November 26, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മ്യാന്‍മാര്‍: ചൈനീസ് ആസ്തികള്‍ക്കുനേരെ വ്യാപക അക്രമം

കൊല്‍ക്കത്ത: മ്യാന്‍മാറില്‍ ചൈനയുടെ ആസ്തികള്‍ക്കെതിരെ ജനാധിപത്യ അനുകൂല പ്രക്ഷോഭകരുടെ അക്രമം വര്‍ധിക്കുന്നു. ചൈനീസ് ധനസഹായമുള്ള രണ്ട് ഫാക്ടറികള്‍ക്ക് തീയിടുകയും മറ്റ് നിരവധി സ്ഥാപനങ്ങളും മറ്റും ആക്രമിക്കപ്പെടുകയും ചെയ്തു. ഇവരെ നേരിടാന്‍ സൈന്യത്തിന് കര്‍ശന നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം മാത്രം പ്രതിഷേധക്കാര്‍ക്കെതിരെ സേന നടത്തിയ വിവേചനരഹിതമായ വെടിവെയ്പില്‍ 38പേരാണ് കൊല്ലപ്പെട്ടത്. മ്യാന്‍മാറില്‍ ഉണ്ടായ സൈനിക അട്ടിമറിക്കുപിന്നില്‍ ചൈനയാണെന്ന് സംശയം മ്യാന്‍മാറില്‍ ശക്തമാണ്. ഇക്കാരണംകൊണ്ടുകൂടിയാണ് ബെയ്ജിംഗിന്‍റെ നിയന്ത്രണത്തിലും ധനസഹായത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അക്രമത്തിന് ഇരയാകുന്നത്. തെരുവിലിറങ്ങുന്നവരെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുകയാണെങ്കിലും പ്രതിഷേധത്തിന് ദിനംപ്രതി ചൂടേറുകയാണ്.

മ്യാന്‍മറിലെ ചൈനീസ് എംബസിയുടെ ഫെയ്സ്ബുക്ക് പേജില്‍ സൈനികഅട്ടിമറിക്കെതിരായി നിരന്തരമായ കുറ്റപ്പെടുത്തലുകളും തീവ്രാക്ഷേപങ്ങളും കൊണ്ട് നിറയുന്ന സാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നുന്നത്. ചൈനീസ് സ്വത്തുക്കളെ ആക്രമിക്കുന്നവരെ ശിക്ഷിക്കണമെന്ന് എംബശിയുടെ പ്രസ്താവന വന്നതിനുശേഷം സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്രമണം പ്രതിഷേധക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ചൈനയുടെ ധനസഹായമുള്ള തുറമുഖമായ ക്യാക്ഫിയുവില്‍നിന്ന് യുനാന്‍ പ്രവിശ്യയിലേക്കുള്ള എണ്ണ, വാതക പൈപ്പ്ലൈനിന് തീയിടാമെന്ന് ബര്‍മീസ് സോഷ്യല്‍ മീഡിയയിലെ പല പോസ്റ്റുകളും ഭീഷിപ്പെടുത്തുന്നുമുണ്ട്.

സൈനിക അട്ടിമറിക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നിശിതവിമര്‍ശനവുമായാണ് രംഗത്തുവന്നത്. എന്നാല്‍ ബെയ്ജിംഗാകട്ടെ നിശബ്ദമായിരുന്നു. അവരുടെ ഈ നിലപാടിനോടുള്ള പ്രതികരണംകൂടിയാണ് ഈ കടുത്ത ബര്‍മീസ് രോഷം. സൈനിക അട്ടിമറിക്കാ പദ്ധതിയിട്ടത് ചൈനയാണ് എന്ന രീതിയിലുള്ള പ്ലാക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ വഹിക്കുന്നുണ്ട്. നേരിട്ടുള്ള വിമര്‍ശനം ഇന്ത്യ ഒഴിവാക്കിയെങ്കിലും മ്യാന്‍മര്‍ സാഹചര്യത്തില്‍ ഗൗരവമായ ആശങ്ക പ്രകടിപ്പിക്കുകയും “ചിട്ടയായ ജനാധിപത്യ പരിവര്‍ത്തനത്തിന്” ആഹ്വാനം ചെയ്യുകയും ചെയ്തു.

നിലവിലുള്ള സ്ഥിതിഗതികള്‍ വളരെ കടുത്തതാണെന്ന് ചൈനീസ് എംബസി വിശേഷിപ്പിക്കുന്നു. ജനാധിപത്യ അനുകൂല പ്രക്ഷോഭകര്‍ ചൈനീസ് ധനസഹായമുള്ള രണ്ട് വസ്ത്ര ഫാക്ടറികള്‍ കത്തിച്ചു. എല്ലാ അക്രമ പ്രവര്‍ത്തനങ്ങളും തടയാനും കുറ്റവാളികളെ നിയമപ്രകാരം ശിക്ഷിക്കാനും മ്യാന്‍മറിലെ ചൈനീസ് കമ്പനികളുടെയും ഉദ്യോഗസ്ഥരുടെയും ജീവന്‍റെയും സ്വത്തിന്‍റെയും സുരക്ഷ ഉറപ്പുവരുത്താനും ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ മ്യാന്‍മറിനോട് അഭ്യര്‍ത്ഥിക്കുന്നു, “എംബസി പ്രസ്താവനയില്‍ പറഞ്ഞു.

ഹ്ലിങ്തായയിലെ ഫാക്ടറികള്‍ക്ക് തീയിട്ട അവസരത്തില്‍ സേന നടത്തിയ വെടിവെയ്പ്പില്‍ 22 പ്രതിഷേധക്കാര്‍ മരിച്ചതായി അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണ്‍സ് (എഎപിപി) പറയുന്നു. മണ്ടാലെ, ബാഗോ തുടങ്ങിയ നഗരങ്ങളില്‍ വെടിവയ്പില്‍ 16 പ്രതിഷേധക്കാര്‍ മരിച്ചതായി അവര്‍ അറിയിച്ചു. വെടിവയ്പ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് പ്രാന്തപ്രദേശങ്ങളില്‍ എത്താന്‍ ശ്രമിച്ച ബര്‍മീസ് മാധ്യമ പ്രവര്‍ത്തകരെയും സുരക്ഷാ സേന തടഞ്ഞു. ഹാലിങ്തായയിലും അടുത്തുള്ള യാങ്കോണിലും സൈനികനിയമം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു.

രാജ്യം സൈനിക നിയന്ത്രണത്തിലായതിനുശേഷം 126 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. പ്രതിഷേധക്കാരായ 2,250 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ 300 പേരെ മാത്രമേ വിട്ടയിച്ചിട്ടുള്ളു.

Maintained By : Studio3