കാര്‍ഷിക നിയമങ്ങള്‍ സ്‌റ്റേ ചെയ്തു
ന്യൂഡെല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയത്.
നിയമങ്ങള്‍ക്കെതിരായ കര്‍ഷക യൂണിയനുകളുടെ പരാതികള്‍ കേള്‍ക്കാന്‍ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്. കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധനാവത്ത്, ബി എസ് മാന്‍ എന്നിവര്‍ സമിതിയില്‍ ഉണ്ടായിരിക്കും. വിവാദമായ നിയമങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ചില്ലെങ്കില്‍ തങ്ങള്‍ക്കത് സ്റ്റേ ചെയ്യേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്് അത് കഴിയില്ലെന്ന സര്‍ക്കാരിന്റെ നിലപാട് അവര്‍ കോടതിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് സ്‌റ്റേ നടപടികളുമായി കോടതി മുന്നോട്ടുപോയത്.
എന്നാല്‍ കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കിയിട്ടുണ്ട്്. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്നും ഇതിനോട് കോടതി പ്രതികരിച്ചു. കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. പ്രശ്‌നം പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്് സമിതി മുമ്പാകെ തങ്ങളുടെ പരാതികള്‍ വിശദീകരിക്കാം. കൂടാതെ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകരെ ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി പോലീസ് അപേക്ഷയില്‍ സുപ്രീം കോടതി നോട്ടീസും നല്‍കിയിട്ടുണ്ട്.
വിധിയില്‍ തൃപ്തരല്ലെന്ന നിലപാടാണ് കര്‍ഷക സംഘടനകള്‍ സ്വീകരിച്ചിട്ടുള്ളത്. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടാണ് പല സംഘടനകള്‍ക്കുമുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ട്രാക്റ്റര്‍ റാലി സംബന്ധിച്ച് മാറ്റമില്ലെന്നും അവര്‍ പറയുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി സംഘടനകളുടെ പ്രത്യേക യോഗം ചേരും.