യുഎഇയില്‍ ഓഹരികളുടെ പ്രതിദിന താഴ്ച പരിധി വീണ്ടും 10 ശതമാനമാക്കി ഉയര്‍ത്തി
1 min read
പകര്‍ച്ചവ്യാധിയുടെ ഫലമായി വിലകളില്‍ ഉണ്ടാകാനിടയുള്ള ചാഞ്ചാട്ടം തടയുന്നതിനായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഓഹരികളുടെ ഡെയ്‌ലി ഡിക്ലൈന്‍ ലിമിറ്റ് 5 ശതമാനമാക്കി കുറച്ചത്
ദുബായ്: യുഎഇ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളുടെ പ്രതിദിന താഴ്ച പരിധി (ഡെയ്‌ലി ഡിക്ലൈന്‍ ലിമിറ്റ്) വീണ്ടും പത്ത് ശതമാനമാക്കി. നിലവില്‍ ഇത് അഞ്ച് ശതമാനമാണ്. മന്ത്രിസഭ തീരുമാനപ്രകാരമുള്ള പുതിയ പരിധി നാളെ നിലവില്‍ വരുമെന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ വാം അറിയിച്ചു. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ഫലമായി ഓഹരിവിലകളില്‍ ഉണ്ടാകാനിടയുള്ള ചാഞ്ചാട്ടം തടയുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യുഎഇയിലെ സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിട്ടി പ്രതിദിന താഴ്ച പരിധി പത്ത് ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കി കുറച്ചിരുന്നത്. അതേസമയം ഓഹരികളുടെ ഉയര്‍ച്ചാ പരിധി 15 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയിരുന്നു.
യുഎഇയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഓരോ കമ്പനിയുടെയും ഓഹരി വിലകള്‍ ഒരു ദിവസം അവസാന ക്ലോസിംഗ് പരിധിയുടെ പത്ത് ശതമാനത്തില്‍ കൂടുതല്‍ താഴാന്‍ പാടില്ലെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വിപണിയിലുണ്ടായ അസ്ഥിരാവസ്ഥ മറികടക്കാന്‍ ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിന് (ഡിഎഫ്എം) സാധിച്ചുവെന്നതാണ് താഴ്ച പരിധി 10 ശതമാനമാക്കി പുനഃസ്ഥാപിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് ഡിഎഫ്എം സിഇഒ ഹസ്സന്‍ അല്‍ സെര്‍കല്‍ പറഞ്ഞു.
വിപണിയുടെ പ്രകടനം സംബന്ധിച്ച പല സൂചികകളും മെച്ചപ്പെട്ടുവെന്നും പൊതു സൂചിക കഴിഞ്ഞ ഏപ്രിലിലെ ഏറ്റവും താഴ്ന്ന പോയിന്റ് നിലയില്‍ നിന്നും 56 ശതമാനം ഉയര്‍ന്നുവെന്നും സെര്‍കല്‍ പറഞ്ഞു. മാത്രമല്ല, മൊത്തം വ്യാപാര മൂല്യം കഴിഞ്ഞ വര്‍ം 24 ശതമാനം ഉയര്‍ന്ന് 66 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തി. തദ്ദേശീയ, അന്തര്‍ദേശീയ നിക്ഷേപകര്‍ക്ക് വിപണിയിലുള്ള ആത്മവിശ്വാസത്തിന് തെളിവാണിതെന്നും സെര്‍കല്‍ അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷം 4,027 പുതിയ നിക്ഷേപകരാണ് ഡിഎഫ്എമ്മില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2,350 പേര്‍ വിദേശ നിക്ഷേപകരാണെന്നും സെര്‍കല്‍ അറിയിച്ചു.