അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചനയുമായി വീണ്ടും ട്രംപ്
ന്യൂയോര്‍ക്ക്: 2024ല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ആറ് ആഴ്ച മുമ്പ് വൈറ്റ് ഹൗസ് വിട്ടതിനുശേഷം ആദ്യമായി നടന്ന പൊതുപരിപാടിയില്‍ 2020 ലെ തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചു എന്ന വ്യാജമായ അവകാശവാദങ്ങള്‍ ആവര്‍ത്തിച്ചു. ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത ട്രംപ്, 2022 ലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ യുഎസ് ജനപ്രതിനിധിസഭയിലും സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് പ്രഖ്യാപിച്ചു. “നിങ്ങളുടെ സഹായത്തോടെ നാം സഭയുടെ നിയന്ത്രണം വീണ്ടെടുക്കും, നാം സെനറ്റിലും വിജയിക്കും, തുടര്‍ന്ന് ഒരു റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് വൈറ്റ് ഹൗസിലേക്ക് വിജയകരമായ തിരിച്ചുവരവ് നടത്തും. അത് ആരായിരിക്കുമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു’ ട്രംപ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
ജനുവരി ആറിന കാപ്പിറ്റോള്‍ മന്ദിരത്തിനുനേരെ നടന്ന ആക്രമണത്തെതുടര്‍ന്ന് സ്വന്തം പാര്‍ട്ടിയില്‍പ്പോലും ട്രംപിന് എതിര്‍പ്പ് നേരിടേണ്ടിവന്നു. തനിക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ റിപ്പബ്ലിക്കന്‍ അംഗങ്ങളെ അദ്ദേഹം പേരെടുത്ത് പരാമര്‍ശിച്ചു. സെനറ്റര്‍മാരായ മിറ്റ് റോംനി, പാറ്റ് ടോമി, ഹൗസ് നിയമനിര്‍മ്മാതാക്കളായ ലിസ് ചെന്നി, ആദം കിന്‍സിംഗര്‍ എന്നിവരെയാണ് അദ്ദേഹം ലക്ഷ്യമിട്ടത്.
റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ അവരെ എതിര്‍ത്ത സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 3 ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് ട്രംപ് പറഞ്ഞ നുണകള്‍ അദ്ദേഹം കോണ്‍ഫറന്‍സില്‍ ആവര്‍ത്തിച്ചു. ഒപ്പം ഡെമോക്രാറ്റിക് പിന്‍ഗാമിയായ ബൈഡന്‍റെ ഔദ്യോഗിക പദവിയുടെ ആദ്യ ആഴ്ചകളെക്കുറിച്ച് വിമര്‍ശനവുമുന്നയിച്ചു. ട്രംപും സഖ്യകക്ഷികളും തന്‍റെ തെരഞ്ഞെടുപ്പ് പരാജയം നിഷേധിച്ച് രണ്ടുമാസം ചെലവഴിച്ചു കഴിഞ്ഞു.ഇത് വ്യാപകമായ തട്ടിപ്പിന്‍റെ ഫലമാണെന്ന് അവര്‍ അവകാശപ്പെട്ടു. കാപ്പിറ്റോള്‍ ആക്രമണത്തിനുശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. പാര്‍ട്ടിയില്‍ തനിക്കെതിരെ അഭിപ്രായപ്രകടനം നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ ട്രംപ് വളരെ ഉത്സുകനാണ്.
പുതിയ ഒരു പാര്‍ട്ടി ആരം ഭിക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസമായി തന്‍റെ ഉപദേശകരുമായി ചര്‍ച്ചചെയ്തശേഷം എടുത്ത തീരുമാനമാണ് ഇത്. ‘ഞങ്ങള്‍ പുതിയ പാര്‍ട്ടികള്‍ ആരംഭിക്കുന്നില്ല. ഞങ്ങള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉണ്ട്. ഇത് ഐക്യപ്പെടുകയും മുമ്പത്തേക്കാള്‍ ശക്തമാവുകയും ചെയ്യും. ഞാന്‍ ഒരു പുതിയ പാര്‍ട്ടി ആരംഭിക്കുന്നില്ല, “അദ്ദേഹം യോഗത്തില്‍ പറഞ്ഞു. 2024 ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് നാമനിര്‍ദ്ദേശ മല്‍സരത്തില്‍ ട്രംപിന് വോട്ട് ചെയ്യുമെന്ന് സിപിഎസി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത 55% പേര്‍ അഭിപ്രായപ്പെട്ടു. ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്‍റിസ് 21% പിന്തുണയോടെ രണ്ടാം സ്ഥാനത്തെത്തി.