ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടി 12ന്
1 min readവെര്‍ച്വല്‍ സമ്മേളനത്തില്‍ നാല് രാഷ്ട്രനേതാക്കളും പങ്കടുക്കും
മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചാവിഷയമാകും
ന്യൂഡെല്‍ഹി: ക്വാഡ്രിലാറ്ററല്‍ സഖ്യ രാഷ്ട്രങ്ങളായ(ക്വാഡ്) ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നീരാജ്യങ്ങള്‍ ഈ മാസം 12ന് വെര്‍ച്വല്‍ ഫോര്‍മാറ്റില്‍ തങ്ങളുടെ ആദ്യ ഉച്ചകോടി നടത്തും. ഈ മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം സംബന്ധിച്ച ആശങ്കകള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. കൂടാതെ ആഗോളതലത്തിലും പ്രാദേശികവുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളും സ്വതന്ത്രവും തുറന്നതുതുമായ ഇന്തോ-പസഫിക് മേഖലയിലെ സഹകരണത്തിന്‍റെ പ്രായോഗികവശങ്ങളും യോഗം വിലയിരുത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 12 ന് നടക്കുന്ന ക്വാഡ് ചട്ടക്കൂടിന്‍റെ നേതാക്കളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗയും യുഎസ്എ പ്രസിഡന്‍റ് ജോ ബൈഡനും പങ്കെടുക്കുമെന്നും മന്ത്രാലയത്തിന്‍റെ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
ഊര്‍ജ്ജസ്വലമായ വിതരണ ശൃംഖലകള്‍, ഉയര്‍ന്നുവരുന്നതും നിര്‍ണായകവുമായ സാങ്കേതികവിദ്യകള്‍, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവിഷയങ്ങളില്‍ ലോക നേതാക്കളുടെ ആശയങ്ങള്‍പങ്കുവെക്കാന്‍ ഉച്ചകോടി വേദിയൊരുക്കും. ലോകം ഇന്ന് നേരിടുന്ന കോവിഡ് പ്രതിസന്ധി പ്രതിരോധിക്കാനുള്ള നിരന്തരമായ ശ്രമങ്ങളെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ചചെയ്യും. ക്വാഡ് അംഗരാജ്യങ്ങള്‍ ഇന്തോ-പസഫിക്കില്‍ നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഒരു അന്താരാഷ്ട്ര ക്രമം പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ്.
ഫെബ്രുവരി 18 ന് ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഒരു വെര്‍ച്വല്‍ മീറ്റിംഗ് നടത്തിയിരുന്നു. പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും ബഹുമാനിക്കാനും നാവിഗേഷന്‍ സ്വാതന്ത്ര്യത്തിനും തര്‍ക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി, സമാധാനപരമായി പരിഹരിക്കാനുമുള്ളശ്രമങ്ങള്‍ക്ക് അവര്‍ പിന്തുണ നല്‍കി.
ചൈനയുടെ വര്‍ധിച്ചുവരുന്ന സൈനിക സ്വാധീനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്തോ-പസഫിക് മേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം പ്രമുഖ ആഗോള ശക്തികള്‍ക്കിടയില്‍ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. ബെയ്ജിംഗിന്‍റെ സ്വാധീനം ആഗോളതലത്തില്‍ വ്യാപിക്കുന്നതില്‍ യുഎസും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ ക്വാഡ് സംവിധാനത്തെ ചൈനക്കെതിരായി നിലനില്‍ത്തുന്നതിനെ അവര്‍ അനുകൂലിക്കുന്നു. ക്വാഡ് അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ 2020 ഒക്ടോബര്‍ 6 ന് ടോക്കിയോയിലും കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വതന്ത്രവും തുറന്നതും സമന്വയിപ്പിച്ചതുമായ ഇന്തോ-പസഫിക്കിനായുള്ള അവരുടെ കൂട്ടായ കാഴ്ചപ്പാട് ഈ യോഗവും ഊട്ടിയുറപ്പിച്ചിരുന്നു.