക്തം കട്ട പിടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഫെഡറല്‍ ഹെല്‍ത്ത് ഉപദേഷ്ടാക്കള്‍ അമേരിക്കയില്‍ ഈ വാക്‌സിന്റെ ഉപയോഗം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ ആറുപേരിലാണ് ഇത്തരത്തില്‍ രക്തം കട്ടപിടിക്കുന്ന സ്ഥിതി കണ്ടെത്തിയതെന്ന് ഫൗസി പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലും യുകെയിലും അസ്ട്രസെനക ഉപയോഗിച്ചപ്പോള്‍ ഉണ്ടായതിന് സമാനമാണ് ഈ അവസ്ഥയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രക്തം കട്ട പിടിക്കുന്നതും വാക്‌സിനേഷനും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് മുന്നോടിയായി മുന്‍കരുതലെന്നോണമാണ് ഏപ്രില്‍ 13ന് ഒറ്റഡോസുള്ള കോവിഡ്-19 വാക്‌സിനായ ജെ ആന്‍ഡ് ജെ വാക്‌സിന്റെ ഉപയോഗം അമേരിക്ക നിര്‍ത്തിവെച്ചത്.
രക്തക്കട്ട കണ്ടെത്തിയ ആറുപേരില്‍ അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷനും സിഡിസിയും പരിശോധനകള്‍ നടത്തിവരികയാണ്. ഈ പ്രക്രിയ പൂര്‍ത്തിയാകും വരെ ജെ ആന്‍ഡ് ജെ വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെക്കാനാണ് നിര്‍ദ്ദേശം. ഇതുവരെ ഈ വാക്‌സിന്റെ 6.8 ദശലക്ഷം ഡോസുകളാണ് അമേരിക്കയില്‍ വിതരണം ചെയ്തിട്ടുള്ളത്.