സമ്പദ് വ്യവസ്ഥ കര കയറുന്നു; യുഎഇയില്‍ നിന്നുള്ള പണമയക്കല്‍ ഈ വര്‍ഷം കൂടാന്‍ സാധ്യത
1 min readഅതേസമയം ആഗോളതലത്തില്‍ പ്രവാസിപ്പണത്തില്‍ ഏഴ് ശതമാനം ഇടിവിന് സാധ്യത
ദുബായ്: പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും സമ്പദ് വ്യവസ്ഥ കരകയറുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം യുഎഇയില്‍ നിന്നുമുള്ള പ്രവാസിപ്പണത്തിന്റെ ഒഴുക്ക് കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നിലനില്‍ക്കുന്നതില്‍ ആഗോള തലത്തില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ കുറവുണ്ടായേക്കും.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് അയച്ച പ്രവാസിപ്പണത്തില്‍ 10-15 ശതമാനം വരെ ഇടിവുണ്ടായെങ്കിലും ഈ വര്‍ഷം സ്ഥിതി മെച്ചപ്പെടുമെന്നാണ് വിദേശ വിനിമയ രംഗത്തെ ഉദ്യോഗസ്ഥര്‍ കരുതുന്നത്. എന്നാല്‍ ഈ രംഗത്തെ ചുറ്റുപ്പറ്റി ചില അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതായും അവര്‍ സമ്മതിക്കുന്നുണ്ട്. പകര്‍ച്ചവ്യാധി ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യത്തിനിടയാക്കിയതിനാല്‍ നാട്ടിലേക്ക് പണമയക്കാന്‍ ബുദ്ധിമുട്ടുകയാണ് വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍. അതിനാല്‍ ആഗോള തലത്തില്‍ പ്രവാസിപ്പണത്തില്‍ ഈ വര്‍ഷം ഏഴ് ശതമാനം ഇടിവാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യുഎഇയില്‍ നിന്നുമുള്ള പ്രവാസിപ്പണം ഈ വര്‍ഷം മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹൗസ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. പണമയക്കല്‍, വിദേശ വിനിമയ ബിസിനസുകള്‍ മെച്ചപ്പെടുമെന്നും അദീബ് പ്രതീക്ഷ പ്രകടിപ്പിച്ചു. ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടറും ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പ് ട്രഷററുമായ ആന്റണി ജോസും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവും ശക്തമായ വാക്‌സിനേഷന്‍ യജ്ഞവും സ്ഥിരതയുള്ള എണ്ണവിലയും എക്‌സ്‌പോ 2020യും യുഎഇ ബിസിനസുകള്‍ക്ക് ഇസ്രയേല്‍ വിപണി തുറന്ന് കൊടുത്തതും സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാകുമെന്നും അത് പ്രവാസിപ്പണത്തില്‍ പ്രതിഫലിക്കുമെന്നും ആന്റണി പറഞ്ഞു.