വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതികള്‍ വെട്ടിച്ചുരുക്കി കുവൈറ്റിലെ അലഫ്‌കോ
1 min readവ്യോമയാന രംഗം കോവിഡ് ആഘാതത്തില്‍ നിന്നും മുക്തമാകാത്ത സാഹചര്യത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് വിമാനങ്ങള്‍ വാങ്ങുന്നത് കുറയ്ക്കാനാണ് അലഫ്‌കോയുടെ തീരുമാനം
കുവൈറ്റ് സിറ്റി: വിമാനങ്ങള്‍ പാട്ടത്തിന് നല്‍കുന്ന കുവൈറ്റിലെ ഏവിയേഷന്‍ ലീസ് ആന്‍ഡ് ഫിനാന്‍സ് കമ്പനി (അലഫ്‌കോ) അടുത്ത മൂന്ന് വര്‍ഷത്തേക്ക് വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതികള്‍ വെട്ടിച്ചുരുക്കി. പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതമായി യാത്രാ വ്യവസായ മേഖലയിലുണ്ടായ ഇടിവില്‍ നിന്നും വ്യോമയാന രംഗം കരകയറാത്ത സാഹചര്യത്തിലാണ് വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ വാങ്ങേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചത്.
2020- 2023 കാലഘട്ടത്തില്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള പദ്ധതികളാണ് കമ്പനി വെട്ടിച്ചുരുക്കിയിരിക്കുന്നത്. പണലഭ്യത നില മെച്ചപ്പെടുത്താനും ചിലവ് കുറയ്ക്കാനുമായി ചില ഓര്‍ഡറുകള്‍ റദ്ദ് ചെയ്യാനും മറ്റ് ചിലത് നീട്ടിവെക്കാനുമാണ് കമ്പനിയുടെ തീരുമാനം. കൊറോണ വൈറസ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാസങ്ങളോളം ആഗോളതലത്തില്‍ വിമാനത്താവളങ്ങള്‍ അടച്ചിടേണ്ടി വന്നിരുന്നു. പകര്‍ച്ചവ്യാധിയുടെ ആഘാതം മുന്‍നിര്‍ത്തി ഓഗസ്റ്റില്‍ എയര്‍ബഗില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന വിമാനം ഏറ്റെടുക്കുന്നതിന് കമ്പനി സാവകാശം തേടിയിരുന്നു. വിമാനം വാങ്ങുന്നതിനായി ബോയിംഗിന് നല്‍കിയ ഓര്‍ഡര്‍ അലഫ്‌കോ വെട്ടിച്ചുരുക്കുകയും ചെയ്തു.
ചിലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി വാടകയില്‍ ഇളവ് തേടിയും കൂടുതല്‍ സമയവും ആവശ്യപ്പെട്ടുള്ള വിമാനക്കമ്പനികളുടെ അപേക്ഷകള്‍ പുനഃപരിശോധിക്കുന്നതിനായി അലഫ്‌കോ ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. വാടകയില്‍ വീഴ്ച വരുത്തിയവരില്‍ നിന്ന് തുക ഈടാക്കാനും കരാറുകള്‍ പുതുക്കുന്നതിനുമുള്ള ആലോചനകള്‍ ഉണ്ടെന്ന് കമ്പനി ചെയര്‍മാന്‍ അഹമ്മദ് അല്‍ സബീന്‍ വ്യക്തമാക്കി. ഇന്ധന ക്ഷമത കുറഞ്ഞതും കുറഞ്ഞ വരുമാനം ലഭ്യമാകുന്നതുമായ വിമാനങ്ങളില്‍ നിക്ഷേപം നടത്തില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നാല് വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള പുതിയ വിമാനങ്ങളാണ് കമ്പനിക്കുള്ളതെന്നും ഇന്ധനക്ഷമതയുള്ള വിമാനങ്ങളിലേക്ക് ചുവടുമാറ്റത്തിനൊരുങ്ങുന്ന വിമാനക്കമ്പനികള്‍ക്കായി ന്യൂ ജനറേഷന്‍ വിമാനങ്ങള്‍ ലഭ്യമാക്കാന്‍ അലഫ്‌കോയ്ക്ക് പദ്ധതിയുണ്ടെന്നും കമ്പനി അറിയിച്ചു.