Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാര്‍വത്രിക മനുഷ്യാവകാശങ്ങള്‍ക്കും നിയമവാഴ്ചയ്ക്കും പ്രാധാന്യം നല്‍കും : ബൈഡന്‍

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ സൗദി അറേബ്യയിലെ രാജാവ് സല്‍മാനുമായി ഫോണ്‍ സംഭാഷണം നടത്തി. സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചുള്ള യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ബൈഡന്‍ കണ്ടശേഷമായിരുന്നു ഈ ഫോണ്‍കോള്‍ എന്ന് പറയപ്പെടുന്നു. സാര്‍വത്രിക മനുഷ്യാവകാശങ്ങള്‍ക്കും നിയമവാഴ്ചയ്ക്കും യുഎസ് നല്‍കുന്ന പ്രാധാന്യം യുഎസ് പ്രസിഡന്‍റ് സംഭാഷണത്തില്‍ എടുത്തുപറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു.യുഎസ് റിപ്പോര്‍ട്ട് രാജാവിന്‍റെ മകന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ബാധിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ കേസില്‍ തന്‍റെ പങ്കാളിത്തം അദ്ദേഹം നിഷേധിക്കുന്നു.ബൈഡന്‍റെ മുന്‍ഗാമിയായ ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയത്. ഈ റിപ്പോര്‍ട്ട് അന്നു പുറത്തുവരുന്നതില്‍ ട്രംപിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. സൗദികളുമായുള്ള മെച്ചപ്പെട്ട സഹകരണത്തില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ ബൈഡന്‍ സൗദി അറേബ്യയുമായുള്ള ബന്ധം പുനഃക്രമീകരിക്കുമെന്ന് വൈറ്റ് ഹൗസ് പറയുന്നു.

പത്രപ്രവര്‍ത്തകനും സൗദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നയാളുമായ ഖഷോഗി 2018 ല്‍ തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളിലാണ് കൊലചെയ്യപ്പെട്ടത്. ഖഷോഗിയെ രാജ്യത്തേക്ക് തിരിച്ചയക്കാന്‍ അയച്ച ഏജന്‍റുമാരുടെ സംഘം നടത്തിയ നടപടിയായാണ് ഇതിനെ സൗദി അധികൃതര്‍ കുറ്റപ്പെടുത്തിയത്. ഈ കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സൗദി കോടതി അഞ്ച് പേരെ 20 വര്‍ഷം തടവിന് ശിക്ഷിച്ചു.

അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തെക്കുറിച്ചും ഇറാന്‍ അനുകൂല ഗ്രൂപ്പുകള്‍ സൗദി അറേബ്യയ്ക്ക് ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഉഭയകക്ഷി ബന്ധം കഴിയുന്നത്ര ശക്തവും സുതാര്യവുമാക്കാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്ന് ബൈഡന്‍ സല്‍മാന്‍ രാജാവിനോട് പറഞ്ഞു. ഖഷോഗി കേസില്‍ യുഎസ് കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ പേര് വലിച്ചിഴക്കപ്പെടുമോ എന്നത് പ്രാധാന്യമര്‍ഹിക്കുന്നു. അങ്ങനെയൊരു ഇരു രാജ്യങ്ങളുടെയും പരസ്പര ബന്ധങ്ങളെ താളം തെറ്റിച്ചേക്കാം. എങ്കിലും എംബിഎസ് രാജാവാകുന്നത് തടയാനാകില്ല. ഇത് കണക്കിലെടുത്ത്, വൈറ്റ് ഹൗസ് ഒരു സൂക്ഷ്മമായ പ്രതികരണമാകും സൗദിക്കുമുന്നില്‍ അവതരിപ്പിച്ചിരിക്കുക. ചിലകാര്യങ്ങളില്‍ യുഎസ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് .മറ്റ് മേഖലകളില്‍ റിയാദുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുന്നുമെന്നും വൈറ്റ്ഹൗസ് പറഞ്ഞു.

Maintained By : Studio3