കോവിഡ്-19: ഇന്ത്യയിലെ ശരാശരി വാക്‌സിന്‍ കുത്തിവെപ്പ് ഒരു ദിവസം നാലര ലക്ഷമായി
1 min readരാജ്യത്ത് ഇതുവരെ 2.40 കോടിയിലധികം ജനങ്ങള്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു
ന്യൂഡെല്‍ഹി: അറുപത് വയസിന് മുകളിലുള്ളവരെ ലക്ഷ്യമാക്കിയുള്ള കോവിഡ്-19നെതിരായ വാക്‌സിനേഷന്റെ അടുത്ത ഘട്ടം ആരംഭിച്ചതോടെ രാജ്യത്തെ ശരാശരി വാക്‌സിന്‍ കുത്തിവെപ്പ് ഒരു ദിവസം നാലര ലക്ഷമായി മെച്ചപ്പെട്ടു. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഇതുവരെ 2.40 കോടിയിലധികം ജനങ്ങള്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ 2,40,37,644 വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആകെ 71,13,801 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്റെ ഒരു ഡോസ് സ്വീകരിച്ചു. രണ്ട് ഡോസുകളും സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ ആകെ എണ്ണം 38,51,808 ആണ്. 69,02,006 മുന്‍നിര പോരാളികള്‍ ഒരു ഡോസും 4,44,199 പേര്‍ രണ്ടു ഡോസും വാക്‌സിനെടുത്തു. അതേസമയം ഗുരുതരമായ അസുഖങ്ങള്‍ ഉള്ള 45 വയസ് പിന്നിട്ട 8,00,287 പേരും അറുപത് വയസ് പിന്നിട്ട 49,25,543 പേരും ഇതുവരെ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
ആരോഗ്യപ്രവര്‍ത്തകരെ മാത്രം ലക്ഷ്യമിട്ടുള്ള വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തില്‍ ശരാശരി വാക്‌സിന്‍ കുത്തിവെപ്പ് ഒരു ദിവസം 2.28 ലക്ഷമായിരുന്നു. മുന്‍നിര പോരാളികളെ കൂടി ഉള്‍പ്പെടുത്തി ഫെബ്രുവരിയില്‍ ആരംഭിച്ച രണ്ടാംഘട്ടത്തില്‍ ശരാശരി കുത്തിവെപ്പ് ഒരുദിവസം 3.27 ലക്ഷമായി ഉയര്‍ന്നു. എന്നാല്‍ അറുപത് വയസിന് മുകളിലുള്ളവരെയും ഗുരുതര അസുഖങ്ങള്‍ ഉള്ള 45നും 59നും ഇടയില്‍ പ്രായമുള്ളവരെയും ലക്ഷ്യമിട്ട് ഈ മാസം ആദ്യം ആരംഭിച്ച മൂന്നാംഘട്ടം പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ശരാശരി കുത്തിവെപ്പ് ഒരു ദിവസം നാലര ലക്ഷമായി വര്‍ധിച്ചു.
വാക്‌സിനേഷന് വയോധികരില്‍ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണമാണ് വാക്‌സിനേഷന്‍ നിരക്ക് ഉയരാനുള്ള പ്രധാന കാരണം. നിലവില്‍ ഒരു ദിവസവും വാക്‌സിന്‍ സ്വീകരിക്കുന്ന മൊത്തം ആളുകളില്‍ 50-60 ശതമാനം പേരും വയോധിക വിഭാഗത്തിലുള്ളവരാണ്.