ഇന്ത്യയ്ക്കും പാക്കിസ്ഥാനും യുദ്ധത്തില്‍ ഏര്‍പ്പെടാനാവില്ലെന്ന് ഖുറേഷി
1 min readഇസ്ലാമബാദ്: ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരു സമഗ്ര യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. ഇരു രാജ്യങ്ങളും ആണവശക്തികളാണ്. എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന പാക്കിസ്ഥാന്‍ കരുതുന്നു. അതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചില രാജ്യങ്ങള്‍ ഒരു ഫോണ്‍ കോളിലൂടെ തങ്ങളുടെ നിലപാട് മാറ്റിയതായുള്ള ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ പ്രസ്താവനയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഖുറേഷിയുടെ പരാമര്‍ശം. ചൈനീസ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന പാക്കിസ്ഥാനെ ഉദ്ദേശിച്ചുള്ളതല്ലെന്നും ഖുറേഷി പറയുന്നു.
ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ ഇസ്ലാമബാദിന് വ്യക്തമായ നിലപാടാണ് ഉള്ളത്. സംഭാഷണത്തിന് അന്തരീക്ഷം അനുയോജ്യമാക്കുന്നതിനുള്ള അവസരമാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. ജമ്മു കശ്മീരിലെ സ്ഥിതി സംബന്ധിച്ച് പാക്കിസ്ഥാന് ഗുരുതരമായ ആശങ്കകളുണ്ടെന്ന് പറഞ്ഞ ഖുറേഷി, ‘2019 ഓഗസ്റ്റ് 5 ലെ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ തീരുമാനം കശ്മീരിലെ ജനങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനകം തന്നെ നിരസിച്ചതായി കൂട്ടിച്ചേര്‍ത്തു. അന്നാണ് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞത്.
ഇന്ത്യയുമായുള്ള വ്യാപാരം ആരംഭിക്കാനുള്ള തീരുമാനത്തില്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ യു-ടേണ്‍ എടുത്ത സമയത്താണ് ഖുറേഷിയുടെ പ്രസ്താവന. ഇന്ത്യയുമായി ഒരു വ്യാപാരവും നടത്താന്‍ കഴിയില്ലെന്ന് മന്ത്രിസഭായോഗത്തിനുശേഷം പാക്കിസഥാന്‍ പ്രഖ്യാപിച്ചിരുന്നു. ജമ്മുകശ്മീരിന് പ്രത്യേകപദവി തിരികെ നല്‍കുന്നതുവരെ ഇന്ത്യയുമായി വ്യാപാരം വേണ്ട എന്നതാണ് ഇപ്പോള്‍ ഇസ്ലാമബാദിന്‍റെ നിലപാട്. എന്നാല്‍ രാജ്യത്തെ ക്ഷാമത്തിന് ഒരു പരിധിവരെയെങ്കിലും കുറവുണ്ടാകുന്നതിന് ഇന്ത്യയുമായി വ്യാപാരം പുനരാരംഭിക്കണമെന്നായിരുന്നു മുന്‍നിലപാട്.
കശ്മീരിനെക്കുറിച്ചുള്ള അവരുടെ നിലപാടില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വാദിക്കുമ്പോള്‍, രാജ്യത്തിന്‍റെ വിദേശനയവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സര്‍ക്കാരിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ചും കഴിവിനെക്കുറിച്ചും പ്രതിപക്ഷ ബെഞ്ചുകള്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. സമീപകാലത്തെ പരിസ്ഥിതി സമ്മേളനത്തിലേക്ക് യുഎസിന്‍റെ ക്ഷണം പാക്കിസ്ഥാന് നഷ്ടപ്പെട്ടിരുന്നു. ഇതും രാജ്യത്തിന്‍റെ വിദേശനയത്തെയും സമീപനത്തെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ കാരണമായി. എന്നിരുന്നാലും, കോണ്‍ഫറന്‍സിലേക്കുള്ള ക്ഷണം മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളിലേക്ക് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് ഖുറേഷി പറയുന്നു.