ടെലഗ്രാമില്‍ മുബദാലയും അബുദാബി കാറ്റലിസ്റ്റ് പാര്‍ട്‌ണേഴ്‌സും 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു
1 min readഇരുകമ്പനികളും 75 മില്യണ്‍ ഡോളര്‍ വീതമാണ് നിക്ഷേപിച്ചത്
അബുദാബി: അബുദാബി ആസ്ഥാനമായ മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും അബുദാബി കാറ്റലിസ്റ്റ് പാര്‍ട്‌ണേഴ്‌സും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാമില്‍ 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. ഇരു കമ്പനികളും 75 മില്യണ്‍ ഡോളര്‍ വീതമാണ് ടെലഗ്രാമില്‍ നിക്ഷേപിച്ചത്. മൂന്ന് കമ്പനികളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ അബുദാബിയില്‍ പുതിയ അവസരങ്ങളും ടെക് കമ്പനികള്‍ക്ക് അനുകൂലമായ ആവാസ വ്യവസ്ഥയും സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.
2013ല്‍ പവല്‍, നികോളെ ദുറോവ് സഹോദരന്മാര്‍ തുടക്കമിട്ട ടെലഗ്രാം ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് സമ്പൂര്‍ണമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായി ഉയര്‍ന്ന് വരികയായിരുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗപ്പെടുത്തുന്ന സുരക്ഷിതമായ ഈ മെസേജിംഗ് ആപ്പ് കമ്പനിയുടെ ആഗോള ആസ്ഥാനം യുഎഇയിലാണ്. പ്രതിമാസം 500 മില്യണ്‍ സജീവ ഉപയോക്താക്കളുമായി ലോകത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന പത്ത് ആപ്പുകളില്‍ ഒന്ന് കൂടിയാണ് ടെലഗ്രാം. ആഗോള വളര്‍ച്ച ലക്ഷ്യമാക്കിയുള്ള കൂടുതല്‍ വികസന പദ്ധതികള്‍ക്കായി അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് ഓഫീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ടെലഗ്രാം.
ഉപയോക്താക്കളുടെ എണ്ണം ടെലഗ്രാമിനെ ആഗോള ടെക് ഭീമന്മാരുടെ ഒപ്പമെത്തിച്ചതായും മുന്‍നിര ആഗോള ടെക് കമ്പനി ആയി മാറാനുള്ള എല്ലാ സാധ്യതകളും ടെലഗ്രാമിനുണ്ടെന്നും മുബദാലയുടെ റഷ്യ മേധാവി ഫരീസ് സുഹൈല്‍ അല്‍ മസ്രൂയി പറഞ്ഞു. മുബദാലയ്ക്ക് ഏറ്റവും മികച്ച നിക്ഷേപ അവസരമാണ് ടെലഗ്രാമിലുള്ളതെന്നും കമ്പനിയുടെ വൈവിധ്യാത്മക നിക്ഷേപക പോര്‍ട്ട്‌ഫോളിയയ്ക്ക് യോജിച്ച കമ്പനിയാണ് ടെലഗ്രാമെന്നും മസ്രൂയി കൂട്ടിച്ചേര്‍ത്തു. അബുദാബിയിലെ ടെക് ആവാസവ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തേകാനും എമിറേറ്റിലേക്ക് സാങ്കേതിക പ്രതിഭകളെയും കഴിവുകളെയും ആകര്‍ഷിക്കാനും ഈ തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മുബദാലയുടെയും അബുദാബി കാറ്റലിസ്റ്റ് പാര്‍ട്‌ണേഴ്‌സിന്റെയും നിക്ഷേപത്തില്‍ ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പവല്‍ ദുറോവ് നന്ദി പ്രകടിപ്പിച്ചു. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലും ആഗോളതലത്തിലും വളര്‍ച്ച തുടരുന്നതിനായി ഈ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പവല്‍ പറഞ്ഞു.
ഏഴ് വര്‍ഷത്തിനിടെ ടെലഗ്രാം ഉപയോക്താക്കളുടെ എണ്ണം പൂജ്യത്തില്‍ നിന്നും പ്രതിമാസം 500 മില്യണ്‍ എന്ന സംഖ്യയിലേക്ക് വളര്‍ന്നതായും തലപ്പത്തിരിക്കുന്നവരുടെ അര്‍പ്പണ മനോഭാവത്തിന് തെളിവാണിതെന്നും അബുദാബി കാറ്റലിസ്റ്റ് പാര്‍ട്‌ണേഴ്‌സ് സിഎഫ്ഒയും സിഒഒയുമായ ജെയിംസ് മ്യൂണിക് പറഞ്ഞു.
സമീപകാലത്തായി മുബദാല ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. നേരിട്ടുള്ള നിക്ഷേപവും ഫണ്ട്-ടു- ഫണ്ട് നിക്ഷേപങ്ങളുമാണ് ടെക് കമ്പനികളില്‍ മുബദാല നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ജിയോ പ്ലാറ്റ്‌ഫോമ്‌സ് ലിമിറ്റഡില്‍ മുബദാല1.2 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു.