സൗദി ഓഹരി വിപണിയില്‍ എല്ലാ നിക്ഷേപകര്‍ക്കും ഷോര്‍ട്ട് സെല്ലിംഗിന് അവസരം

ഷോര്‍ട്ട് സെല്ലിംഗിന് അനുമതി നല്‍കിയ ഗള്‍ഫിലെ ആദ്യ ഓഹരി വിപണിയാണ് തദവുള്‍
റിയാദ്: സൗദി അറേബ്യയിലെ ഓഹരി വിപണിയായ, തദവുള്‍ ഷോര്‍ട്ട് സെല്ലിംഗിനും സ്‌റ്റോക്ക് ലെന്‍ഡിംഗിനുമുള്ള അവസരം എല്ലാ നിക്ഷേപകര്‍ക്കുമായി വ്യാപിപ്പിച്ചു. സൗദി വിപണിയിലെ എല്ലാ യോഗ്യതയുള്ള നിക്ഷേപകര്‍ക്കും ഷോര്‍ട്ട് സെല്ലിംഗ് നടത്താമെന്ന് തദവുള്‍ പ്രസ്താവനയിലൂടെ വ്യക്താക്കി. അതേസമയം ഷോര്‍ട്ട് സെല്ലിംഗുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വിപണി കര്‍ശനമാക്കി.
ഓഹരി വിലയിടിവ് മുന്‍കൂട്ടി കണ്ട് നടത്തുന്ന നിക്ഷേപം അഥവാ വ്യാപാര തന്ത്രമാണ് ഷോര്‍ട്ട് സെല്ലിംഗ്. പരിചയ സമ്പത്തുള്ള നിക്ഷേപകര്‍ക്കും വ്യാപാരികള്‍ക്കുമാണ് മികച്ച രീതിയില്‍ ഷോര്‍ട്ട് സെല്ലിംഗ് നടത്താനാകുക. വിപണി ഇടിയുമ്പോള്‍ ആദ്യം ഓഹരികള്‍ വില്‍ക്കുകയും പിന്നീട് അതേ ഓഹരികള്‍ വാങ്ങി ലാഭമുണ്ടാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്.
അന്താരാഷ്ട്ര തലത്തിലുള്ള നടപടിക്രമങ്ങളോട് ചേര്‍ന്നുള്ള നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നും പ്രചോദനാത്മകവും മത്സരാതിഷ്ഠിതവുമായ വിശ്വാസ്യതയുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും പുതിയ മാറ്റങ്ങള്‍ക്ക് പിന്നിലുണ്ടെന്നും തദവുള്‍ അറിയിച്ചു. ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് ഷോര്‍ട്ട് സെല്ലിംഗിന് അനുമതി നല്‍കിയ ഗള്‍ഫിലെ ആദ്യ ഓഹരിവിപണിയാണ് തദവുള്‍. 2017ലാണ് തദവുള്‍ ഷോര്‍ട്ട് സെല്ലിംഗിന് അനുമതി നല്‍കിയത്. അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കുക, എംഎസ്‌സിഐ പോലുള്ള സൂചികകളില്‍ ഇടം നേടുക എന്നിവയായിരുന്നു ഷോര്‍ട്ട് സെല്ലിംഗിന് അനുമതി നല്‍കുന്നതിലൂടെ തദവുള്‍ ലക്ഷ്യമിട്ടത്. ഇതിന് പിന്നാലെ അബുദാബി, ദുബായ് വിപണികളും ഷോര്‍ട്ട് സെല്ലിംഗിന് അനുമതി നല്‍കി.
2018ല്‍ സ്റ്റാന്‍ഡ്എലോണ്‍ മാര്‍ക്കറ്റില്‍ നിന്നും എമേര്‍ജിംഗ് മാര്‍ക്കറ്റിലേക്ക് എംഎസ്‌സിഐ സൗദി അറേബ്യയ്ക്ക് സ്ഥാനക്കയറ്റം നല്‍കി. 2019ല്‍ സൗദി അറേബ്യ എംഎസ്‌സിഐയുടെ എമേര്‍ജിംഗ് മാര്‍ക്കറ്റ് സൂചികയിലെ പൂര്‍ണ അംഗമായി.