കീമോതെറാപ്പി ശരീരത്തിന്റെ കാന്‍സര്‍ പ്രതിരോധം ഊര്‍ജിതപ്പെടുത്തും
1 min readകീമോതെറാപ്പി മൂലം ട്യൂമര്‍ മൈക്രോ എന്‍വയോണ്‍മെന്റില്‍ പ്രതിരോധ കോശങ്ങളുടെ ട്യൂമര്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാകും
കീമോതെറാപ്പി ട്യൂമര്‍ മൈക്രോ എന്‍വയോണ്‍മെന്റില്‍ (ടിഎംഇ) ഉണ്ടാക്കുന്ന സ്വാധീനം ചര്‍ച്ച ചെയ്യുന്ന പുതിയ പഠനം പുറത്തിറങ്ങി. കീമോതെറാപ്പി മൂലം ടിഎംഇയിലെ പ്രതിരോധ കോശങ്ങളുടെ ട്യൂമര്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാകുമെന്നും ശരീരത്തില്‍ കാന്‍സറിനെതിരായ പ്രതിരോധം ഊര്‍ജിതപ്പെടുമെന്നുമാണ് കാന്‍സര്‍ ഇമ്മ്യൂണോളജി റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നത്.
കാന്‍സര്‍ എന്നാല്‍ അര്‍ബുദകാരികളായ കോശങ്ങള്‍ മാത്രം അടങ്ങിയ ഒന്നല്ല. പലതരത്തിലുള്ള കോശജാലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണക്ടീവ് ടിഷ്യൂവും രക്തക്കുഴലുകളും പ്രതിരോധ കോശങ്ങളുമടക്കം പലതരത്തിലുള്ള കോശങ്ങളുടെ കൂട്ടമാണത്. അര്‍ബുദകാരികളല്ലാത്ത ഇത്തരം കോശങ്ങളെ ഉപയോഗിച്ചാണ് കാന്‍സര്‍ വളരുകയും കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നത്. ഇവ മൊത്തത്തില്‍ ട്യൂമര് മൈക്രോ എന്‍വയോണ്‍മെന്റ് എന്നാണ് അറിയപ്പെടുന്നത്.
കാന്‍സര്‍ രോഗികള്‍ക്കുള്ള കീമോതെറാപ്പി ചികിത്സ ടിഎംഇയിലെ എല്ലാ കോശങ്ങളിലും സ്വാധീനം ചെലത്തുന്നു. അങ്ങനെ ഈ മേഖലയിലെ പ്രതിരോധ കോശങ്ങളും കാന്‍സറിനെതിരെ പ്രവര്‍ത്തി്ച്ച് തുടങ്ങുന്നു. മാക്രോഫെയ്ജ് എന്നറിയപ്പെടുന്ന ഈ പ്രതിരോധ കോശങ്ങളില്‍ കീമോതെറാപ്പി മൂലമുണ്ടാകുന്ന സ്വാധീനം കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.
കീമോതെറാപ്പിയിലൂടെ പ്രതിരോധ കോശങ്ങള്‍ ആന്റി-ട്യൂമര്‍ മോഡിലേക്ക്
ഗുരുതരമായ അണ്ഡാശയ അര്‍ബുദം (എച്ച്ജിഎസ്ഒസി) ബാധിച്ചവരെ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്. എച്ച്ജിഎസ്ഒസി ബാധിതരായ 26ഓളം രോഗികളില്‍ നിന്നും കീമോതെറാപ്പിക്ക് മുമ്പും ശേഷവും ബയോപ്‌സി സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പഠനത്തില്‍ കീമോതെറാപ്പിക്ക് ശേഷം മാക്രോഫേജുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് കണ്ടെത്തി. മറ്റ് എച്ച്ജിഎസ്ഒസി രോഗികളില്‍ നടത്തിയ തുടര്‍ പഠനത്തില്‍ കീമോതെറാപ്പി ബാക്കിയുള്ള മാക്രോഫേജുകളെ ട്യൂമര്‍ വളര്‍ച്ചയെ പിന്താങ്ങുന്നതിന് പകരം ആന്റി ട്യൂമര്‍ മോഡിലേക്ക് (ട്യൂമറിനെതിരായ പ്രവര്‍ത്തനം) മാറ്റിയതായി ഗവേഷകര്‍ മനസിലാക്കി. ഇത് രോഗികളുടെ ശരീരത്തില്‍ കാന്‍സറിനെതിരായ പ്രതിരോധം ശക്തമാക്കുന്നതായും പഠനത്തില്‍ തെളിഞ്ഞു.
മാക്രോഫേജുകളുടെ സാന്നിധ്യം കാന്‍സര്‍ അതിജീവന സാധ്യത കുറയ്ക്കുമെന്നതിനാല്‍, കീമോതെറാപ്പിക്ക് ശേഷം ടിഎംഇയിലെ എല്ലാ മാക്രോഫേജുകളെയും ഇല്ലാതാക്കുന്നത് രോഗമില്ലാത്ത ജീവിതം നയിക്കാന്‍ രോഗികളെ സഹായിക്കുമോ എന്നത് സംബന്ധിച്ചും ഗവേഷകര്‍ പരീക്ഷണങ്ങള്‍ നടത്തി. അതിയശയമെന്നോണം, കീമോതെറാപ്പി പൂര്‍ത്തിയാക്കിയ ഉടന്‍ എല്ലാ മാക്രോഫേജുകളെയും ഇല്ലാതാക്കുന്നത് രോഗം പെട്ടന്ന് തിരിച്ചെത്താന്‍ കാരണമാകുന്നതായി എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ഗവേഷകര്‍ മനസിലാക്കി. കീമോതെറാപ്പിയുടെ മൂന്ന് ഡോസുകള്‍ക്ക് ശേഷം മാക്രോഫേജുകള്‍ ആന്റി ട്യൂമര്‍ മോഡിലേക്ക് മാറും. അതിനുശേഷം ടിഎംഇയിലെ മാക്രോഫേജുകളെ ഇല്ലാതാക്കുന്നത് ട്യൂമറിനെതിരായ പ്രതിരോധ പ്രവര്‍ത്തനം കുറയ്ക്കുമെന്നും കാന്‍സര്‍ അതിജീവന സാധ്യത കുറയുമെന്നുമാണ് പഠനം പറയുന്നത്. യുകെ കാന്‍സര്‍ റിസര്‍ച്ച്, വെല്‍കം ട്രസ്റ്റ്, വെല്‍ബിയിംഗ് ഓഫ് വുമണ്‍ എന്നീ സംഘടനകളാണ് പഠനച്ചിലവുകള്‍ വഹിച്ചത്.
അണ്ഡാശയ അര്‍ബുദ ചികിത്സയുടെ ഫലങ്ങള്‍
കീമോതെറാപ്പിയും ശസ്ത്രക്രിയയുമാണ് അണ്ഡാശയ അര്‍ബുദം ബാധിച്ചവര്‍ക്ക് നിലവിലുള്ള പ്രധാന ചികിത്സകള്‍. തുടക്കത്തില്‍ കീമോതെറാപ്പി നല്ല ഫലം ചെയ്യുമെങ്കിലും പിന്നീട് ചികിത്സക്കെതിരായ പ്രതിരോധം ട്യൂമറില്‍ രൂപപ്പെടുന്നതിനാല്‍ രോഗം പെട്ടന്ന് തിരിച്ചെത്താനുള്ള സാധ്യത വര്‍ധിക്കുന്നു.