‘ബംഗാളില്‍ കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം മറന്നു’
ന്യൂഡെല്‍ഹി: വര്‍ഗീയ കക്ഷികളുമായി കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കുന്നതിനെ വിമര്‍ശിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ. പശ്ചിമ ബംഗാളിലെ മുസ്ലിം പുരോഹിതന്‍ അബ്ബാസ് സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായി (ഐഎസ്എഫ്) പാര്‍ട്ടി സഖ്യമുണ്ടാക്കിയതിനെതിരെയാണ് ശര്‍മ ആഞ്ഞടിച്ചത്. ഇത് പാര്‍ട്ടിയുടെ പ്രധാന പ്രത്യയശാസ്ത്രത്തിനും ഗാന്ധിയന്‍, നെഹ്രുവിയന്‍ മതേതരത്വത്തിനും എതിരാണ്. മതതീവ്രവാദത്തിനെതിരായ പോരാട്ടം വിവേചന രഹിതമായിക്കണം.ഈ വിഷയം പ്രവര്‍ത്തകസമിതിയില്‍ ഉന്നയിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമബംഗാളില്‍ ഇടതുമുന്നണിയുമായും ഐഎസ്എഫുമായും സഖ്യം രൂപീകരിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രധാന എതിരാളി ഇടതുപക്ഷമാണ്. ഐഎസ്എഫുമായുള്ള സീറ്റ് പങ്കിടല്‍ ഇടതുപക്ഷം അന്തിമമാക്കിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് ഇടതുപക്ഷ, കോണ്‍ഗ്രസ്, ഐഎസ്എഫ് റാലിയെ സംയുക്ത നേതാക്കള്‍ അഭിസംബോധന ചെയ്തിരുന്നു. ഇത് വ്യക്തമാക്കുന്നത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വിജയത്തിനായി സ്വന്തം പ്രത്യയശാസ്ത്രത്തെവരെ തള്ളിപ്പറയുമെന്നാണ്. സംസ്ഥാന പിസിസി പ്രഡന്‍റിനെയും ആനന്ദ് ശര്‍മ വിമര്‍ശിച്ചിട്ടുണ്ട്. സംയുക്തയോഗങ്ങളിലെ പിസിസി പ്രസിഡന്‍റിന്‍റെ സാന്നിധ്യവും അംഗീകാരവും വേദനാജനകവും ലജ്ജാകരവുമാണെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഐഎസ്എഫുമായുള്ള പാര്‍ട്ടിയുടെ കൂട്ടുകെട്ടിനെതിരെ സംസ്ഥാന നേതാക്കള്‍ക്ക് തന്നെ അതൃപ്തിയുണ്ട്. ഹിന്ദുക്കള്‍ക്കെതിരായി വിവാദ പ്രഖ്യാപനങ്ങള്‍ നടത്തിയ പുരോഹിതനാണ് അബ്ബാസ് സിദ്ദിഖി. ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് പോയാലും മുസ്ലീം വോട്ടുകള്‍ ലഭിക്കണമെന്ന തന്ത്രമാകാം കോണ്‍ഗ്രസ് ഇവിടെ പയറ്റിയത്. അതേസമയം നല്ലൊരു ഭാഗം മുസ്ലീം വോട്ടുകള്‍ പരമ്പരാഗതമായി മമതക്കൊപ്പമുള്ളതാണ്. അതിനുപുറമേ ഒവൈസിയും ഇക്കുറി ബംഗാളിലുണ്ട് ഇതെല്ലാം സൂചിപ്പിക്കുന്നത് മുസ്ലീം വോട്ടുകളിലുണ്ടാകാവുന്ന ഭിന്നതയാണ്. കൂടാതെ എഎസ്എഫുമായുള്ള സഖ്യം ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നും ഉറപ്പാണ്.