ഹോട്ടലുകള്‍ക്കുള്ള ഫീസിളവ് ജൂണ്‍ 30 വരെ തുടരാന്‍ അബുദാബി തീരുമാനം
1 min readഅബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി
അബുദാബി: എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കുള്ള ടൂറിസം, മുനിസിപ്പാലിറ്റി ഫീസുകളിലെ ഇളവ് ജൂണ്‍ 30 വരെ തുടരാന്‍ അബുദാബിയിലെ വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് (ഡിസിടി അബുദാബി) തീരുമാനിച്ചു. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ ഹോട്ടലുകള്‍ക്ക് പിന്തുണ നല്‍കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം.
അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹോട്ടലുകള്‍ക്കുള്ള ഫീസിളവുകള്‍ തുടരാന്‍ ഡിസിടി അബുദാബി തീരുമാനിച്ചത്. പകര്‍ച്ചവ്യാധിയുടെ ആഘാതം മറികടക്കാന്‍ ഹോട്ടലുകളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 2020 മാര്‍ച്ചിലാണ് ഡിസിടി അബുദാബി നിരവധി പദ്ധതികളും ഉത്തേജന പാക്കേജുകളും പ്രഖ്യാപിച്ചത്. അസാധാരണവും അടിയന്തരവുമായ നിലവിലെ സാഹചര്യത്തില്‍ ടൂറിസം മേഖലയ്ക്കുള്ള സഹായം തുടരണമെന്ന പൊതുവികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് ഡിസിടി അബുദാബിയിലെ ടൂറിസം ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അലി ഹസ്സന്‍ അല്‍ ഷൈബ പറഞ്ഞു.
ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനും കോവിഡ്-19 ആഘാതത്തില്‍ നിന്നും ടൂറിസം മേഖല പൂര്‍ണമായും മുക്തമായെന്ന് ഉറപ്പുവരുത്താനും നിക്ഷേപകര്‍ക്കും പങ്കാളികള്‍ക്കും ഈ തീരുമാനം ആത്മവിശ്വാസം പകരമെന്നും ടൂറിസം മേഖലയുടെ വികസനത്തിന് പൊതു, സ്വകാര്യ മേഖലകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാമെന്നും അതിനുവേണ്ട സാഹചര്യമൊരുക്കുകയാണ് ഡിസിടി ചെയ്യുന്നതെന്നും അലി ഹസ്സന്‍ പറഞ്ഞു.