ഭീകരാക്രമണ ഭീഷണി:ബംഗ്ലാദേശില്‍ സുരക്ഷ അതിശക്തമാക്കി
1 min readധാക്ക: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ധാക്കയില്‍ സുരക്ഷ അതിശക്തമാക്കി.ധാക്ക മെട്രോപൊളിറ്റന്‍ പോലീസിന്‍റെ (ഡിഎംപി) നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസിനെയും ലൈറ്റ് മെഷീന്‍ ഗണ്‍ പോസ്റ്റുകളും അധികമായി വിന്യസിച്ചു.ഹെഫസാത് ഇ ഇസ്ലാമി തീവ്രവാദ സംഘടനയോ മറ്റ് തീവ്ര സാമുദായിക ശക്തികളോ രാജ്യത്തെ പോലീസിന് നേരെ നടത്തുന്ന ഏതൊരാക്രമണത്തെയും അതിശക്തമായി നേരിടുമെന്ന് ധാക്കയിലെ തേജ്ഗാവ് സോണ്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹരുണ്‍-ഉര്‍-റാഷിദ് പറഞ്ഞു.പോലീസ് സ്റ്റേഷനുകളിലും പ്രത്യേക സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി തിങ്കളാഴ്ച നിരവധി ഹെഫാസത്ത് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു. നേരത്തെ മുമ്പ് നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് രാജ്യവ്യാപകമായി അറസ്റ്റുചെയ്തത്.
അതേസമയം, ഹെഫസാത്തിന്‍റെ മുന്‍ മേധാവി (അമീര്‍) ഷാ അഹ്മദ് ഷാഫിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സംഘടനാ മേധാവി (അമീര്‍) ജുനൈദ് ബാബുനഗരി ഉള്‍പ്പെടെ തീവ്രവാദ സംഘടനയിലെ 43 അംഗങ്ങള്‍ക്കതിരെ പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശന സമയത്തും തീവ്രവാദ സംഘടന ബംഗ്ലാദേശിലുടനീളം അക്രമം അഴിച്ചുവിട്ടിരുന്നു.
മാര്‍ച്ച് 27 ന് ബ്രഹ്മന്‍ബേറിയയിലെ സരൈല്‍ ഉപജില്ലയിലുള്ള അരൂയില്‍ പോലീസ് ക്യാമ്പ് ആക്രമിച്ച കേസില്‍ പ്രതികളായ മൂന്ന് തീവ്രവാദികളെ ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തതായി ബ്രഹ്മന്‍ബാരിയ സീനിയര്‍ അസിസ്റ്റന്‍റ് പോലീസ് സൂപ്രണ്ട് (സരൈല്‍ സര്‍ക്കിള്‍) അനിസുര്‍ റഹ്മാന്‍ സ്ഥിരീകരിച്ചു. ബ്രഹ്മന്‍ബാരിയയിലെ സരൈല്‍ ഉപജില്ലയില്‍ നടന്ന ഘോഷയാത്രയിലും തുടര്‍ന്നുണ്ടായ അക്രമങ്ങളിലും സരൈല്‍ പോലീസ് ഇന്‍സ്പെക്ടറും സായുധ പോലീസ് ബറ്റാലിയനിലെ (എപിബിഎന്‍) അംഗങ്ങളും ഉള്‍പ്പെടെ 25 പൊലീസുകാര്‍ക്ക് നേരത്തെ പരിക്കേറ്റിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് റഹ്മാന്‍ പറഞ്ഞു. റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ (ആര്‍എബി) ഹെഫസാത്തിന്‍റെ കേന്ദ്ര സംഘാടക സെക്രട്ടറി അസിസുല്‍ ഹക്ക് ഇസ്ലാമാബാദിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹെഫസാത്ത് നടത്തിയ രാജ്യവ്യാപകമായ അക്രമവുായി ബന്ധപ്പെട്ട് ചാറ്റോഗ്രാമിലെ ഹതസാരി പ്രദേശത്ത് നിന്നാണ് ഹക്കിനെ അറസ്റ്റ് ചെയ്തതെന്ന് ജോയിന്‍റ് ഡിറ്റക്ടീവ് ബ്രാഞ്ച് പോലീസ് കമ്മീഷണര്‍ മഹ്ബുബര്‍ റഹ്മാന്‍ പറഞ്ഞു.