ഡിഎംകെയ്ക്ക് സ്തീകളെ ബഹുമാനിക്കാന്‍ അറിയില്ല: രാംദോസ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമിക്കും അദ്ദേഹത്തിന്‍റെ അമ്മയ്ക്കുമെതിരെ മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ എ. രാജ നടത്തിയ മോശം പരാമര്‍ശത്തെ വിമര്‍ശിച്ച് പിഎംകെ സ്ഥാപകന്‍ എസ് രാംദോസ്. സ്ത്രീകളെ ബഹുമാനിക്കാന്‍ ഡിഎംകെ തയാറല്ലെന്നും കഴിഞ്ഞ കാലങ്ങളില്‍ വിവിധ വിഷയങ്ങളില്‍ കരുണാനിധിയുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നതും ഇതാണെന്നും അദ്ദേഹം തുറന്നടിച്ചു. എഐഎഡിഎംകെയിലൂടെ വളര്‍ന്നുവന്ന നേതാവാണ് പളനിസ്വാമി. സംസ്ഥാന മുഖ്യമന്ത്രിയാകാന്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെക്കാള്‍ രാഷ്ട്രീയ വിവേകം അദ്ദേഹത്തിനുണ്ട്. സ്റ്റാലിനുള്ള ഒരേഒരു യോഗ്യത അദ്ദേഹം മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനാണ് എന്നതുമാത്രമാണ്.
“പളനിസ്വാമിയെയും സ്റ്റാലിനെയും താരതമ്യം ചെയ്യാന്‍ മാന്യമായ നിരവധി വാക്കുകള്‍ ഉള്ളപ്പോള്‍ രാജ ഉപയോഗിച്ച പദങ്ങളുടെ തെരഞ്ഞെടുപ്പ് അദ്ദേഹത്തിന്‍റെയും ഡിഎംകെയുടെയും നിലവാരമാണ് കാണിക്കുന്നത്’ രാമദാസ് പറഞ്ഞു. പളനിസ്വാമിയുടെ വിലയേക്കാള്‍ ഒരു രൂപ കൂടുതലാണ് സ്റ്റാലിന്‍റെ സ്ലിപ്പറിനെന്ന് ഡിഎംകെ നേതാവ് രാജ പറഞ്ഞിരുന്നു. അതിലുപരിയായി, പളനിസ്വാമിയുടെ പരേതയായ അമ്മയെയും രാജ വെറുപ്പിക്കുന്ന രീതിയില്‍ അപമാനിച്ചിരുന്നു. പളനിസ്വാമിയെയും വി കെ ശശികലയെയും കുറിച്ച് വെറുപ്പുളവാക്കുന്ന പരാമര്‍ശങ്ങള്‍ സ്റ്റാലിന്‍റെ മകനും പാര്‍ട്ടിയുടെ യൂത്ത് വിംഗ് നേതാവുമായ ഉദയനിധി സ്റ്റാലിനും നടത്തിയിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്, ഡിഎംകെയുടെ പ്രചാരണ സെക്രട്ടറിമാരിലൊരാളായ ദിണ്ഡിഗല്‍ ലിയോണി തൊണ്ടമുത്തൂര്‍ നിയോജകമണ്ഡലത്തില്‍ കാര്‍ത്തികേയ ശിവസേനപതിക്ക് വേണ്ടിയുള്ള പ്രചാരണത്തിനിടെയും സ്ത്രീകളെ അപമാനിച്ച് സംസാരിച്ചിരുന്നു. ഇതിനെതിരെ ഡിഎംകെയുടെ ലോക്സഭാ അംഗം കനിമൊഴി രംഗത്തുവരികയും ചെയ്തിരുന്നു.