ജനക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം; യുഡിഎഫിന്‍റെ പ്രകടനപത്രിക പുറത്തിറക്കി
തിരുവനന്തപുരം: ജനക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്‍റെ പ്രകടനപത്രിക പുറത്തിറക്കി. പാവപ്പെട്ടകുടുംബങ്ങള്‍ക്ക് മാസം ആറായിരം രൂപവീതം ലഭിക്കുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്നതാണ് പത്രികയിയിലെ പ്രധാന വാഗ്ദാനം. കൂടാതെ ക്ഷേമ പെന്‍ഷനുകള്‍ മൂവായിരം രൂപയാക്കി ആക്കി ഉയര്‍ത്തുമെന്നും പറയുന്നു. അര്‍ഹരായവര്‍ക്കെല്ലാം പ്രയോറിറ്റി റേഷന്‍ കാര്‍ഡ്; എല്ലാ വെള്ളക്കാര്‍ഡുകാര്‍ക്കും അഞ്ചു കിലോ സൗജന്യ അരി, . അര്‍ഹരായ അഞ്ചു ലക്ഷം പേര്‍ക്ക് വീട് എന്നിവയും സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നടപ്പാക്കും. ലൈഫ് പദ്ധതിയിലെ അഴിമതികള്‍ അന്വേഷിക്കുമെന്നും പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ചു കൊണ്ട് സമഗ്രമായ ഭവന പദ്ധതി നടപ്പിലാക്കുമെന്നും പത്രിക പറയുന്നു.
മറ്റൊരു പ്രധാന നിര്‍ദേശം കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കും എന്നതാണ്. എസ് സി , എസ് ടി വിഭാഗങ്ങള്‍ക്കും , മത്സ്യത്തൊഴിലാളികള്‍ക്കും ഭവന നിര്‍മ്മാണത്തിനായി നീക്കിവച്ചിരിക്കുന്ന തുക ആറ് ലക്ഷമായി ഉയര്‍ത്തുകയും ചെയ്യും. 40 വയസ്സ് മുതല്‍ 60 വയസ്സുവരെയുള്ള തൊഴില്‍രഹിതരായ, ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കും. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കുമെന്നും പത്രികയിലുണ്ട്.
സര്‍ക്കാര്‍ ജോലികള്‍ക്ക് വേണ്ടി പരീക്ഷ എഴുതുന്ന അമ്മമാര്‍ക്ക് 2 വയസ് ഇളവ് അനുവദിക്കും. പിഎസ്സിയുടെ സമ്പൂര്‍ണ്ണ പരിഷ്കരണം നടപ്പിലാക്കാനും ലക്ഷ്യമിടുന്നു. പി.എസ്.സി. നിയമനങ്ങളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അപ്പോയിന്‍റ്മെന്‍റ് ഉപദേശ മെമ്മോകള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കും. കോവിഡ് കാരണം തകര്‍ന്നുപോയ കുടുംബങ്ങള്‍, വ്യവസായങ്ങള്‍ , തൊഴിലാളികള്‍ എന്നിവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കും. കൂടാതെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കുമെന്നും പത്രിക വ്യക്തമാക്കുന്നു.
റബ്ബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവില നല്‍കുമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. എല്ലാ നാണ്യവിളകള്‍ക്കും ഉത്പാദന ചെലവ് കണക്കിലെടുത്ത് താങ്ങുവില നിശ്ചയിക്കും. പ്രത്യേക കാര്‍ഷിക ബജറ്റും വിഭാവനം ചെയ്യുന്നുണ്ട്. അര്‍ഹരായ കൃഷിക്കാര്‍ക്ക് 2018 പ്രളയത്തിന് മുന്‍പുള്ള രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍, പെട്രോള്‍ മണ്ണെണ്ണ സബ്സിഡി ലഭ്യമാക്കും. മത്സ്യബന്ധന ബോട്ടുകള്‍ , കെ എസ് ആര്‍ ടി സി അടക്കമുള്ള യാത്രാ ബസ്സുകള്‍ , ഓട്ടോറിക്ഷ , ഉടമസ്ഥര്‍ ഓടിക്കുന്ന ടാക്സികള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്സിഡി ലഭ്യമാക്കുമെന്നും പത്രിക പറയുന്നു. വിദ്യാഭ്യാസ മേഖലയെ നവീകരിക്കാന്‍ സമയബന്ധിതമായ നടപടികളും കൈക്കൊള്ളും. സംസ്ഥാനത്തു ആയുര്‍വ്വേദം, സ്പോര്‍ട്സ് യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കുമെന്നും കേരളത്തെ അറിവിന്‍റെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്തു.
തിരുവനന്തപുരം, കോഴിക്കോട് മെട്രോ / ലൈറ്റ് മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കും. കുട്ടികള്‍ക്കെതിരെയുള്ള പീഡന കേസുകളില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തു ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിയമ നിര്‍മാണം നടത്തും.സംസ്ഥാനത്തു 700 രൂപ മിനിമം കൂലി നടപ്പിലാക്കുമെന്നും പത്രിക വിശദീകരിക്കുന്നു.