Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അബുദാബിയിലെ മുബദാല ബ്രസീലില്‍ റിഫൈനറിയും അനുബന്ധ ആസ്തികളും വാങ്ങി 

ബ്രസീലിലെ ബഹിയ സ്റ്റേറ്റിലുള്ള ലന്‍ഡുള്‍ഫോ അല്‍വെസ് റിഫൈനറിയും അനുബന്ധ ലോജിസ്റ്റിക്‌സ് ആസ്തികളുമാണ് ഇടപാടില്‍ ഉള്‍പ്പെടുന്നത്

അബുദാബി: അബുദാബിയിലെ മുബദാല ഗ്രൂപ്പ് ബ്രസീലിലെ പൊതുമേഖല എണ്ണക്കമ്പനിയായ പെട്രോബ്രാസിന്റെ റിഫൈനറി, ലോജിസ്റ്റിക്‌സ് ആസ്തികള്‍ സ്വന്തമാക്കി. 1.65 ബില്യണ്‍ ഡോളറിനാണ് മുബദാല പെട്രോബ്രാസ് ആസ്തികള്‍ വാങ്ങിയത്. വിദേശങ്ങളില്‍ കൂടുതല്‍ എണ്ണ, വാതക ആസ്തികള്‍ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടപാട്.

ബ്രസീലിലെ ബഹിയ സ്റ്റേറ്റിലുള്ള ലന്‍ഡുള്‍ഫോ അല്‍വെസ് റിഫൈനറിയും അനുബന്ധ ലോജിസ്റ്റിക്‌സ് ആസ്തികളുമാണ് ഇടപാടില്‍ ഉള്‍പ്പെടുന്നത്. ബ്രസീലിലെ പഴക്കമേറിയതും വലുപ്പത്തില്‍ മൂന്നാം സ്ഥാനത്തുള്ളതുമായ റിഫൈനറിയാണിത്. ഒരു പെട്രോകെമിക്കല്‍ സമുച്ചയവും ഇതിനോട് ചേര്‍ന്നുണ്ട്. ദക്ഷിണാര്‍ദ്ധ ഗോളത്തിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ സമുച്ചയങ്ങളിലൊന്നാണിത്. ദ്രവീകൃത പെട്രോളിയം വാതകം, ഗാസോലിന്‍, ഡീസല്‍, ലൂബ്രിക്കന്റുകള്‍ എന്നിവയാണ് ഇവിടെ സംസ്‌കരിക്കാനാകുക. പ്രതിദിനം 333,000 ബാരല്‍ സംസ്‌കരണശഷിയാണ് ഈ റിഫൈനറിക്കുള്ളത്. സ്പാനിഷ് കമ്പനിയായ സെപ്‌സുമായുള്ള നിക്ഷേപ ഇടപാടിലൂടെ നേരത്തെ തന്നെ മുബദാലയ്ക്ക് ഇവിടുത്തെ പെട്രോകെമിക്കല്‍ ആസ്തികളുമായി ബന്ധമുണ്ട്. സെപ്‌സയില്‍ 63 ശതമാനം ഓഹരികളാണ് മുബദാലയ്ക്കുള്ളത്.

  ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍മ്മിത ബുദ്ധി നിര്‍ണായകമാകുമെന്ന് വിദഗ്ധന്‍

ബഹിയ സ്‌റ്റേറ്റിലെ കാമകാരിയിലുള്ള കെമിക്കല്‍ യൂണിറ്റിന്റെ 72 ശതമാനം ഉടമസ്ഥാവകാശവും സെപ്‌സയ്ക്കാണ്. ബാക്കിയുള്ള ഓഹരികള്‍ പെട്രോബാസിന് കീഴിലാണ്. ലോകത്തിലെ ഏറ്റവും വലിയ ലീനിയര്‍ ആല്‍കിബെന്‍സീന്‍ (ലാബ്) നിര്‍മാണ പ്ലാന്റുകളാണ് കാമകാരിയിലേത്. അബുദാബിയിലെ റുവൈസില്‍ സെപ്‌സ ലാബ് ഉല്‍പ്പാദിപ്പിക്കുന്നതിന്് വേണ്ടിയുള്ള പ്ലാന്റ് നിര്‍മിക്കുന്നുണ്ട്.

2019 വരെ ബ്രസീലിലെ ഊര്‍ജ, അടിസ്ഥാന സൗകര്യ മേഖലകളിലായി മുബദാല 2 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രവര്‍ത്തന മൂലധനം, മൊത്തത്തിലുള്ള ബാധ്യത, നിക്ഷേപം എന്നിവയിലുള്ള വ്യത്യാസങ്ങള്‍ മൂലം ഇടപാട് പൂര്‍ത്തിയാകുമ്പോള്‍ മുബദാലയുമായുള്ള വില്‍പ്പന മൂല്യത്തില്‍ മാറ്റം വരാമെന്ന് പെട്രോബ്രാസ് വ്യക്തമാക്കി. വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ ഉപാധികളും പൂര്‍ത്തീകരിക്കുന്നത് വരെ റിഫൈനറിയുടെയും അനുബന്ധ ആസ്തികളുടെയും പ്രവര്‍ത്തനാവകാശം പെട്രോബ്രാസിനായിരിക്കും.

  ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍മ്മിത ബുദ്ധി നിര്‍ണായകമാകുമെന്ന് വിദഗ്ധന്‍

ലോകമെമ്പാടുമായി 232 ബില്യണ്‍ ഡോളറിലധികം ആസ്തികള്‍ കൈകാര്യം ചെയ്യുന്ന മുബദാല അബുദാബി സര്‍ക്കാരിന് വേണ്ടിയാണ് നിക്ഷേപങ്ങള്‍ നടത്തുന്നത്. സോഫ്റ്റ്ബാങ്കിന്റെ വിഷന്‍ ഫണ്ടിലും റിലയന്‍സ് റീട്ടെയ്ല്‍ വെന്‍ച്വറിലും ഓസ്ട്രിയയിലെ എണ്ണ, വാതക കമ്പനിയായ ഒഎംവിയിലും പെട്രോകെനിക്കല്‍ കമ്പനികളായ ബൊറീലിസ്, നോവ കെമിക്കല്‍സ് എന്നിവയിലും മുബദാലയ്ക്ക് നിക്ഷേപമുണ്ട്.

Maintained By : Studio3