December 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബംഗാളില്‍ ചക്രവര്‍ത്തിയാകാന്‍ മിഥുന്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഴയ ബോളിവുഡ് സൂപ്പര്‍ താരം മിഥുന്‍ ചക്രബര്‍ത്തിയുടെ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിന് തിരക്കഥയൊരുക്കുന്നതില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പ്രധാന പങ്കുവഹിച്ചതായി സൂചന. രണ്ടാഴ്ചമുമ്പ് മുംബൈയില്‍വെച്ച് ഇരുവരും കണ്ടുമുട്ടി ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണ് മിഥുന്‍ ചക്രബര്‍ത്തി നിര്‍ണായക തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മഹാറാലിയില്‍ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ശാരദാ ചിട്ടിഫണ്ട് അഴിമതി നടന്നതിനുശേഷം മിഥുന്‍ തൃണമൂല്‍ കോണ്‍്ഗ്രസില്‍നിന്നും രാജിവെച്ചിരുന്നു. തുടര്‍ന്ന് നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് ബിജെപിയിലേക്ക് അദ്ദേഹം പ്രവേശിച്ചത്.

“ഭഗവത് തിരഞ്ഞെടുത്ത” മിഥുന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ബിജെപിവൃത്തങ്ങളിലെ സംസാരം. ബംഗാള്‍ രാഷ്ട്രീയത്തില്‍ പഴയ ഡാന്‍സ് സൂപ്പര്‍സ്റ്റാറിനായി നല്‍കിയിട്ടുള്ള പങ്ക് വ്യക്തമാക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല. എന്നാല്‍ “പതിവ് സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ ഒരു സ്റ്റാര്‍ കാമ്പെയ്നര്‍” എന്നതിനേക്കാള്‍ വലിയ പങ്ക് അദ്ദേഹം വഹിക്കുമെന്ന് ബിജെപി നേതാക്കള്‍ സൂചന നല്‍കുന്നു. അദ്ദേഹത്തെ സംസ്ഥാനത്തെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായി കണക്കാക്കാനുള്ള സാധ്യതപോലും അവര്‍ തള്ളിക്കളയുന്നില്ല.

‘ആരെയും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇതുവരെ ഉയര്‍ത്തിക്കാട്ടിയിട്ടില്ല. പക്ഷേ മിഥുന്‍ ചക്രബര്‍ത്തിയെ തെരഞ്ഞെടുത്തത് മോഹന്‍ ഭഗവത് ആണ്. അതിനാല്‍, അദ്ദേഹം ഒരു പതിവ് അംഗമോ സ്ഥാനാര്‍ത്ഥിയോ അല്ല. അദ്ദേഹം വലിയ പങ്ക് വഹിക്കും’ ബിജെപിയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞു. മറ്റൊരു മുതിര്‍ന്ന ബിജെപി നേതാവ് ചക്രബര്‍ത്തിയെ “ആര്‍എസ്എസ് റിക്രൂട്ട്” എന്നാണ് വിശേഷിപ്പിച്ചത്. ബിജെപിയുടെ മുന്‍നിരകള്‍ സംഘത്തില്‍ നിന്നുള്ളവരാണ്. സംഘത്തിന്‍റെ സമ്മതമില്ലാതെ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുന്നില്ല, “നേതാവ് പറഞ്ഞു. “മിഥുന്‍ ദായെ നേരിട്ട് ഭഗവത് അയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. അദ്ദേഹത്തിന് ഏറ്റവും പ്രധാനപ്പെട്ട പങ്ക് നല്‍കാം’ അദ്ദേഹം തുടര്‍ന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ പ്രചോദനം ഉള്‍ക്കൊണ്ടയാളാണ് മിഥുന്‍ ചക്രബര്‍ത്തിയെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു.സംഘവും പ്രത്യയശാസ്ത്രവും അദ്ദേഹത്തെ വളരെയധികം പ്രചോദിപ്പിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു.എന്നാല്‍ സംഘം അദ്ദേഹത്തെ ആത്യന്തികമായി സ്വാധീനിക്കുന്നു, “അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ദരിദ്രര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. മിഥുന്‍റെ പ്രൊഫൈല്‍ തീരുമാനിച്ചിട്ടില്ല. അദ്ദേഹം ഞങ്ങളുടെ സ്റ്റാര്‍ കാമ്പെയ്നര്‍ ആയിരിക്കും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം ഭഗവതുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചക്രബര്‍ത്തി ഇതിനെ “ആത്മീയ ബന്ധത്തിന്‍റെ” ഫലമാണെന്നും രാഷ്ട്രീയമായി ഒന്നുമില്ലെന്നും വിശേഷിപ്പിച്ചിരുന്നു. 2019 ഒക്ടോബറില്‍ അദ്ദേഹം ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടയിലാണ് ചക്രബര്‍ത്തി ബിജെപിയിലേക്ക് വന്നത് എന്ന പ്രത്യേകതയുമുണ്ട്. അതേസമയം മിഥുന്‍റെ സാന്നിധ്യം തെരഞ്ഞെടുപ്പില്‍ യാതൊരു സ്വാധീനവും സൃഷ്ടിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

മിഥുന്‍ 2014 ലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാജ്യസഭാ എംപിയായി സേവനമനുഷ്ഠിച്ചു. 2016 ഡിസംബറില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ ശാരദ കുംഭകോണത്തിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹം പാര്‍ട്ടിയില്‍നിന്നും രാജിവെച്ചു.
അതിനുശേഷം അദ്ദേഹം ഒരു രാഷ്ട്രീയ ഇടവേളയിലായിരുന്നു. കഴിഞ്ഞദിവസം കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് വേദിയിലെത്തിയ ചക്രവര്‍ത്തിയെ ബംഗാളി സിനിമകളില്‍ നിന്നുള്ള സംഭാഷണങ്ങളോടെയാണ് സ്വാഗതം ചെയ്തത്. “ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും’ അദ്ദേഹം ജനങ്ങളോടായി പറഞ്ഞു. “എനിക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു. പാവപ്പെട്ടവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. ഇന്ന് ഈ പ്ലാറ്റ്ഫോമില്‍ നില്‍ക്കുമ്പോള്‍, എന്‍റെ സ്വപ്നം സാക്ഷാത്കരിക്കുന്നതായി എനിക്ക് കാണാന്‍ കഴിയും, “അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയാകട്ടെ മിഥുന്‍ ചക്രബര്‍ത്തിയെ വിശേഷിപ്പിച്ചത് ബംഗാളിന്‍റെ മകന്‍ എന്നാണ്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നിശിതമായി വിമര്‍ശിച്ചിരുന്നു. “അഴിമതി, കൊള്ള, സ്വജനപക്ഷപാതം എന്നിവയുടെ മത്സരങ്ങളാണ് ഇതുവരെ നിങ്ങള്‍ നടത്തിയത്. ബംഗാള്‍ ഇത്തവണ നിങ്ങളുടെ കളി അവസാനിപ്പിക്കും. നിങ്ങളുടെ കളി അവസാനിച്ചു, ദിദി’ മോദി പറഞ്ഞു. “ഭയപ്പെടാതെ വോട്ടുചെയ്യുക. നിങ്ങളുടെ വോട്ട് ഇപ്പോള്‍ അടുത്ത 25 വര്‍ഷത്തേക്ക് ബംഗാളിന്‍റെ ഗതി നിര്‍ണ്ണയിക്കും. ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍ ബംഗാളാണ് വഴി കാണിക്കേണ്ടത്. യഥാര്‍ത്ഥ മാറ്റത്തിന്‍റെ സമയമാണിത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലെ സ്വജനപക്ഷപാതത്തെ വിമര്‍ശിച്ച് ആ പാര്‍ട്ടിയില്‍നിന്നും പുറത്തുവന്നതാണ് ദീദി. അവസാനം അവരും അതില്‍ത്തന്നെ വീണു എന്നും പ്രധാനമന്ത്രി പരിഹസിച്ചു.

Maintained By : Studio3