ഹോങ്കോംഗ്: ജി 7 പ്രസ്താവക്കെതിരെ മുന്നറിയിപ്പുമായി ചൈന
ബെയ്ജിംഗ്: ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ ഉണ്ടാകുന്നതിനെ ശക്തമായി എതിര്‍ത്തുകൊണ്ട് ചൈന വീണ്ടും രംഗത്തുവന്നു. ഹോങ്കോംഗിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം മെച്ചപ്പെടുത്താനുള്ള ചൈനയുടെ തീരുമാനത്തെക്കുറിച്ചുള്ള ഗ്രൂപ്പ് ഓഫ് സെവന്‍സ് (ജി 7) പ്രസ്താവനയ്ക്ക് മറുപടിയായാണ് ബെയ്ജിംഗിന്‍റെ അഭിപ്രായപ്രകടനം. ഹോങ്കോംഗിന്‍റെ കാര്യത്തില്‍ ഏതെങ്കിലും വിദേശ രാജ്യങ്ങളില്‍ നിന്ന് നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് കമ്യൂണിസ്റ്റ് ഭരണകൂടം മുന്നറിയിപ്പുനല്‍കുന്നു. ഹോങ്കോംഗിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ മാറ്റം വരുത്തുന്നതും മെച്ചപ്പെടുത്തുന്നതും ചൈനയുടെ ആഭ്യന്തര കാര്യമാണെന്ന് ഹോങ്കോംഗ്, മക്കാവോ അഫയേഴ്സ് ഓഫീസ് വക്താവ് പറഞ്ഞു.
ജി 7 പ്രസ്താവന വസ്തുതകളെ വളച്ചൊടിക്കുന്നതാണ്. അതിന്‍റെ അടിസ്ഥാനരഹിതമായ അഭിപ്രായങ്ങള്‍ അന്താരാഷ്ട്ര നിയമത്തെയും അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങളെയും ലംഘിക്കുന്നു. ഇത് ചൈനയുടെ കാര്യങ്ങളിലെ നഗ്നമായ ഇടപെടലാണെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി വക്താവിനെ ഉദ്ധരിച്ച് പറഞ്ഞു. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്‍റെ (എന്‍പിസി )തീരുമാനം ഹോങ്കോംഗ് സ്വദേശികള്‍ ഉള്‍പ്പെടെ എല്ലാ ചൈനക്കാരും പങ്കിട്ട അഭിലാഷമാണ് പ്രകടമാക്കുന്നത്. ഹോങ്കോംഗിലെ ദീര്‍ഘകാല സമാധാനവും സുസ്ഥിരതയും സാക്ഷാത്കരിക്കുന്നതിനുള്ള അടിസ്ഥാന പരിഹാരമായി ഇത് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വക്താവ് അഭിപ്രായപ്പെട്ടു.
ഒരു കാലത്ത് ഹോങ്കോംഗില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായിരുന്നു. അതിനെ ‘ഹോങ്കോംഗ് സ്വാതന്ത്ര്യം’എന്നപേരിലാണ് വിശേഷിപ്പിക്കപ്പെട്ടത്. കലാപങ്ങള്‍ സംഘടിപ്പിക്കുക, അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുക എന്നിവക്കായി ചില പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള രഹസ്യമായ സഹായവും പിന്തുണയും അവിടെ ലഭിച്ചിരുന്നതായി വക്താവ് പറയുന്നു. ‘സ്വാതന്ത്ര്യം’, ‘ജനാധിപത്യം’ എന്നീ വേഷങ്ങളില്‍ ഹോങ്കോംഗിന്‍റെ കാര്യങ്ങളില്‍ ഇടപെടുന്നതിന് പിന്നില്‍ കുറച്ച് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഒരു രാഷ്ട്രീയ അജണ്ടയുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്നും ബെയ്ജിംഗ് മുന്നറിയിപ്പ് നല്‍കുന്നു.