November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധം അവസാനിപ്പിക്കുന്നു

1 min read

അഫ്ഗാനില്‍നിന്ന് യുഎസ് സൈനികര്‍ പിന്മാറുന്നു

സെപ്റ്റംബര്‍ 11 നുമുമ്പ് അഫ്ഗാനില്‍നിന്ന് എല്ലാ യുഎസ് സൈനികരെയും പിന്‍വലിക്കും. അഫ്ഗാന്‍ സര്‍ക്കാരിനെ തുടര്‍ന്നും യുഎസ് പിന്തുണയ്ക്കുകയും അവരുടെ സൈന്യത്തിന് സഹായം നല്‍കുകയും ചെയ്യുമെന്നും ബൈഡന്‍.

വാഷിംഗ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കവുമായി പ്രസിഡന്‍റ് ജോ ബൈഡന്‍. ഇതിന്‍റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍നിന്ന് യുഎസ് സൈനികരെ പിന്‍വലിക്കാനുള്ള നിര്‍ണായക തീരുമാനമാണ് ബൈഡന്‍ കൈക്കൊണ്ടത്. സെപ്റ്റംബര്‍ 11 നുമുമ്പ് അഫ്ഗാനില്‍നിന്ന് എല്ലാ യുഎസ് സൈനികരെയും പിന്‍വലിക്കും. “യുണൈറ്റഡ് സ്റ്റേറ്റ്സ് ഞങ്ങളുടെ അവസാന പിന്‍വലിക്കല്‍ ആരംഭിക്കും, ഈ വര്‍ഷം മെയ് ഒന്നിന് ഇത് ആരംഭിക്കും,” ബൈഡന്‍ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

സെപ്റ്റംബര്‍ 11 ന് നടന്ന ഭീകരാക്രമണത്തിന്‍റെ ഇരുപതാം വാര്‍ഷികം ആചരിക്കുന്നതിനുമുമ്പ് യുഎസ് സൈനികരും നാറ്റോ സഖ്യകക്ഷികളും പ്രവര്‍ത്തന പങ്കാളികളും വിന്യസിച്ചിരിക്കുന്ന സൈനികരും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറും. “അമേരിക്കയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണിത്. അമേരിക്കന്‍ സൈനികര്‍ നാട്ടിലേക്ക് വരേണ്ട സമയമാണിത്,” അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ഭീകരവിരുദ്ധ ലക്ഷ്യങ്ങള്‍ നേടിയെന്ന് അദ്ദേഹം പറഞ്ഞു.തന്‍റെ പ്രസ്താവനയില്‍, പിന്‍വലിക്കല്‍ വ്യവസ്ഥ ഏതെങ്കിലും മാറ്റങ്ങള്‍ക്ക് വിധേയമല്ലെന്നും ബൈഡന്‍ വ്യക്തമാക്കി. പിന്‍വലിക്കലിന് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കും. അഫ്ഗാനില്‍ തങ്ങളുടെ സൈനിക സാന്നിധ്യം വിപുലീകരിക്കുന്നതിന് ഇപ്പോള്‍ അമേരിക്ക താല്‍പ്പര്യപ്പെടുന്നില്ലെന്ന് ബൈഡന്‍റെ വാക്കുകള്‍ വ്യക്തമാക്കുന്നു.

‘അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന്‍റെ അദ്ധ്യക്ഷത വഹിക്കുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡന്‍റാണ് ഞാന്‍. രണ്ട് റിപ്പബ്ലിക്കന്‍മാര്‍, രണ്ട് ഡെമോക്രാറ്റുകള്‍. ഈ ഉത്തരവാദിത്തം അഞ്ചാമതൊരാളിലേക്ക് ഞാന്‍ കൈമാറില്ല.’ബൈഡന്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയെ യുദ്ധത്തിലേക്ക് നയിച്ച ഭീകരാക്രമണത്തിന്‍റെ ഇരുപതാം വാര്‍ഷികമാണ് വരാനിരിക്കുന്ന സെപ്റ്റംബര്‍ 11. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ യുദ്ധത്തില്‍ 2,488 യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും 20,722 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്മാറ്റത്തിനുശേഷം യുഎസ് അഫ്ഗാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുകയും അഫ്ഗാന്‍ സൈന്യത്തിന് സഹായം നല്‍കുകയും ചെയ്യുമെന്ന് ബൈഡന്‍ എടുത്തുപറഞ്ഞു. ‘ഞങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ സൈനികപരമായി ഇടപെടില്ലെങ്കിലും ഞങ്ങളുടെ നയതന്ത്ര, മാനുഷിക പ്രവര്‍ത്തനങ്ങള്‍ തുടരും.’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് യുഎസ് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

അഫ്ഗാന്‍ പ്രസിഡന്‍റ് മുഹമ്മദ് അഷ്റഫ് ഘനിയുമായി ബൈഡന്‍ നേരത്തെ സംസാരിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈനികര്‍ പിന്മാറിയതിനുശേഷം ഉഭയകക്ഷി പങ്കാളിത്തത്തിനുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്തവനയില്‍ പറയുന്നു. യുഎസിലെ മുന്‍ ഭരണകൂടവും താലിബാനും തമ്മില്‍ എത്തിച്ചേര്‍ന്ന കരാര്‍ പ്രകാരം മെയ് ഒന്നിന് വിദേശസൈനികര്‍ അഫ്ഗാനില്‍നിന്ന് പിന്മാറണമായിരുന്നു. എന്നാല്‍ അഫ്ഗാനിലെ കലുഷിതമായ അന്തരീക്ഷവും യുഎസിലെ ഭരണമാറ്റവും സമയപരിധി മുന്നോട്ടു നീക്കുകയായിരുന്നു.
അമേരിക്കയും താലിബാനും 2020 ഫെബ്രുവരി അവസാനത്തോടെയാണ് കരാറില്‍ ഒപ്പുവെച്ചത്. തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള കരാറിന്‍റെ വ്യവസ്ഥകള്‍ താലിബാന്‍ പാലിച്ചാല്‍ 2021 മെയ് മാസത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് വിദേശ സേനയെ പൂര്‍ണമായും പിന്‍വലിക്കാമെന്നായിരുന്നു കരാര്‍. യുഎസ്-താലിബാന്‍ കരാര്‍ പ്രകാരം താലിബാന്‍ പ്രതിജ്ഞാബദ്ധത പാലിച്ചിട്ടില്ലെന്ന് ബൈഡന്‍ ഭരണകൂടം വിലയിരുത്തിയതിനെത്തുടര്‍ന്നാണ് സൈനിക പിന്മാറ്റത്തില്‍ അനിശ്ചിതത്ത്വം ഉണ്ടായത്. അഫ്ഗാനിസ്ഥാനില്‍ ഏകദേശം 2500 യുഎസ് സൈനികരുണ്ടെന്ന് പെന്‍റഗണ്‍ പറയുന്നു. എന്നാല്‍ ഇതില്‍ ആയിരം സ്പെഷല്‍ ഫോഴ്സസിലെ അംഗങ്ങളെ പരിഗണിച്ചിട്ടില്ലെന്ന് യുഎസ് മാധ്യമങ്ങള്‍പറയുന്നു. ഇതുകൂടാതെ ഏഴായിരത്തോളം നാറ്റോ സൈനികരും അഫ്ഗാനിലുണ്ട്.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

യുഎസ് സൈനിക പിന്മാറ്റം വൈകുന്നതില്‍ പ്രതിഷേധിച്ച് അഫ്ഗാന്‍ താലിബാന്‍ അമേരിക്കക്ക് മുമ്പ് പലതവണ മുന്നറിയിപ്പ് കൊടുത്തിരുന്നു. അഫ്ഗാന്‍ സേനയെ ആക്രമിക്കുന്നത് ഇപ്പോഴും താലിബാന്‍ തുടരുകയാണ്. എന്നാല്‍ അവര്‍ വിദേശ സൈനികരെ ആക്രമിക്കുന്നത് നിര്‍ത്തി. എന്നാല്‍ താലിബാന്‍റെ നിലവിലുള്ള പ്രവണത സൂചിപ്പിക്കുന്നത് അവരുടെ പഴയ കാലഘട്ടത്തിന്‍റെ തുടര്‍ച്ചയിലേക്ക് ആ രാജ്യത്തെ നയിച്ചേക്കാനുള്ള സാധ്യത വളരെക്കൂടുതലാണ് എന്നാണ്. അന്ന് വനിതകള്‍ക്ക് അഫ്ഗാനില്‍ സ്വാതന്ത്രയം പാടെ നിഷേധിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസത്തിന് കാര്യമായ ഒരു പരിഗണനയും നല്‍കിയിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തിരുന്നു.

ആണ്‍കോയ്മയ്ക്ക് മാത്രം പ്രാധാന്യം നല്‍കിയും മതപരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പോരാട്ട ഗ്രൂപ്പുകളെ വാര്‍ത്തെടുക്കുകയും അവര്‍ ചെയ്തു. പാക്കിസ്ഥാന് ഇത് ഒരു അനുഗ്രഹമായിരുന്നു. മുല്ല ഒമറിന്‍റെ അന്നത്തെ ഭരണകൂടവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജ്യം പാക്കിസ്ഥാനായിരുന്നു. ഇതിന് അവസാനമുണ്ടായത് അമേരിക്കയുടെ വരവോടെയായിരുന്നു. എന്നാല്‍ ഇന്നും തെരഞ്ഞെടുക്കപ്പെട്ട അഫ്ഗാന്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെക്കാള്‍ കൂടുതല്‍ പ്രദേശങ്ങള്‍ താലിബാന്‍റെ നിയന്ത്രണത്തിലുള്ളതായി പറയപ്പെടുന്നു. എന്നാല്‍ പ്രമുഖ നഗരങ്ങള്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാണ്. ഇപ്പോഴും മിക്ക ദിവസങ്ങളിലും താലിബാന്‍ നഗരങ്ങളില്‍ കടന്ന് ആക്രമണം നടത്തുന്നുണ്ട്. ഇതിന് സര്‍ക്കാര്‍ സൈന്യം തിരിച്ചടി നല്‍കുന്നുമുണ്ട്. എന്നാല്‍ നിരപരാധികള്‍ നിരധിപേരാണ് സ്ഫോടനങ്ങളിലും മറ്റും കൊല്ലപ്പെടുന്നത്. യുഎസ് അടക്കമുള്ള വിദേശ രാജ്യങ്ങളുടെ സൈന്യം അവിടെ കാഴ്ചക്കാരായി നിലകൊള്ളുന്നു എന്നുവേണം പറയാന്‍. എങ്കിലും അഫ്ഗാന്‍ സേനയ്ക്ക് വേണ്ട നിര്‍ദേശവും മറ്റുപിന്തുണയും നാറ്റോ സേന നല്‍കുന്നുണ്ട്. നേരിട്ട് ആക്രമണങ്ങളില്‍ പങ്കെടുക്കുന്നില്ല എന്നുമാത്രം.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

താലിബാനുമായി ചര്‍ച്ച നടത്തി അഫ്ഗാനില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി ഒരു കരാറിലെത്തിയത് ട്രംപിന്‍റെ മേല്‍നോട്ടത്തിലായിരുന്നു. എന്നാല്‍ ഈ കരാര്‍ അദ്ദേഹത്തിന്‍റെ കാലത്ത് നടപ്പാക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടു. അന്ന് പാക്കിസ്ഥാനും ഈ ചര്‍ച്ചകളില്‍ ഒരു പങ്ക് വഹിച്ചിരുന്നു. അത് അയല്‍ രാജ്യത്ത് സമാധാനം ഉണ്ടായിക്കാണാനുള്ള ആഗ്രഹം കൊണ്ടായിരുന്നില്ല. മറിച്ച് താലിബാനുമായി ബന്ധം കൂടുതല്‍ ശക്തമാക്കുകയും ഒപ്പം അങ്ങനെയൊരു ഭരണകൂടം നിലവില്‍ വന്നാല്‍ അവരെ ഇസ്ലാമബാദിന്‍റെ പാവയായി മാറ്റാനുമുള്ള ഒരു കുതന്ത്രം ഇതിന്‍റെ പിന്നിലുണ്ടായിരുന്നു. കൂടാതെ ഇന്ത്യക്കെതിരെ തിരിയാന്‍ ഒരു രാജ്യത്തെക്കൂടി തങ്ങളുടെ പക്ഷത്ത് നിര്‍ത്താന്‍ അവര്‍ ആഗ്രഹിച്ചു. ഇതിനുപിന്നില്‍ ചൈനയുടെ ഉപദേശവും ഉണ്ടായിരുന്നതായി വിദഗ്ധര്‍ പറയുന്നു. ഇക്കാര്യത്തില്‍ ചൈനക്ക് നേരിട്ട് ഇടപെടാന്‍ ആവില്ല. കാരണം ചര്‍ച്ച നയിക്കുന്നത് യുഎസ് ആയതിനാല്‍ ബെയ്ജിംഗിന്‍റെ ഇടപെടല്‍ അതിനെ ദോഷകരമായി ബാധിച്ചേക്കാം. ഇതിനാല്‍ പാക്കിസ്ഥാനെ അവര്‍ മുന്നോട്ടുനീക്കി. ഇപ്പോള്‍ യുഎസ് സൈനികര്‍ ക്രമേണ അഫ്ഗാനില്‍നിന്ന് ക്രമേണ പിന്മാറുന്ന സാഹചര്യത്തില്‍ രാജ്യം വീണ്ടും താലിബാന്‍റെ നിയന്ത്രണത്തേക്ക് നീങ്ങാനുള്ള സാധ്യതയാണ് കാണുന്നത്. പഴയ താലിബാന്‍ ഭരണകാലത്തെ ഇരുണ്ട കാലഘട്ടമായാണ് വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നത. ഇനി അത് ആവര്‍ത്തിച്ചാല്‍ ഒരു സമൂഹം വീണ്ടും അടിച്ചമര്‍ത്തലുകള്‍ക്കും വിഭജനങ്ങള്‍ക്കും പലായനത്തിനുമെല്ലാം ഇരയായേക്കും.

Maintained By : Studio3