സൗദി സമ്പദ് വ്യവസ്ഥ 2021ല്‍ നേട്ടമുണ്ടാക്കും: എസ് ആന്‍ഡ് പി റേറ്റിംഗ്‌സ്
1 min readആഗോള തലത്തിലുള്ള സാമ്പത്തിക വീണ്ടെടുപ്പും എണ്ണവില വര്‍ധനയും സൗദിക്ക് നേട്ടമാകും
റിയാദ്: സൗദി സമ്പദ് വ്യവസ്ഥ ഈ വര്‍ഷം ശുഭസൂചകമായ വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും ആഗോള സമ്പദ് വ്യവസ്ഥ മോചിതമാകുന്നതോടെ സൗദിയില്‍ തധനക്കമ്മി കുറയുമെന്നും എസ് ആന്‍ഡ് പി അഭിപ്രായപ്പെട്ടു. സ്ഥിരതയുള്ള ‘A-/A-2’ ക്രെഡിറ്റ് റേറ്റിംഗാണ് എസ് ആന്‍ഡ് പി സൗദിക്ക് നല്‍കിയത്.
2021 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ ശരാശരി 2.3 ശതമാനം ജിഡിപി വളര്‍ച്ചയാണ് എസ് ആന്‍ഡ് പി സൗദിയില്‍ പ്രതീക്ഷിക്കുന്നത്. ശക്തമായ ആസ്തി നിലവാരവും സൗദിക്ക് മികച്ച റേറ്റിംഗ് നല്‍കുന്നതിനെ സ്വാധീനിച്ചതായി എസ് ആന്‍ഡ് പി വ്യക്തമാക്കി. കോവിഡ്-19 പകര്‍ച്ചവ്യാധിയും ഡിമാന്‍ഡ് ഇടിവിനെ തുടര്‍ന്നുള്ള എണ്ണവിലത്തകര്‍ച്ചയും സൗദി സമ്പദ് വ്യവസ്ഥയ്ക്ക് കഴിഞ്ഞ വര്‍ഷം കടുത്ത ആഘാതം സമ്മാനിച്ചിരുന്നു. എന്നാല്‍ ആഗോള സമ്പദ് വ്യവസ്ഥ കരുത്ത് വീണ്ടെടുക്കുകയും എണ്ണവില തിരിച്ചുകയറാന്‍ ആരംഭിക്കുകയും ചെയ്തതോടെ ഈ വര്‍ഷം സൗദി സാമ്പത്തികമായി മുന്നേറുമെന്ന് എസ് ആന്‍ഡ് പി പറഞ്ഞു.
എണ്ണയ്ക്കും പ്ലാസ്റ്റിക്ക്, പെട്രോകെമിക്കലുകള്‍ തുടങ്ങിയ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കും ആഗോളതലത്തിലുണ്ടാകുന്ന ഡിമാന്‍ഡ് വളര്‍ച്ച(,പ്രത്യേകിച്ച് ചൈനയിലും അമേരിക്കയിലും) സൗദിക്ക് നേട്ടമാകും. പ്രതീക്ഷിച്ചതിലും അധികം ജിഡിപി വളര്‍ച്ച, അല്ലെങ്കില്‍ സര്‍ക്കാരിന്റെ മൊത്തം ആസ്തികളിലുള്ള ഇടിവിലുള്ള ഭേദഗതി എന്നിവയാണ് എസ് ആന്‍ഡ് പി അപ്‌സൈഡ് റിസ്‌ക് ആയി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കരുതിയതിനേക്കാള്‍ ഉയര്‍ന്ന സാമ്പത്തിക ദൗര്‍ബല്യം, കയറ്റുമതി-ഇറക്കുമതി സന്തുലനത്തിലുള്ള കുറവ്, എണ്ണ വ്യവസായം നേരിടുന്ന പ്രാദേശിക ഭീഷണികള്‍ എന്നിവയാണ് ഡൗണ്‍സൈഡ് റിസ്‌കുകള്‍.
ധനക്കമ്മി തുടരുമെങ്കിലും, സര്‍ക്കാരിന്റെ മൊത്തത്തിലുള്ള ആസ്തി ശേഖരം 2021-2024 കാലഘട്ടത്തില്‍ ജിഡിപിയുടെ 51 ശതമാനമായിരിക്കുമെന്നാണ് എസ് ആന്‍ഡ് പിയുടെ കണക്കുകൂട്ടല്‍.