January 2, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോണ്‍ഗ്രസിനെ പുറത്താക്കാന്‍ സിപിഎമ്മും ബിജെപിയും സഹകരിക്കുന്നു: മുല്ലപ്പള്ളി

1 min read

തിരുവനന്തപുരം: കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മിനേയും ബിജെപിയേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ്. ഇരു പാര്‍ട്ടികളും തമ്മില്‍ അവിശുദ്ധ സഖ്യം നിലനില്‍ക്കുന്നതായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയെന്ന തങ്ങളുടെ അന്തിമ ലക്ഷ്യത്തിലെത്താന്‍ എല്ലാ മാര്‍ഗങ്ങളും അവര്‍ അവലംബിക്കുന്നു. ഡെല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ വിമാനത്താവളം ഔദ്യോഗികമായി തുറക്കുന്നതിന് മുമ്പുതന്നെ, അന്നത്തെ ബിജെപി പ്രസിഡന്‍റായിരുന്ന അമിത് ഷായുടെ വിമാനം അവിടെ ഇറങ്ങാന്‍ മുഖ്യമന്ത്രി അനുവദിച്ചു. ആരും മറക്കരുത്, കണ്ണൂരില്‍ നിന്ന് വിജയന്‍റെ ആദ്യ തെരഞ്ഞെടുപ്പ് വിജയം അന്നത്തെ ജനസംഘത്തിന്‍റെ സഹായത്തോടെയായിരുന്നു-മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ പൊതു റാലിയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച സംസ്ഥാന തലസ്ഥാനത്ത് എത്തിയ ഷാ സ്വര്‍ണ്ണക്കടത്ത്, റിവേഴ്സ് ഡോളര്‍ ഹവാല കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് ഏതാനും ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് ഉത്തരം നല്‍കുന്നതിനുപകരം മുഖ്യമന്ത്രി അമിതാ ഷായോട് ചില ചോദ്യങ്ങള്‍ തിരിച്ച് ചോദിക്കുകയായിരുന്നു. “ഈ രണ്ട് കേസുകളിലെയും അന്വേഷണ വേഗത പരിശോധിക്കുക, അത് നിര്‍ണായക ഘട്ടത്തിലെത്തിയപ്പോള്‍ കാര്യങ്ങള്‍ വഷളായി. ഇത് തന്നെ ഈ രണ്ട് പാര്‍ട്ടികളും സഹകരണത്തില്‍ ആണെന്ന് തെളിയിക്കുന്നു. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, അന്വേഷണം ശരിയായ രീതിയില്‍ നടക്കുകയാണെങ്കില്‍, ഇത് രണ്ടുപാര്‍ട്ടികള്‍ക്കും പ്രശ്നമാകാം, ‘ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ‘ഈ രണ്ട് നേതാക്കളും പരസ്പരം ചോദ്യങ്ങള്‍ ചോദിക്കുന്നു. ഇതിന്‍റെ ഉത്തരമാണ് കേരളത്തിന് വേണ്ടത് ‘മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ഈ രണ്ട് പാര്‍ട്ടികളുടെയും യഥാര്‍ത്ഥ ഉദ്ദേശ്യം ഉടന്‍ തന്നെ എല്ലാവരും മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3