സ്ത്രീ ശാക്തീകരണം: നിതീഷിന്‍റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍

പാട്ന: സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് കകോണ്‍ഗ്രസ് എംഎല്‍എമാര്‍. ബീഹാര്‍ നിയമസഭയിലാണ് കഴിഞ്ഞ ദിവസം അസാധാരണമായ ഈ നീക്കം ഉണ്ടായത്. എംഎല്‍മാരുടെ നടപടി ഒരുപോലെ കോണ്‍ഗ്രസിനെയും ജനതാദള്‍ യുണൈറ്റഡിനെയും അമ്പരപ്പിച്ചിരുന്നു. ഇത് രാഷ്ട്രീയ നീക്കമാണോ എന്ന് ബിജെപി അടക്കമുള്ള ഭരണപക്ഷം ചിന്തിക്കുന്നു. നിതീഷ് ബിജെപി സഖ്യത്തില്‍ നിന്ന് പുറത്തുവന്നാല്‍ തങ്ങള്‍ക്ക് സ്വീകാര്യനാണ് എന്ന സന്ദേശം മുഖ്യമന്ത്രിക്ക് നല്‍കുകയായിരുന്നു എന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിശ്വസിക്കുന്നു.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങള്‍ ആരംഭിച്ചതിന് മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് എംഎല്‍എ പ്രതിമ ദേവിയാണ് ആദ്യം നന്ദി പറഞ്ഞത്. അദ്ദേഹത്തിന്‍റെ പരിശ്രമത്തെത്തുടര്‍ന്ന് സ്ത്രീകള്‍ പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളില്‍വലിയതോതില്‍ പങ്കെടുക്കുന്നുണ്ട്. അവര്‍ സര്‍ക്കാരിലും സ്വകാര്യ മേഖലയിലും നിരവധി പദവികള്‍ വഹിക്കുന്നുണ്ട്. എല്ലാ ക്രെഡിറ്റും മുഖ്യമന്ത്രി നിതീഷ് കുമാറിനാണ്, അവര്‍ പറഞ്ഞു. പ്രതിമാ ദേവിയുടെ പ്രസംഗത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ നീതു കുമാരിയും മുഖ്യമന്ത്രിയെ പ്രശംസിച്ച് സംസാരിച്ചു. എന്നാല്‍ ഈ എംഎല്‍മാര്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് സംസാരിച്ചത് പ്രതിപക്ഷത്തിന് കനത്ത ആഘാതമായി. രാഷ്ട്രീയ ലോക്സമത പാര്‍ട്ടി എംഎല്‍എ രേഖ കുമാരി ഉടനെ എഴുന്നേറ്റു നിന്ന് കോണ്‍ഗ്രസ് നേതാക്കളെ തടസപ്പെടുത്താന്‍ ശ്രമിച്ചു. ‘മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് ബീഹാറിലെ വനിതാ ശാക്തീകരണത്തിന് നേതൃത്വം നല്‍കിയിരുന്നു. അദ്ദേഹം സ്വീകരിച്ച സംരംഭങ്ങളെ എല്ലാ വിഭാഗം ആളുകളും അഭിനന്ദിച്ചു. ബീഹാറിലെ സ്ത്രീകളുടെ ശബ്ദമായിരുന്നു അദ്ദേഹം, “രേഖ കുമാരി പറഞ്ഞു. സംഭവങ്ങളെല്ലാം നടന്നത് നിതീഷ് കുമാറിന്‍റെ സാന്നിധ്യത്തിലാണ്.
തുടര്‍ന്ന് ഈ വിഷയം ചര്‍ച്ചയായപ്പോള്‍ ബിജെപി നിതീഷ്കുമാറിനെ പിന്തുണച്ച് സംസാരിച്ചു. ‘നേരത്തെ സ്ത്രീകള്‍ വീടുകളില്‍ നിന്ന് ഇറങ്ങാന്‍ മടിച്ചിരുന്നു. എന്നാല്‍ നിതീഷ് കുമാറിന്‍റെ ശ്രമഫലമായി സ്ത്രീകള്‍ ഇപ്പോള്‍ സ്വതന്ത്രമായി ജോലിക്ക് പോകുന്നുണ്ട്’ ബിജെപി എംഎല്‍എ ഭഗീരഥി ദേവി പറഞ്ഞു. പ്രതിപക്ഷത്തെ ചിലര്‍ ഈ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിതീഷിന്‍റെ പാര്‍ട്ടിയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുകയാണോ എന്ന് സംശയിച്ചതില്‍ തെറ്റൊന്നും പറയാനുമാകില്ല. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിധാന്‍ സഭാ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ എല്ലാ വനിതാ നേതാക്കള്‍ക്കും സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരങ്ങള്‍ നല്‍കിയസാഹചര്യത്തിലായിരുന്നു രസകരമായ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.