ബംഗ്ലാദേശില്‍ ക്ഷേത്രദര്‍ശനം നടത്തി മോദി
1 min readധാക്ക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെ സത്ഖിര ജില്ലയിലെ ജെഷോരേശ്വരി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. ശ്യാംനഗര്‍ ഉപജില്ലയിലെ ഈശ്വരിപൂര്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ് ഈ കാളിക്ഷേത്രം. ഹിന്ദു പുരാണ പ്രകാരം, ഇന്ത്യയിലും അയല്‍രാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ‘ശക്തി പീഠങ്ങളില്‍’ ഒന്നാണിത്.
ക്ഷേത്രം സന്ദര്‍ശിച്ച ആദ്യത്തെ വിദേശ രാഷ്ട്രത്തലവനാണ് മോദി. പ്രധാനമന്ത്രി ശംഖുവിളികളോടെയാണ് ഭക്തര്‍ സ്വീകരിച്ചത്. പ്രധാനമന്ത്രി ഒരു സ്വര്‍ണ്ണ കിരീടവും ചുവന്ന ബനാറസി സാരിയും ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു.
ഇതിന് ശേഷം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയ മോദി ഗോപാല്‍ഗഞ്ച് ജില്ലയിലെ ഒറകണ്ടി ക്ഷേത്രത്തിലേക്ക് പോയി. ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലും താമസിക്കുന്ന മതുവ സമുദായത്തിലെ അഞ്ച് കോടിയിലധികം ആളുകള്‍ക്ക് പവിത്രമായ സ്ഥലമാണ് ഒറകണ്ടി എന്ന പ്രത്യേകതയുമുണ്ട്.അവിടെ അദ്ദേഹം തുംഗിപാറയിലെ ബംഗബാന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാന്‍റെ ശവകുടീരത്തിലും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. റഹ്മാന്‍റെ ജന്മസ്ഥലമായ തുംഗിപാറയില്‍ മോദിയോടൊപ്പം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് -19 മഹാമാരി ആരംഭിച്ചതിന് ശേഷം മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.
പാക്കിസ്ഥാനില്‍ നിന്നുള്ള ബംഗ്ലാദേശിന്‍റെ മോചനത്തിന്‍റെ അമ്പതാം വാര്‍ഷികാഘോഷങ്ങളില്‍ കഴിഞ്ഞദിവസം മോദി പങ്കെടുത്തിരുന്നു. പശ്ചിമ ബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം നടക്കുന്ന ദിവസം മോദി ക്ഷേത്ര സന്ദര്‍ശനത്തിന് പോയത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. മതുവാ സമുദായത്തിന്‍റെ വോട്ടുകള്‍ ഈ സന്ദര്‍ശനത്തിലൂടെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ കഴിയുമെന്ന് ബിജെപി കരുതുന്നു. തെരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ വലിയമാറ്റങ്ങള്‍ക്ക് വഴിവെക്കും. തെരഞ്ഞെടുപ്പില്‍ ഒരു സാധ്യതകളും ബിജെപി പാഴാക്കുന്നില്ല എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ ധാക്കയില്‍ ചില തീവ്ര ഇസ്ലാമികനേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിക്കുകയും ചെയ്തു. ധാക്കയിലെ ബൈതുല്‍ മുഖറം പള്ളിക്കുസമീപമാണ് പ്രതിഷേധം അരങ്ങേറിയത്. മോദിയുടെ സന്ദര്‍ശനത്തിനെതിരെ ഒരു വിഭാഗം പ്രകടനം തുടങ്ങിയതിനെത്തുടര്‍ന്ന് അത് ഏറ്റുമുട്ടലില്‍ കലാശിച്ചു.