പരിധി വിട്ടാല്‍ ആരോഗ്യം തകര്‍ത്ത് കളയുന്ന മാനസിക സമ്മര്‍ദ്ദത്തെ എങ്ങനെ തിരിച്ചറിയാം
1 min readനാം കരുതുന്നതിനേക്കാള്‍ അപകടകാരിയാണ് മാനസിക സമ്മര്‍ദ്ദം. പരിധി വിട്ടാല്‍ ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തകര്‍ക്കാന്‍ അതിന് കഴിയും. നാം കരുതിയിരിക്കേണ്ട മാനസിക സമ്മര്‍ദ്ദത്തിന്റെ ചില സൂചനകളും ലക്ഷണങ്ങളും മാനസികാരോഗ്യം കാത്തുസൂക്ഷിക്കാനുള്ള ചില പൊടിക്കൈകളും നോക്കാം
പകര്‍ച്ചവ്യാധിക്കാലം മുന്‍പരിചയമില്ലാത്ത പലവിധ വികാരങ്ങളുടെയും വിചാരങ്ങളുടെയും കാലം കൂടിയായിരുന്നു. വിരസത, ഒന്നിലും താല്‍പ്പര്യമില്ലായ്മ, ദേഷ്യം, അസ്വസ്ഥത, നൈരാശ്യം, മനസിന്റെ ശ്രദ്ധ തിരിക്കുന്ന വസ്തുക്കളിലൂടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കല്‍, അനിശ്ചിതത്വം, നിയന്ത്രണം നഷ്ടപ്പെടല്‍ തുടങ്ങി സമീപകാലത്ത് പലതരത്തിലുള്ള മാനസികാവസ്ഥകളിലൂടെ കടന്നുപോകാത്ത വ്യക്തികള്‍ കുറവായിരിക്കും. ഇത്തരം അനുഭവങ്ങള്‍ ഉത്കണ്ഠ, ഭയം, നിരാശ തുടങ്ങിയവ മാനസിക പ്രശ്‌നങ്ങളിലാകും പലപ്പോഴും ചെന്നെത്തുക. കുട്ടികളെയും പ്രായമായവരെയുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ വലിയ രീതിയില്‍ ബാധിക്കുന്നത്. കുട്ടികള്‍ക്കിതുവരെ സ്‌കൂളില്‍ പോകാന്‍ സാധിച്ചിട്ടില്ല. വീട്ടിനുള്ളില്‍ തളയ്ക്കപ്പെട്ടതിന്റെയും കൂട്ടുകാരുമായി കളിക്കാന്‍ സാധിക്കാത്തതിന്റെയും നിരാശയും വിരസതയുമെല്ലാം അവരെ വലിയ രീതിയില്‍ അലട്ടുന്നുണ്ട്. പുറത്ത് പോയി കളിക്കാനോ കൂട്ടുകാരുമായി ഇടപെടാനോ ഉള്ള അവസരം ലഭിക്കാത്തത് കാരണം ഇലക്ട്രോണിക് ഉപകരണങ്ങളിലും സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ വിനോദ ഉപാധികളിലുമുള്ള അവരുടെ ആസക്തി വര്‍ധിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് കുട്ടികളിലും കൗമാര പ്രായക്കാരിലും ഒറ്റപ്പെടല്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ശിശുരോഗ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
മാനസിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍
മാനസിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിയുകയെന്നതാണ് അതില്‍ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. നിരന്തരമായ ആശങ്ക, വികാരങ്ങള്‍ക്ക് അടിമപ്പെടുക, ഏകാഗ്രതക്കുറവ്, സ്വസ്ഥതയില്ലായ്മ, മാനസികാവസ്ഥകള്‍ പെട്ടന്ന് മാറുക, പെട്ടന്നുള്ള ദേഷ്യം, നമ്മോട് തന്നെയുള്ള ബഹുമാനക്കുറവ്, ഭക്ഷണക്രമത്തിലും ഉറക്കത്തിലുമുള്ള മാറ്റങ്ങള്‍, ആശ്വാസത്തിനായി മദ്യപാനം, മയക്കുമരുന്ന്, പുകയില എന്നിവയ്ക്ക് കീഴ്‌പ്പെടുക, വേദനകള്‍, പേശീസമ്മര്‍ദ്ദം, വയറിളക്കം, മലബന്ധം, ക്ഷീണം, ഛര്‍ദ്ദി തുടങ്ങി മാനസിക സമ്മര്‍ദ്ദമുള്ളവര്‍ പല രീതിയിലുള്ള ലക്ഷണങ്ങള്‍ കാണിച്ചേക്കാം. ചിലര്‍ക്ക് ഇവയില്‍ പല ലക്ഷണങ്ങളും ഉണ്ടാകും എന്നാല്‍ മറ്റ് ചിലര്‍ ദീര്‍ഘകാലം ഒരൊറ്റ ലക്ഷണം മാത്രമായിരിക്കും ഉണ്ടായിരിക്കുക. കൃത്യസമയത്ത് ചികിത്സി്ക്കാതിരുന്നാല്‍ മാനസിക സമ്മര്‍ദ്ദം ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം
പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പലരുടെയും മാനസിക പ്രശ്‌നങ്ങളുടെ പ്രധാന കാരണം കോവിഡ്-19 ആണ്. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ക്കും ദുഷ്പ്രചരണങ്ങള്‍ക്കും ചെവി കൊടുക്കാതിരിക്കുന്നതാണ് നല്ലത്. വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം ശ്രദ്ധിക്കുക. കിംവദന്തികളും അബദ്ധധാരണകളും ആശങ്കയും മാനസിക സമ്മര്‍ദ്ദവും വര്‍ധിപ്പിക്കും. സാമൂഹികമായുള്ള ഒറ്റപ്പെടല്‍ വ്യക്തികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഡിപ്രഷനും പോസ്റ്റ് ട്രുമാറ്റിക് സ്‌ട്രെസ് ഡിസോഡറും സാമൂഹികമായുള്ള ഒറ്റപ്പെടലിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളാണ്. കുടുംബാംഗങ്ങളുമായും കൂട്ടുകാരുമായുമുള്ള ബന്ധം നിലനിര്‍ത്തുകയാണ് സാമൂഹികമായ ഒറ്റപ്പെടലിനെ അതിജീവിക്കാനുള്ള മികച്ച വഴി. നിയന്ത്രണങ്ങളില്‍ ഇളവുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ ചെറിയ സംഘങ്ങളായുള്ള ഒത്തുചേരലിലൂടെ ഒറ്റപ്പെടലിനെ അതിജീവിക്കാം.
ശരിയായ വസ്്തുതകള്‍ ഭയം അകറ്റാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ നാം ശ്രദ്ധ കൊടുക്കുന്ന കാര്യങ്ങളുടെ വിശ്വാസ്യത ഉറപ്പ് വരുത്തുക. നല്ല ചിന്തകള്‍ വളര്‍ത്തിയെടുക്കുക. നമ്മോട് തന്നെ പ്രചോദനാത്മകമായ സംഭാഷണങ്ങള്‍ നടത്തുക. ഉറക്കമെഴുന്നേല്‍ക്കല്‍, ഭക്ഷണം കഴിക്കല്‍, വിശ്രമം എന്നിവയ്ക്ക് കൃത്യമായ ഒരു സമയക്രമമുണ്ടാകുന്നത് ഒരു വ്യക്തിയുടെ ദിവസത്തെ ഉല്‍പ്പാദനക്ഷമമാക്കും. ഇതിനിടയില്‍ ജോലിക്കും വ്യായാമത്തിനും വിനോദത്തിനും നിശ്ചിത സമയം നല്‍കണം. കൃത്യനിഷ്ഠയുള്ള ദിനചര്യ മാനസികമായ ആശ്വാസം നല്‍കും.